ഡ്രാക്കുളയുടെ അങ്കി – കോട്ടയം പുഷ്പനാഥ്
July 5, 2020
കോട്ടയം പുഷ്പനാഥ് അവസാനമായി വനിതയ്ക്ക് നൽകിയ ഇന്റർവ്യൂന്റെ പൂർണ്ണരൂപം
July 18, 2020

ഡ്രാക്കുള ഏഷ്യയിൽ – കോട്ടയം പുഷ്പനാഥ്

കളങ്കളം ചില്ല് ഗ്ലാസ്‌ ചട്ടത്തിൽ ഇട്ടതും തടികൊണ്ട് തന്നെയുള്ള ചാനലിലൂടെ ഇരു വശങ്ങളിലേക്കും ഒന്നിനുമുകളിൽ ഒന്നായി തെന്നിച്ച് നീക്കാവുന്ന പാളികൾ ഉള്ളതും ഏഴടിയോളം നീളവും അതിനു തക്ക ഉയരവും ഏഴു തട്ടും ഉള്ള നല്ല തടിയിൽ തീർത്ത അലമാരയാണ് ഞങ്ങളുടെ വായനശാലയുടെ പ്രധാന ആകർഷണം. ഇതിന്റെ മുകൾ തട്ടിൽ നിറച്ചും ഇംഗ്ലീഷ് ഗ്രന്ഥങ്ങളാണ്. അവയ്ക്ക് ഒരു പ്രത്യേക ഗന്ധമാണ്. പഴയതും പുതിയതുമായ പുസ്തകങ്ങളുടെയും ഉരുപ്പടികളുടെയും കാറ്റും വെളിച്ചവും തട്ടാതെ മിക്കസമയവും ഇരുട്ടിൽ കെട്ടികിടക്കുന്ന വായുവിന്റെ ചൂര് ഇപ്പോഴും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു. അലമാര മറ്റു ജംഗമ വസ്തുക്കളും കാലാകാലങ്ങളിൽ വാർണിഷ് തൂക്കാതെ അതിനെല്ലാം ഇരുണ്ട നിറം കൈവന്നിരിന്നു. മറ്റു രണ്ടു അലമാരകളിൽ ഒന്ന് ഇരുവശവും തുറക്കാവുന്ന ഗ്ലാസ്‌ അലമാരയാണ്. പിന്നെ ഒരു ഡ്രോ മേശയും കുറെ കസേരകളും. അടുത്ത മുറിയിൽ ഒരു വട്ട മേശയും തടികസേരകളും ഒരു ബഞ്ചും പിന്നെ പുറത്തേക്കുള്ള വാതിലും ജനാലകളും. അവിടെയും വരാന്തയിലും ആയി ചെസും ഡ്രോട്സും കാരംസും ചീട്ടും എല്ലാം മാറി മാറി കളിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഒരു കാലത്ത് കണ്ടിരുന്നു. തടി തൂണുകളിൽ സാമാന്യം നീണ്ട വരാന്തയും മനോഹരമായി തടി കൊണ്ട് സീൽ ചെയ്ത മേൽക്കൂരയും ഞങ്ങളുടെ വായനശാലയെ പഴമയുടെ പ്രതാപം എടുത്തുകാട്ടുന്നു. ചെറു പ്രായത്തിൽ എനിക്ക് ലൈബ്രറിയിൽ നിന്നു ബാലസാഹിത്യങ്ങളെ തന്നിരുന്നുള്ളു. എന്നെ അറിയാവുന്ന എന്റെ വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളും ഒരു ഗാന്ധിയനും ഖദർ ധാരിയുമായിരുന്നു ലൈബ്രെറിയൻ. അതിനാൽ മരണ ഗോളവും അജ്ഞാതന്റെ താക്കോലും കന്യകകളുടെ മരണവും തുരങ്കത്തിലെ സുന്ദരിയും ഡ്രാക്കുളയുടെ അങ്കിയും ഒക്കെ കണ്ടു നിർവൃതി അടയാനെ കഴിഞ്ഞുള്ളു. ഒടുവിൽ ലഭ്യമായ പുസ്തകങ്ങളിൽ താല്പര്യം കുറഞ്ഞ് ലൈബ്രറി യാത്ര നിർത്തുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കു ശേഷം അറിയാൻ കഴിഞ്ഞു ഇദ്ദേഹം രാജിവയ്ക്കുകയും കുറെ നാൾ വായനശാല അടഞ്ഞു കിടന്ന ശേഷം പുതിയ ഭാരവാഹികൾ ഭരണം ഏറ്റെടുത്തു പ്രവർത്തനം ആരംഭിച്ചു എന്നും മറ്റും. പുതിയ ലൈബ്രറിയൻ K P എന്ന പേരിൽ അറിയപ്പെടുന്ന ചെറുപ്പക്കാരനും സ്ഥലത്തെ ദിവ്യനും ആയിരുന്നു. തുടർന്ന് വീണ്ടും മെമ്പർഷിപ്പ് എടുക്കുകയും ജനപ്രിയ എഴുത്തുകാരുടെ പുസ്തകങ്ങൾ ആദ്യമായി വലിയ രീതിയിൽ വായിച്ചു തുടങ്ങുകയും ചെയ്തു. ആ സമയത്തു ഗ്രാൻഡ് കിട്ടിയപ്പോൾ സെക്രട്ടറിയും മറ്റും വാങ്ങി കൂട്ടിയതിൽ കോട്ടയം പുഷ്പനാഥിന്റെ ഇരുപത്തഞ്ചോളം പുതിയ പുസ്തകങ്ങൾ ഉണ്ടായിരുന്നു.

അന്ന് ആദ്യമായി ആണ് ഡ്രാക്കുള ഏഷ്യയിൽ കാണുന്നതും വായിക്കുന്നതും ഡ്രാക്കുളയുടെ ചുവന്ന കണ്ണുകളും കൂർത്ത ദൃംഷ്ട്ടങ്ങളും സുന്ദരിയായ യുവതിയുടെ ചിത്രവും അടങ്ങിയ മുഖചിത്രം തന്നെ ഭയത്തിന്റെ വിത്തുകൾ പാകാൻ പോരുന്നവയായിരുന്നു. കേരളത്തിൽ ജനിച്ച ഡോക്ടർ മാത്യൂസും ഡോക്ടർ ഫ്രാൻസിസും അവരുടെ ചരിത്ര ഗവേഷണത്തിന് കണ്ടെത്തിയ ഭൂവിഭാഗം മംഗോളിയ ആയിരുന്നു. രണ്ടായിരം അടി ഉയരമുള്ള മംഗോളിയൻ പീഠഭൂമിയിലും അതിനു താഴെയുള്ള സമതലങ്ങളും ആണ് അവർ തെരഞ്ഞെടുത്തത്. അവിടെ തുടങ്ങുന്ന അസാധാരണവും പേടിപെടുത്തുന്നതുമായ സംഭവങ്ങളും അതെ തുടർന്ന് അവർക്കു ലഭിക്കുന്ന പേടകവുമായി അവർ കേരളത്തിലേക്ക് തിരിക്കുന്നു. കേരളത്തിന്റെ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത ശിഖിരമായ ആനമുടിയിൽ തകർന്നു വീഴുന്ന ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ ജീവനോടെ രക്ഷപ്പെട്ടവർ ഇവർ രണ്ടുപേർ മാത്രമായിരുന്നു. കാരണം മംഗോളിയയിൽ നിന്നു ലഭിച്ച പേടകം ഡ്രാക്കുള പ്രഭുവിന്റെ ഭൗതിക അവശിഷ്ടം ആയിരുന്നു. അത് ഇവരുടെ വശം സുരക്ഷിതമായിരിയിക്കേണ്ട ആവിശ്യം പ്രഭുവിന്റെ മാത്രം ആയിരിന്നു. പിന്നീട് ആ ഭാഗത്തുള്ള എസ്റ്റേറ്റുകളെ ചുറ്റിപറ്റി നോവൽ പുരോഗമിക്കുന്നു. ഈ നോവലിന്റെ തുടക്കം തന്നെ ഭയത്തിന്റെ വേലിയേറ്റത്തോടുകൂടിയാണ് അത് അവസാനിക്കണം എങ്കിൽ പുസ്തകം വായിച്ചു തീരണം. കോട്ടയം പുഷ്പനാഥ് എന്ന ദുരൂഹതനിറഞ്ഞ എഴുത്തുകാരനോട് ഭീതിയിൽ പൊതിഞ്ഞ ആരാധന തോന്നിയ പുസ്തകം ആയിരുന്നു ഡ്രാക്കുള ഏഷ്യയിൽ. ഒട്ടും അസ്വാഭികത തോന്നാതെ കൺമുൻപിൽ നടക്കുന്ന സംഭവങ്ങൾ പോലെ ശ്രീ കോട്ടയം പുഷ്പനാഥ് തന്റെ തനതായ ഭാഷയിൽ രക്തദാഹികളായ ചെകുത്താൻമാരുടെ മറ്റൊരു ലോകത്തേക്ക് നമ്മെ നയിക്കുന്നു. അതുപോലെ തന്നെ ലോകപ്രസിദ്ധനായ ഡിറ്റക്റ്റീവ് മാർക്സിൻ കേരളത്തിൽ ആദ്യമായി വരുന്നതും ഈ നോവലിലൂടെ ആണ്. മലയാള സാഹിത്യചരിത്രം ഇക്കാലത്തു ആരു രചിച്ചാലും ശ്രീ കോട്ടയം പുഷ്പനാഥിനെ പറ്റി ഒരു അധ്യായത്തിലെങ്കിലും രണ്ടു വാക്ക് കുറിച്ചില്ല എന്നുണ്ടെങ്കിൽ അത് തിരകളില്ലെന്ന് കടലിനെ വിവക്ഷിക്കുന്നതിനു സമാനമായിരിക്കും.

 

| Sabu Thomas Nellikalayil |

Leave a Reply

Your email address will not be published. Required fields are marked *

0