ഡ്രാക്കുളയുടെ നിഴൽ – ശ്രീ കോട്ടയം പുഷ്പനാഥിന്റെ വാക്കുകൾ
July 5, 2020
ഡ്രാക്കുള ഏഷ്യയിൽ – കോട്ടയം പുഷ്പനാഥ്
July 6, 2020

ഡ്രാക്കുളയുടെ അങ്കി – കോട്ടയം പുഷ്പനാഥ്

ഒരു ഉൾകിടിലത്തോടെയേ നിങ്ങൾക്കിത് വായ്ക്കാൻ കഴിയൂ എന്നു പറയുമ്പോൾ ചിലർക്കു അത്ഭുതം തോന്നാം.
പണ്ടൊക്കെ തൊടിയിലും പറമ്പിലും ഇടവഴിയിലും വിജനതയുടെ വീഥികളിലും ഇരുളിന്റെ മറവിലും ഒഴിഞ്ഞ വീടിന്റെ മച്ചിലും പതിയിരിക്കുന്ന ദുരൂഹങ്ങളായ അരൂപികളെ ചിലരൊക്കെ കാണുകയോ അവയുടെ മിത്തുകൾ മറ്റുള്ളവരിൽ നിന്ന് പകർന്നു ലഭിക്കുകയോ ചെയ്യുമായിരുന്നു. ചിലതൊക്കെ നമുക്ക് ഉൾകൊള്ളാൻ കഴിയാത്തതും അവ രാത്രകാലങ്ങളിൽ ഭീകര സ്വപ്നങ്ങളായി നമ്മെ വിഴുങ്ങാറും ഉണ്ടായിരുന്നു. ഇന്ന് ആ കാലഭാവം മാറി എങ്ങും ജനവാസം ആയിരിക്കുന്നു. എന്നിരുന്നാലും ആ കാലഘട്ടത്തിലേക്ക് ഒരു എത്തിനോട്ടം അത് ചിലർക്കെങ്കിലും അസ്വാദ്യകരവും ജിജ്ഞാസാഭരിതവും വിനോദകരവും ആവാം. ഇന്നും ദുരുഹത വിളമ്പുന്ന വിജനമായ എസ്റ്റേറ്റ് ബംഗ്ലാവുകളും ഉപേക്ഷിക്കപ്പെട്ട തെയില ഫാക്ടറികളും ലയങ്ങളും ചോലകളും ഒഴിഞ്ഞ നാട്ടിൻ പുറങ്ങളും നമുക്ക് ചുറ്റും കാണാം. അത്തരം സ്ഥലങ്ങളെ ചുറ്റിപറ്റി നിറം പിടിച്ച പല ഭീകര കഥകളും നമുക്ക് കേൾക്കാൻ കഴിയും. പാരലൽ റോഡ്, ഓവർ ബ്രിഡ്ജ്, തുരങ്കത്തിലെ സുന്ദരി, ഡെവിൾ, സർപ്പക്കാവിൽ പ്രേതം തുടങ്ങിയ നോവലുകളുടെ പശ്ചാത്തലങ്ങൾ ഇതിന് ഉദാഹരണങ്ങൾ ആണ്. വായനശാലകളിൽ നിരന്തര കൈമാറ്റം കൊണ്ട് ഏറ്റവും കൂടുതൽ തേയ്‌മാനം സംഭവിച്ച് നാശം നേരിടുന്ന ജനപ്രിയ പുസ്തകങ്ങളുടെ എഴുത്തു കാരിൽ പ്രമാണി ആയിരുന്നു ശ്രീ കോട്ടയം പുഷ്പനാഥ്. അത്തരം പുസ്തകങ്ങളുടെ ഗണത്തിൽ പെട്ടതാണ് ‘ഡ്രാക്കുളയുടെ അങ്കി’. പ്രേമകഥകളുടെ തരളിതഭാവങ്ങൾക്കും കുടുംബകഥകളുടെ പിരിമുറക്കത്തിനും പുറമേ ഭയത്തിന്റെയും ആണത്തത്തിന്റെയും സാഹസിക ഭാവങ്ങളുടെ വേറിട്ട അനുഭവം വായനക്കാർക്ക് പങ്കുവെച്ച് എഴുത്തുകാരൻ നമുക്ക് നൽകുന്നു.


ഒരു ജെറ്റ് വിമാനം മേഘപാളികൾക്കു മുകളിലൂടെ പറക്കുമ്പോൾ വർഷിക്കുന്ന മേഘപടലങ്ങളുടെ അവശേഷിപ്പു പോലെ ഇത്തരം നോവലുകളുടെ ഭയപ്പെടുത്തുന്ന ഓർമ്മകൾ നമ്മളുടെ രാത്രികളെ കുറെ ദിവസത്തെക്കെങ്കിലും തുടർച്ചയായി വേട്ടയാടാറുണ്ട്.
ആമുഖത്തിന്റെ അവിശ്യമില്ലാത്ത നോവൽ ആണ് ഡ്രാക്കുളയുടെ അങ്കി. കാരണം ഇത് ഒരിക്കൽ വായിച്ചാലും പിന്നീട് കുറെ നാൾ കഴിഞ്ഞ് വീണ്ടും വയ്ക്കാൻ തോന്നും. ഈ ആധുനിക കാലത്ത്പോലും വൈദ്യുതി, ഇന്റർനെറ്റ്‌, മൊബൈൽ, കമ്പ്യൂട്ടർ, എല്ലാം കണ്ണടക്കുമ്പോഴും കണ്ണിന് കാഴ്ചയുണ്ടെങ്കിൽ ഒരു വിനോദോപാധി ആക്കാൻ ഉപകരിക്കുന്നതാണ് വായനാശീലവും ഇഷ്ടപ്പെട്ട പുസ്തകങ്ങളും….
“ആ വൈൻ ഗ്ലാസ്‌ ആന്റണിയുടെ അധരത്തിൽ സ്പർശിച്ചു.
അയാൾ ഒറ്റവലിക്ക് ഗ്ലാസ്‌ കാലിയാക്കി.
അടുത്ത നിമിഷം..!
അതിഭയങ്കരമായ ഇടി വെട്ടി.
ഇടിമിന്നലുകൾ ജനൽകണ്ണാടികളിൽക്കൂടി ഇഴഞ്ഞു കളിച്ചു. കൊട്ടാരം അടിമുടി കുലുങ്ങി. കാർപാത്യൻ മലമുകളിൽ അടിഞ്ഞു കൂടിയ മഴത്തുള്ളികളെ വഹിച്ച മേഘങ്ങൾ കനംതൂങ്ങി അതിഘോരമായ പേമാരിയായി മാറി. കൊട്ടാരത്തിന്റെ ജനലുകൾ കൊടുകാറ്റിൽ വലിഞ്ഞടഞ്ഞു ശബ്ദമുണ്ടാക്കി. കൂപ്പർ ഞെട്ടിവിറച്ചുപോയി. അയാളുടെ മസ്തിഷ്ക്കത്തിലെ കോശങ്ങളെ സ്വാധീനിച്ചിരുന്ന മദ്യത്തിന്റെ ലഹരി ആവിയായി പോയി. അയാൾ ആന്റണിയുടെ മുഖത്തേക്കുനോക്കി. ആ മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകുന്നു. അതിനു മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. ‘ഹയ്യോ രക്ഷിക്കണേ..’ കൂപ്പർ വിളിച്ചുകൂവി. ‘ഒറ്റയടി.’ ആന്റണിയുടെ ഇരുമ്പു മുഷ്ടി അയാളുടെ മുഖത്തു പതിഞ്ഞു. ആന്റണി ‘പ്രഭു’വായി മാറിക്കഴിഞ്ഞിരുന്നു…”


പുരാതന കോട്ടയ്ക്കുള്ളിൽ നടക്കുന്ന ജിജ്ഞാസാഭരമായ സംഭവപരമ്പരകളിലൂടെ മുന്നോട്ടു നീങ്ങുന്ന ഈ നോവൽ ഏതു വായനക്കാരനെയും സംതൃപ്തിപെടുത്തുന്ന ഒന്നാണ്.
പ്രസിദ്ധ ഡിറ്റക്റ്റീവ് ആയ മാർക്സിൻ നടത്തുന്ന അത്ഭുത പരാക്രമങ്ങൾ ഈ നോവലിന്റെ മൂന്നാം അധ്യായം മുതൽ നമുക്ക് ദർശിക്കാൻ കഴിയും.

| Sabu Thomas Nellikalayil |

Leave a Reply

Your email address will not be published. Required fields are marked *

0