ലോക പ്രസിദ്ധ ഡിറ്റക്റ്റീവായ മാർക്സിൻ ഈ കൊച്ചു കേരളത്തിൽ വരെ വന്നെത്തുന്ന ഭീതിയിൽ ചാലിച്ച ഉദ്വേഗജനകമായ കഥകൾ
July 27, 2020
അക്ഷരങ്ങളിലൂടെയുള്ള വിദേശയാത്ര
June 5, 2021

അപസർപ്പക എഴുത്തുകളുടെ അമരക്കാരൻ കോട്ടയം പുഷ്പനാഥ്

ഈയൊരു തലകെട്ടു തന്നെ വായനക്കാരെ നയിക്കുന്നൊരു പേരുണ്ട്. മലയാളികളെ ഭീതിയുടെയും ആകാംശയുടെയും നിഴലിൽ ഇരുട്ടിലൂടെ യാത്ര ചെയ്യിപ്പിച്ച ശ്രീ കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുക്കാരൻ. പ്രണയ നോവലുകളും, സാഹിത്യ ക്യതികളും, ഓട്ടോ ബയോഗ്രഫിയുമൊക്കെ ചൂടുപിടിച്ചു നടന്നിരുന്ന കാലത്താണ് ത്രില്ലറുകളും ഹൊറർ സീരീസുകളുടെയുമൊക്കെ മാന്ത്രികലോകം വായനക്കാരന്റെ കണ്ണിലും മനസ്സിലും അദ്ദേഹം നിറച്ചത്. ആ വ്യത്യസ്തത തന്നെയായിരുന്നു കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന്റെ പ്രത്യേകതയും. 

 

മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട സയൻ്റിഫിക് നോവൽ സമ്മാനിച്ചാണ് അദ്ദേഹം അപസർപ്പക രചനയുടെ ചുവടുപിടിച്ച് സാഹിത്യലോകത്ത് വരുന്നത്. 

 

അപസർപ്പക നോവലുകളുടെ രചനയിൽ കോട്ടയം പുഷ്പനാഥിന്റെ സംഭാവന വളരെ വലുതാണ്. പലർക്കും പ്രചോദനവുമാണ്. മലയാളത്തിൽ പ്രചാരത്തിൽ വരുന്നതിന് മുൻപ് അപസർപ്പക കഥകൾക്ക് ഒരു ചരിത്രമുണ്ട്. മാർക്സിനും പുഷ്പരാജുമൊക്കെ നമ്മുക്ക് പ്രിയപ്പെട്ടവരാകാൻ സാഹചര്യമൊരുക്കിയ ഒരു ലോക ചരിത്രം. 

 

അക്രമം, കൊലപാതകം, കവർച്ച, പ്രതികാരം എന്നീ സംഭവങ്ങളെ ആധാരമാക്കിയാണ് അപസർപ്പക കഥകൾ രൂപം കൊള്ളുന്നത്. ഇവയൊക്കെയാണ് അപസർപ്പക കൃതികളുടെ അടിസ്ഥാന ഘടകം.  കുറ്റകൃത്യം സംഭവിച്ച ശേഷം എല്ലായ്പ്പോഴും ഒരു കുറ്റാന്വേഷകൻ രംഗപ്രവേശം ചെയ്യുന്നു.  അങ്ങനെ നോക്കിയാൽ പുരാണ കഥകൾ മുതൽ ഇവ കണ്ടുവരുന്നു. കൊലപാതകങ്ങളുടെ ചോര പുരണ്ട കൈകളുടെ എണ്ണമെടുത്താൽ  പുരാണത്തിൽ കണക്കുണ്ടാവില്ല. പ്രതികാരത്തിൻ്റെയും യുദ്ധത്തിൻ്റെയും ആദ്യ ചുവടുകൾക്ക് ആധാരമായത് ഇതൊക്കെ തന്നെയാണ്. പുരാണങ്ങളിൽ നിന്ന് തന്നെ അപസർപ്പക കഥകൾ ജനിച്ചു എന്ന് പറയാം. പ്രതികാരത്തിൻ്റെയും കൊലപാതകത്തിൻ്റെയും കഥകൾ നോക്കിയാൽ ധാരാളം ഉദാഹരണങ്ങൾ അവിടെതന്നെ ഉണ്ട്. ഏകാന്ത വിജനതയും ഇരുട്ടുമൊക്കെയാണ് അപസർപ്പക കഥകളുടെ സാഹചര്യങ്ങളിൽ പലതും.  മഹാഭാരതത്തിലെ പ്രസേനൻ്റെ മരണം എല്ലാവർക്കും സുപരിചിതമാണ്. മരണത്തെ തുടർന്ന് ഉണ്ടാവുന്ന അപവാദത്തിൽ കൃഷ്ണൻ ഇത് അന്വേഷിക്കാൻ ഇറങ്ങുന്നത് അപസർപ്പകത കലർന്ന സ്വഭാവം ഉണ്ടാക്കുന്നു. 

 

ആധുനിക അപസർപ്പക കഥകൾക്ക് തുടക്കമാവുന്നത് വോൾട്ടയറുടെ സാദിഗ് എന്ന കഥയിലെ ഒരദ്ധ്യായമാണെന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. 

1841- ൽ ഫിലാഡെൽഫിയയിലെ ഒരു മാഗസീനിൽ റുമോർഗിയ കൊലകളെന്ന പേരിൽ പ്രസിദ്ധീകരണം ചെയ്ത ചെറുകഥയിലൂടെയാണ് അപസർപ്പക കൃതികളുടെ ഔദ്യോഗിമായ ആധുനിക ജനനം. എഡ്ഗർ  അലൻപോ എന്ന സാഹിത്യകാരനായിരുന്നു ഈ രചനയ്ക്ക് പിന്നിൽ. അതിലെ നായകൻ നേരിട്ട് കണ്ടിട്ടില്ലാത്ത കുതിരയെയും പട്ടിയെയും തെളിവുകൾ നിരത്തി ശരിയായി വിവരിക്കുന്നതിനുള്ള വൈദഗ്ദ്ധ്യം കാണിക്കുന്നതായാണ് അധ്യായത്തിൽ വോൾട്ടയർ ചിത്രീകരിച്ചിരിക്കുന്നത്. ഷെർലക്ക് ഹോംസിനും മുന്നെയാണ് വോൾട്ടയർ.   നോവലിൽ പരാമർശിച്ച കുറ്റാന്വേഷണ രീതികളുടെ പ്രായോഗിക വശങ്ങൾ ജനങ്ങളിൽ കൗതുകവും വായനയിൽ ആവേശവും നിറച്ചു. ഇത് ജനങ്ങൾക്കിടയിൽ സ്വീകാര്യത ജനിപ്പിച്ചതോടെ 1842- ലും, 1845- ലും ഇതിൻ്റെ തുടർച്ചയെന്നോണം രണ്ട് കഥകൾ കൂടി അദ്ദേഹം പൂർത്തിയാക്കി. ഇവ മൂന്നും കൂടി റ്റെയിൽസ് എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തെയാണ് ചരിത്രകാരന്മാർ ആദ്യ അപസർപ്പക കഥയെന്ന് വിളിച്ചത്. 

 

തുടർന്ന് അമേരിക്കൻ സാഹിത്യലോകം ധാരാളം അപസർപ്പക കഥകൾക്ക് സാക്ഷ്യം വഹിച്ചു. പിന്നീട് ഇരുപത് വർഷങ്ങൾക്ക് ശേഷം ഫ്രഞ്ച് സാഹിത്യത്തിലും ഡിറ്റക്റ്റീവ് നോവലുകൾ ശ്രദ്ധ പ്രാപിച്ചു. മലയാളത്തിലെ സാഹിത്യകാരന്മാർ ചുവടുപിടിച്ചത് എഡ്ഗർഅലൻപോയെയും സർ ആർതർ  കോനൻ ഡോയലിൻ്റെയുമൊക്കെ രചനകളായിരുന്നു. 

ഇവരിൽ നിന്നുള്ള ആശയങ്ങളെ മലയാളീകരിച്ചാണ്

 അപസർപ്പക നോവലുകളുടെ ആദ്യ കാലം പിച്ചവച്ചത്. മലയാള നോവൽ രംഗത്തും അപസർപ്പക നോവലുകൾ സ്ഥാനം പിടിച്ചു. 1065- ൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച  വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യ അപസർപ്പക കഥ.  ഒരു കള്ളൻ്റെ ജീവിത കഥയെ ആധാരമാക്കി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എഴുതിയ വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യ അപസർപ്പക കൃതി. പിന്നീട് ധാരാളം കഥകൾ മലയാള സാഹിത്യത്തിൽ പിറന്നു. ആധുനിക മലയാളം അപസർപ്പക ചരിത്രത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത പേരാണ് കോട്ടയം പുഷ്പനാഥ്. ധാരാളം അപസർപ്പക നോവലുകൾ കൊണ്ട് അദ്ദേഹം മലയാളി മനസ്സിനെ കീഴടക്കി. മലയാളികൾക്ക് മുന്നിൽ ഡിറ്റക്റ്റീവ് നോവലുകൾ പരിചയപ്പെടുത്തിയത് ശ്രീ കോട്ടയം പുഷ്പനാഥിന്റെ തൂലികയാണ്.  ഡിറ്റക്റ്റർ എന്ന മാഗസീനിൽ കഥകൾ എഴുതിയായിരുന്നു അദ്ദേഹത്തിൻ്റെ തുടക്കം. പിന്നീട് 1968- ൽ മലയാളത്തിലെ എക്കാലത്തെയും സയൻ്റിഫിക് ത്രില്ലറായ ചുവന്ന മനുഷ്യൻ എന്ന നോവലിന് ജീവൻ നൽകി കോട്ടയം പുഷ്പനാഥ് എഴുത്തിൻ്റെ ലോകത്തേക്ക് പുതിയ ചുവട് വച്ചു. ചുവന്ന മനുഷ്യൻ വിജയിച്ചതോടെ ഫറവോൻ്റെ മരണമുറി എന്ന രണ്ടാമത്തെ നോവലും അദ്ദേഹം രചിച്ചു. ഈ നോവലുകളിലൂടെ മലയാളികൾക്ക് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരനോടൊപ്പം ഡിറ്റക്ടീവ് മാർക്സിൻ, പുഷ്പരാജ്  എന്നിങ്ങനെ അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളും പ്രിയപ്പെട്ടതായി. 

മലയാള അപസർപ്പക സാഹിത്യത്തെ പ്രകമ്പനം കൊള്ളിച്ച എഴുത്തുകാരനാണ് പുഷ്പനാഥ്. 

പുഷ്പനാഥിന്റെ ഭാവനയിൽ വിരിഞ്ഞ മുന്നൂറോളം നോവലുകളാണ് വായനക്കാരുടെ ഹൃദയതാളത്തിന് വേഗത കൂട്ടിയത്. മനുഷ്യ മനസിനെ ലഹരിയിലാഴ്ത്തുന്ന വികാരമാണ് ആകാംശ.  ഒരു എഴുത്തുകാരനെന്ന നിലയിൽ തുടക്കം മുതൽ ഒടുക്കം വരെ ആകാംഷ എന്ന ഘടകം നിലനിർത്തുകയെന്ന ധർമം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ തോന്നുന്ന സസ്പെൻസാണ് ജനങ്ങളെ നോവലിലേക്ക് ആകർഷിക്കുന്ന ഒരു പ്രധാന ഘടകം. എൺപതുകളുടെ കാലഘട്ടത്തിൽ മറ്റു എഴുത്തുകാരിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ രചന ഒരു തരത്തിൽ എഴുത്തിന്റെ വിപ്ലവം തീർക്കുകയായിരുന്നു. ചുവന്ന മനുഷ്യൻ, ബ്രഹ്മരക്ഷസ്, ഡ്രാക്കുള തുടങ്ങി നോവലുകളുടെ പേരുകൾ പോലും വായനക്കാരനിൽ ഭയത്തിന്റെ ഇരുണ്ട തിരശീല ജനിപ്പിക്കുന്നു. ഒരു തലമുറയെ വായനയിലേക്ക് പിച്ചവെച്ചു നടത്തിയതിൽ ഇദ്ദേഹത്തിൻ്റെ പങ്ക് ചെറുതല്ല. ഇന്നത്തെ പ്രായമേറിയ പല വായനക്കാരുടെയും കൗമാരവും യൗവ്വനവും അക്ഷരലോകത്തേക്ക് കൊണ്ട് നിർത്തിയ എഴുത്തുകാരനാണ് പുഷ്പനാഥ്. മലയാളിയുടെ വായനാശീലത്തിന് അദ്ദേഹത്തിനും അവകാശമുണ്ട്. 

 

നോവലവസാനിപ്പിച്ച് പുസ്തകം മടക്കിയാലും കഥപാത്രങ്ങൾ പലതും വായക്കാരന്റെ ഉള്ളിൽ തന്നെയുണ്ട്. അതുപോലെ തന്നെയാണ് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റിനും വായനക്കാരന്റെ ഹൃദയത്തിലുള്ള സ്ഥാനം.  

Leave a Reply

Your email address will not be published. Required fields are marked *

0