അപസർപ്പക എഴുത്തുകളുടെ അമരക്കാരൻ കോട്ടയം പുഷ്പനാഥ്
May 4, 2021
കോട്ടയം പുഷ്പനാഥ് എഴുത്തുകളുടെ പ്രത്യേകത
June 5, 2021

അക്ഷരങ്ങളിലൂടെയുള്ള വിദേശയാത്ര

“തെംസ് നദി ചരിത്രങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒഴുകുന്നു. മൺമറഞ്ഞ സേനാനികളുടെയും ചതുരംഗപ്പടകളുടെയും രക്തം വീണു കുതിർന്ന മണ്ണാണു ലണ്ടൻ നഗരത്തിന്റേത്. സ്വന്തം കാമുകിക്കുവേണ്ടി സിംഹാസനം വലിച്ചെറിഞ്ഞ എഡ്വേർഡ് എട്ടാമന്റെ ചരിത്രമെഴുതാതിരുന്ന ബ്രിട്ടീഷ് ഭരണകൂടമാണത്.”

കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന്റെ രചനാജീവിതത്തിലെ പ്രധാന ഘടകമായ ഡ്രാക്കുള സീരീസിലെ “ഡ്രാക്കുളയുടെ നിഴൽ” എന്ന നോവിലെ ഭാഗമാണിത്. വിദേശ സ്ഥലങ്ങളെ കേന്ദ്രീകരിച്ചുള്ള സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിൽ സ്ഥിരമായി കാണപ്പെടുന്നവയാണ്. ഒരു സാധാരണ മനുഷ്യനെ വിദേശത്ത് എത്തിക്കുന്ന തരത്തിലാണ് അദ്ദേഹം അവയെല്ലാം വിവരിക്കുന്നത്. വായനക്കാരനെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു ഭാഗമാണ് അദ്ദേഹത്തിൻ്റെ വിദേശ രാജ്യത്തെ കുറിച്ചുള്ള വർണ്ണനകൾ. ഒരു പക്ഷേ കോട്ടയം പുഷ്പനാഥ് കൃതികളുടെ എക്കാലത്തെയും വായനക്കാർക്ക് ഇവ സുപരിചിതമാണ്. വായനക്കാരനെ ഇതിലൂടെ മറ്റൊരു മായിക ലോകത്ത് എത്തിക്കുകയാണ് എഴുത്തുകാരൻ. എന്നാൽ വായനക്കാരെയൊക്കെയും അത്ഭുതപ്പെടുത്തുന്നത് വിദേശ രാജ്യങ്ങളുടെ മനോഹര ഭംഗി എഴുത്തിലൂടെ ആവിശ്കരിക്കുന്ന നോവലിസ്റ്റ് ഇവിടെയൊന്നും സന്ദർശിച്ചിട്ടില്ല എന്ന വാസ്തവമാണ്. പിന്നെ എങ്ങനെയാണ് ഒരാൾ ഇത്ര ഭംഗിയായി അവയൊക്കെ വിവരിക്കുന്നത്. അതും ഗൂഗിൾ മാപ്പും വികിപീഡിയയും ഒന്നും നിലവിൽ ഇല്ലാതിരുന്ന കാലത്ത്.

ചെറുപ്പത്തിലേ അമ്മ കൊണ്ട് കൊടുത്തിരുന്ന പുസ്തകങ്ങൾ അദ്ദേഹം വളരെ താല്പര്യത്തോടെ വായിച്ചിരുന്നു. ചരിത്ര പുസ്തകങ്ങളോടായിരുന്നു താല്പര്യം ഏറെയും. അതിൽ നിന്നും ധാരാളം അറിവുകൾ അദ്ദേഹം സ്വായക്തമാക്കിയിരുന്നു. പിന്നീട് തൻ്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ പ്രിയപ്പെട്ട അധ്യാപകനായ ഐപ് സാറും അദ്ദേഹത്തിൻ്റെ എഴുത്ത് ജീവിതത്തെ ഒരുപാട് സ്വാധീനിച്ചു. കണക്ക് പഠിപ്പിച്ചിരുന്ന ഐപ് സാർ പഠിപ്പിക്കുന്നതിന് മുൻപ് തന്നെ എല്ലാ ദിവസവും കുട്ടികൾക്ക് കഥ പറഞ്ഞ് കൊടുക്കുമായിരുന്നു. ഷെർലക്ക് ഹോംസ് കഥകളാണ് കൂടുതലും. അന്നത്തെ ഐപ് സാറിൻ്റെ കഥാ വിവരണം പുഷ്പനാഥിനെ വളരെയധികം സ്വാധീനിച്ചിരുന്നു. കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാവുന്ന തരത്തിൽ വളരെയധികം വിവരിച്ചാണ് അദ്ദേഹം കഥകൾ അവതരിപ്പിച്ചിരുന്നത്. അത് പോലെ വായനക്കാർക്കും മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെയാകണം അദ്ദേഹം തൻ്റെ രചനകളെ സമീപിച്ചിരുന്നത്. വായനക്കാരന് ഓരോ ഭാഗം വായിക്കുമ്പോഴും യാതൊരു സംശയവുമുണ്ടാകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധം ആയിരുന്നു. ആയതിനാൽ വ്യക്തമായ പഠനത്തിന് ശേഷം മാത്രമേ സ്ഥല വിവരണം എഴുതാറുണ്ടായിരുന്നുള്ളു.

അക്ഷരാർത്ഥത്തിൽ എഴുത്തിലൂടെ അദ്ദേഹം മറ്റു സ്ഥലങ്ങളിലേക്ക് വായനക്കാരനെ കൂട്ടികൊണ്ട് പോകുന്നു എന്ന് തന്നെ പറയാം.
എന്ത് പുസ്തകം കിട്ടിയാലും ആർത്തിയോടെ വായിക്കുന്ന അദ്ദേഹത്തിന് വായിക്കാനായി പുസ്തകം ലഭിച്ചിരുന്നത് അമ്മയിൽ നിന്നാണ്. കിട്ടുന്ന പുസ്തകങ്ങളിൽ എന്നും പ്രിയപ്പെട്ടത് ചരിത്ര പുസ്തങ്ങങ്ങളാണ്. അങ്ങനെയാണ് ചരിത്രത്തിൽ അറിവ് കൂടുതലായി ലഭിക്കുന്നതിൻ്റെ തുടക്കം. ചെറുപ്പം മുതലേ ചരിത്ര പുസ്തകങ്ങളോടുള്ള താല്പര്യം വിഷയത്തിലുള്ള അദ്ദേഹത്തിൻ്റെ അറിവിന് ആഴം കൂട്ടി. അവിടം കൊണ്ട് മാത്രം തീരുന്നതായിരുന്നില്ല ചരിത്ര വിഷയത്തോടുള്ള ഇഷ്ടം. വായനയിൽ മാത്രമല്ല പഠനത്തിലും ചരിത്രം തന്നെയാണ് പുഷ്പനാഥ് തിരഞ്ഞെടുത്തത്. അവിടെ നിന്നാണ് ഒരു ചരിത്ര അധ്യാപകനിലേക്കുള്ള യാത്ര ആരംഭിക്കുന്നതും. അധ്യാപന ജീവിതവും കുട്ടിക്കാലത്തെ പുസ്തക വായനയും യാത്ര വിവരണങ്ങളെഴുതാൻ സഹായമായിട്ടുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ ഭാര്യ പറയുന്നത്.

ഓസ്ട്രേലിയ, ലണ്ടൻ, അമേരിക്ക, തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലൂടെ കോട്ടയം പുഷ്പനാഥിൻ്റെ തൂലിക വായനക്കാരനെ എത്തിച്ചിട്ടുണ്ട്. അതൊക്കെ തന്നെയും നോവലിന്റെ ജീവൻ ഉണർത്തുന്നവയും കഥയെ കാമ്പുള്ളതാക്കുകയും ചെയ്യുന്നവയാണ്. കൃത്യമായുള്ള വായനയും ചരിത്രത്തിലുള്ള ഗ്രാഹ്യവുമാണ് ഇത്ര ഭംഗിയായി ലണ്ടനെയും ഫ്രാൻസിനെയുമൊക്കെ വിവരിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. വളരെ സൂക്ഷ്മതയോടെയാണ് ഈ വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ഓരോ എഴുത്തുകളും അത്രകണ്ട് വായനക്കാരന് വിശ്വാസയോഗ്യമായിരുന്നു.

യഥാർത്ഥത്തിൽ പുഷ്പനാഥ് എന്ന വായനക്കാരനിൽ നിന്നാണ് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരനിലേക്ക് അദ്ദേഹം തൻ്റെ ജീവിതത്തെ മാറ്റി മറിച്ചത്. പുരാണം, ക്ലാസിക്ക്സ്, ബൈബിൾ, ഗ്രീക്ക് പുരാണം, എസ് കെ പൊറ്റക്കാടിൻ്റെ യാത്രാ വിവരണങ്ങൾ, ബ്രാം സ്റ്റോക്കർ എന്നീ പ്രമുഖ എഴുത്തുകാരുടെ നോവലുകൾ തുടങ്ങി എല്ലാ മേഖലയിലും തൻ്റെ വായനാശീലം അദ്ദേഹം ഉയർത്തിയിരുന്നു. വായന കൂടാതെ ഇംഗ്ലീഷ് സിനിമകൾ കാണാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ജെയിംസ് ബോണ്ട് സിനിമകളോടായിരുന്നു ഇഷ്ടം കൂടുതലും. ഈ സിനിമകൾ അദ്ദേഹത്തിൽ ആവേശവും ജിജ്ഞാസയും നിറച്ചിരുന്നു. കോട്ടയത്തെ തീയേറ്ററുകളിൽ വരുന്ന എല്ലാ ഇംഗ്ലീഷ് സിനിമകളും കാണാൻ പുഷ്പനാഥ് സമയം കണ്ടെത്തുമായിരുന്നു. ഒരു പക്ഷേ ഇതൊക്കെ തന്നെയാവാം ഒരു അപസർപ്പക എഴുത്തുകാരനിലേക്ക് അദ്ദേഹത്തെ നയിച്ചതും. ചരിത്രവും യാത്രയുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം തൻ്റെ ഇഷ്ടങ്ങൾ കുട്ടിക്കാലത്ത് തന്നെ മനസിലാക്കിയിരുന്നു.
ശരിക്കും വിദേശ രാജ്യങ്ങൾ സന്ദർശിച്ച ഒരാളെ പോലെയാണ് അദ്ദേഹം വിവരണങ്ങൾ നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

0