Batten Bose remembers Kottayam Pushpanath
July 23, 2020
അപസർപ്പക എഴുത്തുകളുടെ അമരക്കാരൻ കോട്ടയം പുഷ്പനാഥ്
May 4, 2021

ലോക പ്രസിദ്ധ ഡിറ്റക്റ്റീവായ മാർക്സിൻ ഈ കൊച്ചു കേരളത്തിൽ വരെ വന്നെത്തുന്ന ഭീതിയിൽ ചാലിച്ച ഉദ്വേഗജനകമായ കഥകൾ

റിസ്റ്റ് വാച്ചിൽ ഒളിപ്പിച്ച റേഡിയോ ട്രാൻസ്മിറ്ററും റേഡിയോ തരംഗങ്ങളെ നിർവീര്യവുമാക്കുന്ന റേഡിയോ ക്രിസ്റ്റലും, ഒരേ സമയം ലൈറ്ററായും നീഡിൽ ഗണ്ണായും ട്രാൻസ്മിറ്ററായും ഉപയോഗിക്കാവുന്ന സിഗാർ ലൈറ്ററും, ഏതു കൂരിരുട്ടിലും കാഴ്ച്ച ലഭിക്കുന്ന കണ്ണിൽ ഉറപ്പിക്കാവുന്ന ഇൻഫ്രാറെഡ് ഐ യും ഏത് പൂട്ടും തുറക്കാവുന്ന കമ്പിയും മാഗ്‌നെറ്റും, കത്തി ഒളിപ്പിച്ച അപകടകാരിയായ ഷൂസും ക്ളോറോഫോമും ഹാഫ് എ കൊറോണയും എല്ലാം ഒരു കാലത്ത് മലയാളിയെ അത്ഭുതപ്പെടുത്തിയിരുന്നു. എഴുപതുകളിൽ ഏറ്റവും അപകടകാരികളും ബുദ്ധിമാന്മാരുമായ ഡിറ്റക്റ്റീവുകൾ ശ്രീ കോട്ടയം പുഷ്പനാഥിന്റെ സൃഷ്ടികൾ ആയിരുന്നു. പ്രത്യേകിച്ച് ഡിറ്റക്റ്റീവ് മാർക്സിൻ.
സഞ്ചരിക്കുന്ന ഒരു പരീക്ഷണശാല എന്നുവേണമെങ്കിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാം. എന്നാൽ ഡോക്ടർ ജോൺസണും എലിസബത്തും കൂടി ഒത്തുചേരുമ്പോൾ ഏത് കുറ്റവാളികൾക്കും അദ്ദേഹം ഒരു പേടിസ്വപ്നം ആകുന്നു.
ഡിറ്റക്റ്റീവ് മാർക്സിന് അദ്ദേഹം ആവിശ്യപെടുന്ന ആയുധങ്ങൾ ഒരുക്കാൻ അക്കാലത്തു ആയുധകമ്പിനികൾ മത്സരിക്കാറുണ്ടായിരുന്നു. എങ്കിലും വളരെ പ്രസിദ്ധമായ മൗസേർ(Mauser) ആയുധകമ്പനിയാണ് അദ്ദേഹത്തിനു വേണ്ടി അത്യാധുനിക ആയുധങ്ങൾ നിർമ്മിച്ചു കൊടുത്തിരുന്നത്. ഡിറ്റക്റ്റീവ് മാർക്സിന് ഏറ്റവും പ്രിയപ്പെട്ട ആയുധം പന്ത്രണ്ടു വെടിതീരുന്ന അമേരിക്കൻ റിവാൾവർ ആയിരുന്നു. പിന്നീട് അത് മാറി ഇരുപത്തിനാല് വെടിയുതിർക്കുന്ന അപ്രെമെയമായ പ്രഹര ശേഷിയുള്ള ഒന്നായി അപ്ഡേറ്റ് ചെയ്യുകയായിരുന്നു.
 
1972 ൽ ഡ്രാക്കുള കോട്ട എന്ന നോവലിലൂടെ ശാസ്ത്രിയ കുറ്റാന്വേഷണ നോവലുകളിൽ നിന്ന് ഒരു ചുവടുമാറ്റം അദ്ദേഹം നടത്തി. റുമേനിയയിൽ കാർപാത്യൻ മലനിരകളിൽ ഭീതി പടർത്തിയ ഡ്രാക്കുള പ്രഭുവിന് നമുക്ക് പരിചയപ്പെടുത്തി.
ശ്രീ കോട്ടയം പുഷ്പനാഥിന്റെ ഡ്രാക്കുള സീരീസ് നോവലുകൾക്ക് ഡ്രാക്കുളയെ കൂടുതൽ ഭീതിജനകമായ ഒരു കഥാപാത്രമാക്കാൻ അദ്ദേഹത്തിന്റെ ഭാവനക്ക് കഴിഞ്ഞു എന്നതിൽ തർക്കമില്ല. ഡ്രാക്കുള എന്ന പേരുകേൾക്കുമ്പോൾ കോട്ടയം പുഷ്പനാഥിനെ നമ്മൾ സ്മരിക്കുന്നു. ഇതിനോടകംതന്നെ അദ്ദേഹം വിശ്വവിഖ്യാതമായ ബ്രാംസ്റ്റാക്കറുടെ ഡ്രാക്കുള മലയാളത്തിലേക്ക് ഭാഷാന്തരവും ചെയ്തിരുന്നു. വായനക്കാർ ഉറ്റുനോക്കുന്ന അദ്ദേഹം എഴുതിയ ഡ്രാക്കുള സീരീസിലെ അഞ്ചു നോവലുകൾ ഇപ്പോൾ പ്രകാശനം ചെയ്യാൻ തയ്യാറായികൊണ്ടിരിക്കുന്നു.
ഡ്രാക്കുള സീരീസിൽ നിന്നും ചില ഭാഗങ്ങൾ…
 
ഡിറ്റക്റ്റീവ് മാർക്സിൻ വിജനമായ ആ കൊട്ടാരത്തിന്റെ മുകളിലത്തെ നിലയിലുള്ള ഒരു മുറിയിൽ ഇരുന്ന് ഡയറി എഴുതിക്കൊണ്ടിരിക്കയായിരുന്നു. മദ്ധ്യകാലഘട്ടത്തിന്റെ അവശിഷ്ടങ്ങളിലൊന്നായ ആ കോട്ടയിൽ അന്ന് സന്ധ്യയ്ക്കാണ് അദ്ദേഹം എത്തിച്ചേർന്നത്. അവിടെ നിന്നും വീണ്ടും അൻപതു കിലോമീറ്റർ യാത്ര ചെയ്‌യേണ്ടിയിരുന്നതുകൊണ്ട് രാത്രി ആ കോട്ടയിൽ തങ്ങാമെന്ന് അദ്ദേഹം തീരുമാനിച്ചു. വളരെ കാലമായി ആ കൊട്ടാരം ഒരു സത്രമായി ഉപയോഗിച്ചുവരികയായിരുന്നു. നിശബ്ദത താളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ ഏകനായ് ഡിറ്റക്റ്റീവ് മാർക്സിൻ ഇരുന്നു.
ഡയറി എഴുത്ത് ആവസാനിപ്പിച്ചിട്ട് അദ്ദേഹം പേന അടച്ചു മേശയിൽ വച്ചു. തണുപ്പ് ഏറിയിരുന്നതുകൊണ്ട് അദ്ദേഹം തന്റെ കമ്പിളികോട്ടിന്റെ കുടുക്കുകൾ എല്ലാം ഇട്ടശേഷം കിടക്കയിൽ വീണു. അടുത്ത നിമിഷം.! ആരോ തന്റെ മുറിയുടെ വാതിലിന്റെ അടുത്തുകൂടി നീങ്ങുന്ന ശബ്ദം അദ്ദേഹത്തിന്റെ കർണപുടങ്ങളിൽ പതിഞ്ഞു. സത്രം സൂക്ഷിപ്പുകാരന്റെ വാക്കുകളെ വകവയ്ക്കാതെ മാർക്സിൻ എണീറ്റു തലയണയുടെ അടിയിൽ നിന്നും റിവോൾവർ പുറത്തെടുത്തുകൊണ്ട് വാതിൽക്കൽ എത്തി. ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം അദ്ദേഹം വാതിലിന്റെ സാക്ഷ നീക്കി പാളി ഉള്ളിലേക്ക് വലിച്ചു. വലതു വശത്തേക്ക് നീണ്ടു പോകുന്ന ഇടനാഴിലിൽ ഒരു രൂപം ഒരു മെഴുകുതിരി കൈയിലേന്തി സാവധാനം നടന്നു നീങ്ങുന്നത് അദ്ദേഹം കണ്ടു. ആ രൂപം ഒരു സ്ത്രീയുടെതാണെന്നു അദ്ദേഹത്തിനു മനസിലായി. ഇടനാഴിയിലൂടെ മാർക്സിൻ അതിന്റെ പിന്നാലെ അതിവേഗം നടന്നു. വളവു തിരിഞ്ഞപ്പോൾ അതു വീണ്ടും മുന്നോട്ടു നടക്കുന്നത് കണ്ടു. പെട്ടെന്ന് തന്നെ മാർക്സിൻ റിവോൾവർ ആ സ്ത്രീ രൂപത്തെ ലക്ഷ്യം വച്ച് കാഞ്ചി വലിച്ചു. അദ്ദേഹത്തിന്റെ കൈത്തോക്കിൽ നിന്ന് വെടിയുണ്ട ഉതിർന്നു. കൊട്ടാരത്തിന്റെ കരിങ്കൽ ചുവരുകളിൽ തട്ടി ആ ശബ്ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. പക്ഷെ ആ രൂപം അപ്പോഴും യാതൊന്നും സംഭവിക്കാത്ത മട്ടിൽ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. കൊട്ടാരം സൂക്ഷിപ്പുകാരന്റെ വാക്കുകളും അയാൾ പറഞ്ഞ അന്തകാരാശക്തികളുടെ പേടിപ്പെടുത്തുന്ന കഥകളും പെട്ടെന്ന് മാർക്സിന്റെ സ്മൃതിപഥത്തിൽ കടന്നു വന്നു..
ഡ്രാക്കുള പ്രഭു വിതച്ച ദുരൂഹതയുടെ മഞ്ഞുമറനീക്കാൻ കാർപാത്യൻ മലനിരകളിൽ തുടങ്ങി അവസാനം പിന്തുടർന്ന് ലോക പ്രസിദ്ധ ഡിറ്റക്റ്റീവായ മാർക്സിൻ ഈ കൊച്ചു കേരളത്തിൽ വരെ വന്നെത്തുന്ന ഭീതിയിൽ ചാലിച്ച ഉദ്വേഗജനകമായ കഥകൾ നമുക്ക് വായ്ക്കാം ഡ്രാക്കുള സീരീസിലെ ഈ അഞ്ചു നോവലുകളിലൂടെ.
|Sabu Thomas Nellikalayil|
 

Leave a Reply

Your email address will not be published. Required fields are marked *

0