കോട്ടയം പുഷ്പനാഥ് അവസാനമായി വനിതയ്ക്ക് നൽകിയ ഇന്റർവ്യൂന്റെ പൂർണ്ണരൂപം
July 18, 2020
Fast Track Manorama Channel
July 21, 2020

വായനക്കാരുടെ രാത്രികളെ ഭീതിപിടിപ്പിച്ച നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ എഴുത്തുകോട്ടയിൽ…

വായനക്കാരുടെ രാത്രികളെ ഭീതിപിടിപ്പിച്ച നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ എഴുത്തുകോട്ടയിൽ...

 

 

ഴിയരികിൽ എവിടെയോ നിന്ന് പാലപ്പൂവിന്റെ മണം. ഒരു ചിലങ്ക കിലുങ്ങിയെന്നു തോന്നുന്നു. കുത്തനെയുള്ള ആ ഒറ്റയടിപ്പാതയ്ക്ക് ഇരുവശവും ഭീതിപ്പെടുത്തുന്ന പൊന്തക്കാടുകൾ. യക്ഷികളും കിന്നരന്മാരും രക്തരക്ഷസ്സുകളും ഇറങ്ങിവരുന്ന സമയമാണ്. കൊടും വളവിലെ പൊന്തക്കാട്ടിൽ രണ്ട് ചുവന്ന കണ്ണുകൾ തുറിച്ചുനോക്കുന്നു.

കോട്ടയം പുഷ്പനാഥിന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇതൊക്കെ കാണുമായിരിക്കും. ചുവന്നനീരാളിയെയും നിഴലില്ലാത്ത മനുഷ്യരെയും കെട്ടഴിച്ചുവിട്ട കഥാകാരനല്ലേ. കോട്ടയം നഗരത്തിൽനിന്ന് ഇത്തിരി മാറി മള്ളൂശ്ശേരിയിലെ കുന്നിൻമുകളിലുള്ള എഴുത്തുകോട്ടയിലേക്കാണ് യാത്ര.

ലോകപ്രശസ്തനായ ഡിറ്റക്ടീവ് നോവലിസ്റ്റ് സർ ആർതർ കോനൻഡോയലിനെപ്പോലെ ഒരു കപ്പടാ മീശക്കാരൻ, അതോ ഷെർലക്ക് ഹോംസിനെപ്പോലെ ഒരു പൈപ്പ് വലിക്കാരനോ. ഏയ്…മമ്മൂട്ടിയുടെ സേതുരാമയ്യർ സിബിഐയെപ്പോലെ കൈ രണ്ടും പിന്നിൽ കെട്ടി നടന്നുവരുന്നൊരു ഗൗരവക്കാരനായാലോ… പുഷ്പനാഥിനെക്കുറിച്ച് ചിത്രങ്ങൾ പലതവണ മാറ്റി വരച്ചുനോക്കി ഭയം മറച്ചു. മുന്നിൽ ചുവന്ന ചായമടിച്ച ഒരു ഗേറ്റ്. ‘പുഷ്പനാഥ് ഹൗസ് ‘. അതിന്റെ കൂറ്റൻ ഗേറ്റുകൾ മലർക്കെ തുറക്കപ്പെട്ടു. ഒരു മിന്നായംപോലെ കഥാനായകൻ വന്നു. ആറടി ഉയരത്തിൽ മുഖത്തേക്ക് വീണുകിടക്കുന്ന ചപ്രാച്ചിമുടി ഒന്നുതടവി അദ്ദേഹം. ഖദറിന്റെ ഷർട്ടും ലുങ്കിയും ധരിച്ച ഒരു നാട്ടുമ്പുറത്തുകാരൻ. ഒറ്റനിമിഷംകൊണ്ട് മനസ്സിൽ വരച്ച ചിത്രങ്ങളെല്ലാം തവിടുപൊടി.

“ഓ എന്നാപറയാനാ, നിർത്താത്ത മഴതന്നെ. ..” തനി കോട്ടയത്തുകാരന്റെ ഇമ്പമുള്ള വായ്ത്താരികൾ. പാലക്കൊമ്പിലെ യക്ഷികളുടെയും ചുവന്ന കൈകളുടെയും കഥകൾ പറഞ്ഞ് എന്റെ രാത്രികൾക്ക് തീപിടിപ്പിച്ച മനുഷ്യൻ. ഇതാ ഒന്നുമറിയാത്ത പോലെ നിന്നു ചിരിക്കുന്നു. ‘എനിക്ക് മദ്യപാനവും പുകവലിയുമൊന്നുമില്ല. ചെറുപ്പത്തിൽ ഒന്നുരണ്ട് വട്ടം ബീഡി വലിച്ചുനോക്കിയിട്ടുണ്ട്. പിന്നെ അതും നിർത്തി. എഴുത്തുമാത്രമാണ് ജീവിതത്തിലുള്ള ഏക ആസക്തി’ വീടിന്റെ പിന്നാമ്പുറത്തെ എഴുത്തുമുറിയിലേക്ക് ക്ഷണിക്കുമ്പോൾ പുഷ്പനാഥിന്റെ ആത്മഗതം.

എഴുത്തുമുറിയുടെ വാതിൽ വലിയ ശബ്ദത്തോടെ തുറക്കപ്പെട്ടു. അൽപം പഴകിയ വിജാഗിരിയാണ്. ഉള്ളിലെ കയറ്റുകട്ടിലിൽ പഴയൊരു പുൽപായ, പൊടി പിടിച്ച തലയണ. കുടുസ്സുമുറിയുടെ അറ്റത്തെ വലിയ മേശയിൽ പഴയ ചെകുത്താൻ(ഖൈത്താൻ) ഫാനിന്റെ ആദിമ രൂപങ്ങളിലൊന്ന്. പാനസോണിക്കിന്റെ പഴയ ടേപ്പ്റിക്കാർഡർ. അത് ഒടുവിൽ പാടിയിട്ട് പത്തിരുപത് കൊല്ലമായിട്ടുണ്ടാവും. ഒരു ചെറിയ ഭരണിനിറയെ പേനകൾ. അരികിലുള്ള റാക്കിൽ പത്തുമുന്നൂറ് നോവലുകൾ. എല്ലാം കഥാകാരന്റെ സംഭാവനകൾ. ഈ മുറിയിൽനിന്നാണ് എഴുപതുകളിലും എൺപതുകളിലും വായനക്കാരുടെ രാത്രികളെ ഭീതിതമാക്കാൻ രക്തരക്ഷസ്സുകൾ ഇറങ്ങിയത്.

“ഡ്രാക്കുള എഴുതിക്കൊണ്ടിരിക്കുന്ന കാലത്ത് തനിയെ ഒരു മുറിയിലൊക്കെ കിടക്കുമ്പോൾ എനിക്ക് പേടി തോന്നിയിട്ടുണ്ട്. ഒറ്റയ്ക്കൊക്കെ രാത്രി നടന്നുപോവുമ്പോൾ ഒരു ഇലയനക്കം കേട്ടാൽ മതി. നിഴലുപോലെ ഒരാൾ നടന്നുപോവുന്നത് കണ്ടാൽ ആരായാലും പേടിച്ചുപോവില്ലേ. ഞാൻ രാത്രി എട്ടുമണിയാവുമ്പോൾ കഞ്ഞിയും കുടിച്ച് മൂടിപ്പുതച്ച് കിടക്കും. പിന്നെ രാവിലെയേ എഴുന്നേൽക്കത്തുള്ളൂ.'”

ഡ്രാക്കുളയുടെ മകൾ, ഡ്രാക്കുളയുടെ അങ്കി, ഡ്രാക്കുളക്കോട്ട…നോവലുകളിൽ അധികവും ഡ്രാക്കുളമയം. എന്താണ് ഡ്രാക്കുളയോട് ഇത്ര പ്രേമം?

അതിന് വായനക്കാർ ഒരുപാടുണ്ട്. അല്ലാതെ എന്റെ താത്പര്യം കൊണ്ട് മാത്രം എഴുതിയതല്ല. അത് എഴുതണമെങ്കിൽ ആ പ്രദേശങ്ങളെക്കുറിച്ച് കുറച്ച് കാര്യങ്ങളൊക്കെ പഠിച്ചെങ്കിലേ പറ്റത്തുള്ളൂ. ഡ്രാക്കുള ജീവിച്ചിരുന്ന കാർപാത്യൻ മലനിരകൾ. ഞാനത് കണ്ടിട്ടുപോലുമില്ല. ഇന്നാളെന്നെ ഒരു വീക്കിലിയിൽനിന്ന് വിളിച്ചു. അവിടെപ്പോയി എല്ലാം കണ്ട് ഫോട്ടോയൊക്കെ എടുത്ത് കൊണ്ടുവരാനായിട്ട്. കാർപാത്യൻ മലകൾ എന്നുപറഞ്ഞാൽ മഞ്ഞ് വാരിയിട്ടിരിക്കുന്നതുപോലെയുള്ള സ്ഥലമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ അവിടെ പോവാൻ എന്നെക്കൊണ്ട് പറ്റത്തില്ല. പ്രായം ഇത്രയൊക്കെയായില്ലേ. ഞാൻ ആ വീക്കിലിക്കാരോട് പറഞ്ഞു, ഒരു പത്തുവർഷം മുമ്പായിരുന്നെങ്കിൽ പോവാമായിരുന്നെന്ന്.

പിന്നെ എന്തിനാണിങ്ങനെ എഴുതി ആളുകളെ പേടിപ്പിച്ചത്?

ഓ, അതൊരു നേരംപോക്ക്. ഡ്രാക്കുള പരിഭാഷപ്പെടുത്തുമ്പോൾ എനിക്കൊപ്പം വേറൊരു പുള്ളി കൂടിയുണ്ടായിരുന്നു. ഇവിടെ ഈ മുറിയിലിരുന്നാണ് ട്രാൻസലേറ്റ് ചെയ്തത്. ഞാൻ ഇംഗ്ലീഷ് വായിച്ചിട്ട് മലയാളത്തിലാക്കി പറഞ്ഞുകൊടുക്കും. പുള്ളിയത് പകർത്തും. ആറുമണിയാവുമ്പോഴേക്ക് പുള്ളി പേടിച്ച് സ്ഥലം വിട്ടുകളയും. പിന്നെ രാവിലെയേ വരത്തുള്ളൂ. അത് എഴുതുമ്പോൾ രാത്രി ഈ മുറിയിൽ ഒറ്റയ്ക്ക് കിടക്കുകയെന്നു പറഞ്ഞാൽ ഓട്ടോമാറ്റിക്കായിട്ട് ഒരു പേടി വരും.

എഴുത്തിന്റെ അസുഖം തുടങ്ങുന്നത് എപ്പോഴാണ്?

ഞാനൊരു പന്ത്രണ്ട് വയസ്സുമുതൽ കഥ എഴുതുന്നുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ മാഗസിനിലാണ് ആദ്യ കഥ വന്നത്. തിരമാലയെന്നായിരുന്നു പേര്. കടപ്പുറത്തെ ജീവിതവുമായി ബന്ധപ്പെട്ടൊരു കഥ. എന്നതാണെന്ന് കൃത്യമായി ഓർമയില്ല. അതുകഴിഞ്ഞ് പത്തിലൊക്കെ വരുമ്പോൾ നമ്മൾ എല്ലാവരും അറിയുന്നപോലെ മാസികകളിലൊക്കെ എഴുതാൻ തുടങ്ങി. പിന്നെ അധ്യാപകനായ ശേഷം എഴുത്തോട് എഴുത്തായിരുന്നു.
 
ചെറുപ്പത്തിൽ ഫ്രഞ്ച് നോവലുകളൊക്കെ ഇടതടവില്ലാതെ വായിച്ചു. പിന്നെ ആർതർ കോനൻ ഡോയലിന്റെ നോവലുകൾ. ആ വായനയിലാണ് ഡിറ്റക്ടീവ് നോവലിനോട് താത്പര്യം വരുന്നത്. ഡിറ്റക്ടീവ് നോവലെന്നുപറയുമ്പോൾ അവസാനത്തെ അധ്യായത്തിന്റെ ഒരു മുക്കാൽ ഭാഗം ചെന്നുകഴിയുമ്പോഴേ ആരാണ് കുറ്റവാളിയെന്ന് പിടികിട്ടുകയുള്ളൂ. ഹൗണ്ട് ഓഫ് ദ ബാസ്കർവിൽസിൽത്തന്നെ കൊല്ലുന്ന രംഗം അവസാനമല്ലേ വായിക്കുന്നവർക്ക് പിടികിട്ടൂ. നമ്മൾ എഴുതുമ്പോഴും വായനക്കാർക്ക് ഒരുപിടിയും കൊടുക്കാതെ എഴുതിപ്പോവണം. ഇടയ്ക്കൊരു അബദ്ധം പറ്റിപ്പോയാൽ തീർന്നു കഥ.
 
പിന്നെ എഴുത്തൊരു ഭ്രാന്താവുകയായിരുന്നോ?
 
അമ്മയാണ് പുസ്തകങ്ങളൊക്കെ കൊണ്ടുവന്ന് തന്നത്. അന്ന് വീട്ടിലൊരുപാട് വീക്കിലികൾ വരും. മാതൃഭൂമി, മനോരമ, ദേശബന്ധു ഒക്കെ കറക്ട് സമയത്ത് അമ്മ മേടിച്ചോണ്ടുവരും. അതിന്റെ അറ്റം ചുളുങ്ങുന്നത് പോലും അമ്മയ്ക്കിഷ്ടമല്ല. അപ്പോഴാണ് എനിക്കും വായനയോട് ശകലം താത്പര്യം വന്നത്.
രാത്രി അമ്മ കാവലിരുന്ന് വായിപ്പിക്കും. ഒരു ഓണക്കാലത്ത് അമ്മ മരിച്ചുപോയില്ലേ. പിന്നെ ഞാൻ കുറെ ബുദ്ധിമുട്ടൊക്കെ അനുഭവിച്ചു. അയൽപക്കത്തുനിന്നാണ് ആഹാരമൊക്കെ കഴിക്കുന്നത്. എനിക്കൊരു സഹോദരിയേയുള്ളൂ. എന്നേക്കാൾ ആറുപിള്ളേരുടെ മൂത്തതാണ് പെങ്ങൾ. ഇടയിലുള്ളവരെല്ലാം നേരത്തെ മരിച്ചു. പെങ്ങളെ കെട്ടിച്ചുംപോയി. ഞാൻ ഒറ്റയ്ക്കായപോലെയായി. അപ്പോൾ പിന്നെ നമുക്കൊരു ഉദ്യോഗം കിട്ടുക എന്നുള്ള ലക്ഷ്യം മാത്രമായി. ആ ആഗ്രഹത്തിനുപുറത്ത് പഠിത്തമേ ശരണം എന്നങ്ങ് വെയ്ക്കുകയായിരുന്നു. പെട്ടെന്ന് ജോലി കിട്ടാനാണ് ടി.ടി.സി.ക്ക് പോയത്. അന്ന് ഒരു വർഷമേയുള്ളൂ ടി.ടി.സി. അത് പാസായിക്കഴിഞ്ഞ് എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്താൽ രണ്ടാഴ്ചയ്ക്കകം ജോലിയാണ്. എനിക്ക് പത്തൊമ്പതാം വയസ്സിൽ ജോലി കിട്ടി.
 
എഴുതിയെഴുതി പേന പോലും താഴെ വെക്കാനാവാത്ത കാലമുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്…

എൺപതുകളിലാണ്. അന്ന് ഒമ്പത് വീക്കിലികൾ കോട്ടയത്തുതന്നെയുണ്ട്. എല്ലാവർക്കും നോവൽ വേണം. അന്നൊക്കെ വിശ്രമിക്കാനുള്ള സമയം പോലും കിട്ടിയിട്ടില്ല. രാത്രി രണ്ടുമണി വരെയൊക്കെ ഇരുന്ന് എഴുത്തായിരുന്നു. മലയാളത്തിൽ നേരത്തെ വന്ന ഡിറ്റക്ടീവ് നോവലുകളൊക്കെ പരിഭാഷകളായിരുന്നു. ഞാനാണ് ആദ്യം ചുവന്ന മനുഷ്യൻ എന്നൊരു സാധനം എഴുതിയത്. കുരങ്ങന്റെ ബ്രെയിൻ മനുഷ്യനിലേക്ക് ട്രാൻസ്പ്ലാന്റ് ചെയ്യുന്ന കഥയാണ്. അങ്ങനെ ഒരു ഐഡിയ തോന്നിയപ്പോൾ പെട്ടെന്നങ്ങ് എഴുതിയതാണ്. അതിന് ഭയങ്കര പ്രതികരണമായിരുന്നു. അവിടുന്നല്ലേ ഡിറ്റക്ടീവ് നോവലുകളിലേക്ക് നമ്മൾ പോവുന്നത്.
പതിനൊന്ന് വീക്കീലികളിലൊക്കെ ഒരേസമയത്ത് എഴുതുകയെന്നുപറഞ്ഞാൽ നമ്മൾ ഓരോ അധ്യായങ്ങൾ കൊടുത്തുകൊണ്ട് ഇരിക്കണമല്ലോ. അന്നൊക്കെ വീട്ടിലിരിക്കുന്നവരാണല്ലോ കൂടുതലും വീക്കിലികൾ വായിക്കുന്നത്. ക്യൂ നിന്നൊക്കെ വീക്കിലി മേടിക്കും. അടുത്ത ഭാഗം എന്തെന്നറിയാൻ ആളുകൾ കാത്തിരുന്നിട്ടുണ്ട്. ചിലരൊക്കെ നേരിട്ട് ചോദിക്കാൻ വരും. അവരോട് അങ്ങനെ നമ്മൾ പറയത്തൊന്നുമില്ല. പിന്നെ അടുത്തത് എന്താവുമെന്ന് നമുക്കും അറിയാനൊക്കത്തില്ലല്ലോ. കാരണം നാലഞ്ച് അധ്യായങ്ങൾ നമ്മൾ അഡ്വാൻസ് കൊടുക്കില്ലേ. അപ്പോൾ ആദ്യത്തെ അധ്യായത്തിന്റെ അവസാനമൊക്കെ എവിടെ ഓർക്കാനാ. വേറെ വാരികയ്ക്കുവേണ്ടി നോവലെഴുതിക്കൊണ്ടിരിക്കുകയല്ലേ. പിന്നെ, ടി.വി. വന്നതോടെ വായന കുറഞ്ഞു. മനുഷ്യന് വിഷ്വലൈസ് ചെയ്യുന്നതിനോടായി കൂടുതൽ താത്പര്യം.
 
പതിനൊന്ന് നോവലുകളൊക്കെ ഒരുമിച്ചെഴുതുമ്പോൾ കഥയൊക്കെ പരസ്പരം മാറിപ്പോവില്ലേ?

അതിന് നമ്മൾ ബാലൻസ് കുറിച്ചുവെച്ചേക്കും. അടുത്ത അധ്യായം തുടങ്ങാനായിട്ട്. പിന്നെ ആവശ്യം വരുമ്പോൾ വീണ്ടും എഴുതിത്തുടങ്ങും. ആദ്യം ഒരു ഐഡിയ മാത്രമേ മനസ്സിൽ വരികയുള്ളൂ. പിന്നെയെല്ലാം എഴുതിത്തുടങ്ങുമ്പോൾ താനെ വരികയാണ്. അത് നോവലെഴുതുമ്പോഴും അങ്ങനെത്തന്നെ. എഴുതുമ്പോൾ തലേൽ കൂടെ വന്ന് ഇങ്ങനെ കൈയേൽകൂടി അങ്ങ് പോവുകയാണ്. അല്ലാതെ ആലോചിച്ചെഴുതുന്ന പരിപാടിയൊന്നുമില്ല. ഇപ്പോൾ ഒരു കഥയെഴുതാൻ നമ്മളാദ്യം ചെയ്യുക ഒരു പേര് കണ്ടുപിടിക്കുകയാണ്. അത് കിട്ടിയാലേ എഴുതാനൊക്കത്തുള്ളൂ. ഇപ്പോൾ ദേവപ്രിയ എന്നൊരു പേരുകിട്ടി. പിന്നെ ഞാൻ എഴുത്ത് തുടങ്ങുകയായി.
 
എഴുതിക്കൊണ്ടിരിക്കുന്ന പുതിയ നോവലിലെ ഒരു അധ്യായം പുഷ്പനാഥ് വായിച്ചുതന്നു.

“അയാൾ കാവിന്റെ പടിയിറങ്ങി പുറത്തേക്ക് വരികയാണ്. അപ്പോഴാണ് പിന്നിൽനിന്നും ഒരു വിളി ഉയർന്നത്. ഒരു സ്ത്രീശബ്ദമാണ്. ചന്ദ്രസേനാ, ചന്ദ്രസേനാ…രണ്ടുതവണ വിളിച്ചു. സംശയത്തോടെ വിശ്വനാഥൻ നമ്പൂതിരി തിരിഞ്ഞുനോക്കി…..”
 
മാന്ത്രികക്കളങ്ങളും ചുടലപ്പറമ്പുകളും നാഗങ്ങളുമെല്ലാം ചേർന്ന് ഇനിയൊരു കലക്കുകലക്കും. വായനക്കാരുടെ സിരകളിൽ ആകാംക്ഷ തുടിച്ചുയരും. എന്തൊക്കെയാവും നോവലിസ്റ്റ് വായനക്കാർക്ക് വേണ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ആ ആകാംക്ഷ വായനക്കാർക്ക് വിട്ടുതരുന്നു.
ഞാൻ ചോദ്യവധം തുടർന്നു.

എഴുത്തുകാർക്ക് പ്രചോദനം വരുന്നത് പല വഴിയിലാണ്. എം.ടിയൊക്കെ ബീഡി വലിക്കുമായിരുന്നത്രേ?

അവരൊക്കെ വലിക്കും, നമുക്ക് അതൊന്നുമില്ല. ഞാൻ അധ്യാപകനല്ലേ, വെള്ളമടിച്ചുകൊണ്ട് സ്കൂളിൽ പോവാൻ പറ്റുമോ. നമ്മള് ബീഡിയും സിഗരറ്റും വലിച്ചു ചെല്ലുന്നയാളാണെങ്കിൽ ഒരു കുട്ടി അത് വലിച്ചാൽ നമുക്കവനെ വഴക്ക് പറയാൻ ഒക്കത്തില്ലല്ലോ. പിന്നെ ഞാനിപ്പോൾ മദ്യഷാപ്പിൽ കയറിയാലും അവരെനിക്ക് ചായയേ കൊണ്ടത്തരൂ. ഞാൻ കുടിക്കില്ലെന്ന് അവർക്കൊക്കെ അറിയാം. കുടിക്കാത്തതുകൊണ്ട് ഒരു ഗുണമുണ്ടായി. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് വരികേല.
 
മറ്റ് എഴുത്തുകാരെയൊക്കെ കാണാനും സൗഹൃദം സ്ഥാപിക്കാനുമൊക്കെ പറ്റിയോ?

ഞാൻ എം.ടിയുടെ വലിയ ആരാധകനാണ്. ഇന്നാള് ഞാൻ പുള്ളിയെ കോട്ടയത്ത് വെച്ച് കണ്ടല്ലോ. അവിടെ ഒരു മീറ്റിങ്ങിനു വന്നതാണ്. കണ്ടപ്പോൾ ഒന്ന് ചിരിച്ചു. തകഴിച്ചേട്ടനുള്ള കാലത്ത് ഡി.സി. ബുക്സിൽ വരുമ്പോൾ ഞങ്ങൾ തമ്മിൽ സംസാരിച്ച് ഇരിക്കുമായിരുന്നു. എസ്.കെ. പൊറ്റെക്കാടിനും എന്നെ വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ ഞാൻ കോഴിക്കോട് എൻ.ബി.എസിൽ കയറിയപ്പോൾ പുള്ളി അവിടെയുണ്ട്. എന്നെ കണ്ടപാടെ ഓടിവന്ന് കെട്ടിപ്പിടിച്ചു. പുള്ളിയുടെ യാത്രാവിവരണങ്ങളൊക്കെ ഭയങ്കര സംഗതികളല്ലേ. അതൊക്കെ വായിച്ചല്ലേ പല നോവലിലേക്കുംവേണ്ട സ്ഥലവിവരങ്ങളൊക്കെ ഞാൻ പഠിച്ചത്. മുട്ടത്തുവർക്കിയുമായിട്ട് എനിക്ക് എത്രയോ കാലത്തെ പരിചയമാണ്. ആദ്യകാലത്ത് പുള്ളിയും ഞാനും ഒരുമിച്ചെഴുതിക്കൊണ്ടിരുന്നതല്ലേ.
പിന്നെ കമലാ സുരയ്യയുടെ കഥകളെല്ലാം വായിച്ചിട്ടുണ്ട്. ‘പക്ഷിയുടെ മണ’ത്തെക്കുറിച്ച് ഞാൻ ഒരു മാസികയിൽ എഴുതിയപ്പോൾ അവര് വീട്ടിലേക്ക് വിളിച്ചായിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്നില്ല. വന്നപ്പോൾ വീട്ടുകാരി പറഞ്ഞു, ‘നിങ്ങളെ ഏതോ മാധവിക്കുട്ടിയെങ്ങാൻ വിളിച്ചായിരുന്നെന്ന് “.
 
എഴുതാനുള്ള യാത്രകൾ, ചുറ്റുമുള്ള ജീവിതം അറിയാൻവേണ്ടി. അങ്ങനെയൊക്കെയുണ്ടോ?
ഞാൻ ഡൽഹിയിലൊക്കെ പലവട്ടം പോയി താമസിച്ചിട്ടുണ്ട്. കൂടുതലും എന്നെ വാരികക്കാർ പറഞ്ഞു വിട്ടതാണ്. അവർ പൈസ തന്നേച്ച് പോയി ഇവിടെയൊക്കെ ഒന്ന് കണ്ടിട്ട് വരാൻ പറയും. ചിലപ്പോൾ നമ്മൾ ദൂരമൊക്കെ എഴുതുമ്പോൾ തെറ്റിപ്പോവുമല്ലോ. അതൊഴിവാക്കാനാ
ണ്. പണ്ടൊരിക്കൽ ജനയുഗത്തിൽ ഒരു നോവലെഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അതിനകത്ത് എന്തോ ഒരു മിസ്റ്റേക്ക് വന്നു. അന്ന് കാമ്പിശ്ശേരി സാറാണ് എഡിറ്റർ. പുള്ളിയാണ് പറഞ്ഞുവിട്ടത് ഡൽഹിയിൽ. മുംബൈയിലും മൊത്തം നടന്നുകണ്ടിട്ടുണ്ട് ഞാൻ.
 
കഥകളിലൂടെ ഇത്രയും കേസ് അന്വേഷിച്ചയാൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഡിറ്റക്ടീവ് ആവണമെന്ന് തോന്നിയിട്ടില്ലേ?

ഓ, അങ്ങനെ ഒന്നുമില്ല. പോലീസ് ഓഫീസേഴ്സിനൊക്കെ എന്നെ വലിയ കാര്യമാണ്. ഞാൻ എഴുതുന്നതൊക്കെ വായിക്കുമല്ലോ. അന്നിവിടെ സി.ടി. ആന്റണി സാറൊക്കെ എസ്.പി. ആയ കാലത്ത് ഞാൻ സ്ഥിരമായിട്ട് കാണും. കേസുകളെ സംബന്ധിച്ചുള്ള സംശയങ്ങളാണ് സംസാരിക്കുക. നമ്മൾ കഥയെഴുതി പോവുമ്പോൾ ചില അന്വേഷണങ്ങളൊക്കെ നടക്കുന്ന സമയത്ത് അവരുടെ സജഷനൊക്കെ വേണ്ടി വരും. അതേപോലെ പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടേഴ്സുമായും കമ്പനിയുണ്ട്. അതുപോലെ അഡ്വക്കേറ്റുമാരുമായും സംസാരിക്കും. നിയമവശങ്ങളെല്ലാം നോവലിനകത്തു വരണ്ടേ.

സാഹിത്യ അക്കാദമികളും സംഘടനകളുമൊക്കെ എഴുത്തുകാർക്ക് അംഗീകാരം കൊടുക്കാറുണ്ട്.

ഡിറ്റക്ടീവ് നോവലെഴുതിയവർക്ക് അങ്ങനെ അംഗീകാരം കൊടുത്തതായി കേട്ടിട്ടില്ല. പലയിടത്തും ആദരിക്കാനൊക്കെ വിളിക്കാറുണ്ട്. ഇപ്പോൾ പിന്നെ പോകത്തില്ല. തിരുവനന്തപുരം വരെ വണ്ടിയോടിച്ച് പോയാൽ ഒരു ഷാൾ കഴുത്തിലിട്ടുതരും. 4000 രൂപയുടെ പെട്രോളുവേണം അവിടെച്ചെല്ലാൻ. ഓ മിനക്കേടാണെന്നേ. ഇനിയിപ്പോ എന്നാ പേരുണ്ടാക്കാനാ. എനിക്ക് ഒരു ആറരയാവുമ്പോൾ എഴുന്നേൽക്കണം. എട്ടുമണിക്കകത്ത് കാപ്പിയൊക്കെ കുടിക്കണം. അതുകഴിഞ്ഞ് പത്രം വായന. ഞായറാഴ്ച ഉച്ചതിരിഞ്ഞ് കാറുമെടുത്ത് കമ്പനിയായി ഒന്നുകറങ്ങണം. ഇത്രേയുള്ളൂ ആഗ്രഹങ്ങൾ.’
 
കിട്ടിയ ജീവിതത്തിൽ തുടിച്ചു ജീവിക്കുന്ന ഈ മനുഷ്യന് പ്രായമെത്രയായിട്ടുണ്ടാവും. ‘പ്രായം പറയത്തില്ല. അതെന്നാന്നുവെച്ചാൽ, നമ്മൾ പ്രായം ഒന്ന് പള്ളിക്കൂടത്തിൽ പറയണം. ചേർക്കാൻ നേരത്തിന്. പിന്നെ കല്യാണത്തിന്. പെണ്ണിന്റെ പ്രായവുമായി ഒത്തുനോക്കാൻ. ഇതിനിടയ്ക്കിപ്പോൾ ഒരാളുടെ പ്രായം അറിയേണ്ട കാര്യമുണ്ടോ.’ വീണ്ടും ആ വിടർന്ന ചിരി.
‘യക്ഷിക്കുന്നി’ൽനിന്ന് തിരികെയിറങ്ങുമ്പോൾ ഒരു കാടൻപൂച്ച വള്ളിപ്പടർപ്പുകൾക്കിടയിൽനിന്ന് ചാടിവീണു. ചുവന്ന് തിളങ്ങുന്ന കണ്ണുകൾ. രാവിലെ പേടിപ്പിച്ച ആ വടയക്ഷി ഈ കള്ളൻ തന്നെ. സമാധാനം.
 
( 2013ൽ ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത് )

 

Leave a Reply

Your email address will not be published. Required fields are marked *

0