എഴുത്തുക്കാരനിലേക്കുള്ള ആദ്യ ചുവടുകൾ
June 5, 2021
ചുവന്ന മനുഷ്യൻ – സാഹിത്യ ലോകത്തെ വിപ്ലവ സൃഷ്ടി
June 5, 2021

അക്ഷരങ്ങളിലെ യക്ഷികൾ സിനിമയിൽ വന്നതിങ്ങനെ..!!

ജനയുഗം വാരികയിൽ ഡയൽ 00003 പ്രസിദ്ധീകരിക്കുന്ന കാലം. തിരക്കഥാകൃത്ത് ഡെന്നിസാണ് ഈ നോവൽ സിനിമയാക്കാൻ ഏതോ സംവിധായകൻ താല്പര്യം കാണിച്ചെന്ന വിവരം അറിയിക്കുന്നത്.
ഇതേ സമയം തന്നെ മദ്രാസിലെ സെൻറ് ജോസഫ് സിനി ആർട്സസിൻ്റെ നിർമ്മാതാക്കളിൽ നിന്നും പുഷ്പനാഥ് ഒരു കത്ത് വരികയുണ്ടായി. എക്സോർസിസ്റ്റ് രീതിയിലുള്ള ഒരു കഥ സിനിമയാക്കാനാവശ്യമുണ്ടെന്നതായിരുന്നു കത്തിലെ വിവരം.
ഒരു നോവൽ തെരഞ്ഞെടുത്ത ശേഷം മികച്ച ചർച്ച നടത്താമെന്ന മറുപടി അദ്ദേഹം അയച്ചു.

പിന്നീട് അദ്ദേഹത്തിൻ്റെ ചുവന്ന അങ്കിയും ബ്രഹ്മരക്ഷസ് സിനിമയായി മാറി. മനോരമ ആഴ്ചപ്പതിപ്പിന് വേണ്ടി എഴുതിയ നോവൽ ആയിരുന്നു ഇവ രണ്ടും.

എഴുപത് കാലഘട്ടത്തിലാണ് ഡയറക്ടർ പി.ചന്ദ്രകുമാർ ചുവന്ന അങ്കി സംവിധാനം ചെയ്യുവാൻ താല്പര്യം പ്രകടിപ്പിക്കുന്നത്. തുടർന്ന് ഇന്നത്തെ മുൻനിര പ്രൊഡ്യൂസറായ സാബു ചെറിയാനുമായി ചേർന്ന് ചുവന്ന അങ്കി വിലയ്ക്കു വാങ്ങുകയുണ്ടായി. എൻ കെ ശശിധരനാണ് ചുവന്ന അങ്കിയുടെ സംഭാഷണം എഴുതിയത്. ഇന്നത്തെ പ്രശസ്ത ക്യാമറാമാനായ പി സുകുമാറായിരുന്നു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത്. സംവിധായകനായിരുന്ന ചന്ദ്ര കുമാറിൻറെ സഹോദരനായിരുന്നു സുകുമാർ. സിനിമയിലെ മാള അരവിന്ദൻ്റെ വേഷവും എടുത്തു പറയേണ്ടതാണ്.
ഹിന്ദിയിലെയും മലയാളത്തിലെയും ഒട്ടേറെ താരങ്ങളാണ് സിനിമയിൽ അഭിനയിച്ചത്.

അന്നത്തെ കാലത്തെ രീതികളനുസരിച്ച് ഇത്തരത്തിലൊരു സിനിമ ജനങ്ങളിലെത്തിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. എങ്കിലും ചുവന്ന അങ്കി സിനിമയാക്കാൻ ഒരുങ്ങി. ഹിന്ദി, മലയാളം, തെലുങ്ക് തുടങ്ങി മൂന്ന് ഭാഷകളിലായി ചിത്രം പുറത്തിറക്കാൻ തീരുമാനിച്ചു. ഹിന്ദിയിലും മലയാളത്തിലും ഒരേ സമയമാണ് ചിത്രീകരണം നടത്തിയത്. പീരുമേട്ടിലാണ് ചുവന്ന അങ്കി ചിത്രീകരണം നടത്തിയത്. എന്നാൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം മലയാളത്തിൽ സിനിമ റിലീസ് ചെയ്യപ്പെട്ടില്ല. ഹിന്ദി, തെലുങ്ക് ഭാഷകളിൽ സിനിമ പ്രേക്ഷകരിൽ എത്തുകയും വിജയം കൈവരിക്കുകയുമുണ്ടായി.

സിനിമയ്ക്കുവേണ്ടി ചില മാറ്റങ്ങൾ കഥയിൽ വരുത്തിയിരുന്നു. ഈ മാറ്റങ്ങൾ പുഷ്പനാഥിന് ഇഷ്ടപ്പെടുമോ എന്ന ഭയം തിരക്കഥാകൃത്തിനും സംവിധായകനും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് യാതൊരു ഇഷ്ടക്കേടും ഉണ്ടായിരുന്നില്ല. വേണ്ട മാറ്റങ്ങൾ വരുത്തുവാനുള്ള അനുവാദം നൽകിയിരുന്നു.

1990ൽ അക്ഷരങ്ങളിലൂടെ വായനക്കാരനെ ഭയപ്പെടുത്തിയ പ്രേതം, മലയാള ദൃശ്യ മാധ്യമത്തിലൂടെ എത്തിയ കാലം.
ചന്ദ്രഗിരി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ കരോട്ടെ സംവിധാനം ചെയ്ത് ദേവനെയും രേണുകയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കോട്ടയം പുഷ്പനാഥിൻ്റെ രചനാ വൈഭവത്തിൽ പിറന്ന ബ്രഹ്മ രക്ഷസ്സ് സിനിമയാകാൻ ഒരുങ്ങി. പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ആദ്യമായി കടന്നു വന്ന സിനിമയാണ് ബ്രഹ്മരക്ഷസ്.
സംഭാഷണം രചിച്ചതും കോട്ടയം പുഷ്പനാഥ് ആയിരുന്നു. കോഴിക്കോട് ഉള്ളിയേരിയിലാണ് സിനിമ ചിത്രീകരണം നടത്തിയത്. തൊണ്ണൂറുകളിലെ മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു തന്നെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

പുഷ്പനാഥ് ഒരിക്കലും സ്വപ്നം കണ്ട മേഖലയായിരുന്നില്ല സിനിമ. അദ്ദേഹത്തിൻറെ മനസ്സിലെന്നും അക്ഷരങ്ങളും പുസ്തകങ്ങളും മാത്രമായിരുന്നു. സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ നോവൽ എഴുതുന്നത് തന്നെയായിരുന്നു അദ്ദേഹത്തിന് കുറച്ചുകൂടി എളുപ്പം. പുഷ്പനാഥ് എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം സിനിമ ഏറെ ബുദ്ധിമുട്ടുള്ള മേഖലയാണ്. കൂടാതെ പല ലൊക്കേഷനുകളിലും പോയി താമസിക്കുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

0