കോട്ടയം പുഷ്പനാഥ് എഴുത്തുകളുടെ പ്രത്യേകത
June 5, 2021
അക്ഷരങ്ങളിലെ യക്ഷികൾ സിനിമയിൽ വന്നതിങ്ങനെ..!!
June 5, 2021

എഴുത്തുക്കാരനിലേക്കുള്ള ആദ്യ ചുവടുകൾ

ഉദ്വെഗം നിറഞ്ഞ കഥകളും ഭയപ്പെടുത്തുന്ന വായനകളും മലയാളികളിലേക്ക് സംഭാവന ചെയ്ത എഴുത്തുകാരനാണ് കോട്ടയം പുഷ്പനാഥ്.
ഹൈസ്കൂൾ കാലഘട്ടത്തിലാണ് പുഷ്പനാഥ് വായനയിലേക്ക് അടിമപ്പെടുന്നത്. അമ്മ നൽകിയിരുന്ന പുസ്തകങ്ങൾ വായിച്ചാണ് അദ്ദേഹം അക്ഷര ലോകത്തേക്ക് കൈപിടിച്ച് കയറുന്നത്. ഇംഗ്ലീഷ് മാഗസീനുകളും മറ്റും ചെറുപ്പത്തിൽതന്നെ അമ്മയാണ് അദ്ദേഹത്തിന് എത്തിച്ചു കൊടുത്തിരുന്നത്. ജീവിതത്തിൽ പുഷ്പനാഥ് എന്ന വ്യക്തിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അമ്മ തന്നെയാണ്. കൂടാതെ സ്കൂളിൽ കണക്ക് പഠിപ്പിച്ചിരുന്ന ഐപ് സാർ അദ്ദേഹത്തിൻ്റെ എഴുത്തിനെ വളർത്താൻ സഹായിച്ചിരുന്നു. സാർ പറഞ്ഞ് കൊടുത്ത കഥകളിൽ നിന്നും ആർജവം ഉൾക്കൊണ്ടാണ് പുഷ്പനാഥ് എഴുത്തിലേക്ക് തിരിഞ്ഞത്.
ചെറിയതോതിലുളള എഴുത്തുകളും മറ്റും സ്കൂൾ മാഗസീനിൽ പ്രസിദ്ധീകരിച്ചു വന്നതോടെയാണ് എഴുത്തിൻ്റെ ജനനം. ഡിറ്റക്‌റ്റർ എന്ന മാഗസിനിലാണ് പുഷ്പനാഥ് ആദ്യമായി തൻ്റെ രചനകൾ പങ്ക് വെയ്ക്കുന്നത്. ഡിറ്റക്റ്റർ മാഗസിനിലൂടെ തൻ്റെ എഴുത്തിൻ്റെ വൈഭവം അദ്ദേഹം കാഴ്ചവെച്ചു.

1968- ൽ മനോരാജ്യം വാരികയിലൂടെയാണ് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരൻ ചുവന്ന മനുഷ്യൻ നോവൽ രചിച്ച് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഫറവോൻ്റെ മരണമുറിയാണ് അടുത്ത കൃതി. ശേഷം മനോരമയിൽ പാരലൽ റോഡ് എന്ന നോവൽ പ്രസിദ്ധീകരിച്ചു തുടങ്ങി. ഇന്നത്തെ മൊബൈൽ ഫോണിൻ്റെ സ്വാധീനമാണ് അന്നത്തെ പുസ്തകങ്ങൾക്കുള്ളത്. അതുകൊണ്ട്തന്നെ എഴുത്തിനെ സ്നേഹിക്കാൻ ധാരാളം വായനക്കാരും ഉണ്ടായിരുന്നു. അറുപതുകൾക്ക് ശേഷം കുറ്റാന്വേഷണ നോവലുകളുടെ വസന്തകാലം തീർത്ത രചയിതാവ് കൂടിയാണ് കോട്ടയം പുഷ്പനാഥ്. പല വാരികകളും പ്രിൻ്റിങ്ങും സർക്കുലേഷനും നിലയ്ക്കാതെ പിടിച്ചു നിർത്താൻ അദ്ദേഹത്തിൻ്റെ നോവലുകൾ സഹായിച്ചു.

മലയാളികളുടെ ഷെർലക്ക് ഹോംസായ മാർക്സിനെയും പുഷ്പരാജിനെയും വായനക്കാർക്ക് സമ്മാനിച്ച് അദ്ദേഹം വായനക്കാരുടെ പ്രിയ എഴുത്തുകാരനായി. ബുദ്ധി കൂർമതയോടെ അവരന്വേഷിക്കുന്ന കേസുകളെ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചു. മലയാള കുറ്റാന്വേഷണ സാഹിത്യത്തിൽ പുതിയ ശൈലിയുടെ വാതിൽ തുറന്നാണ് പുഷ്പനാഥ് രംഗപ്രവേശം ചെയ്തത്. മലയാളികളുടെ വായനാ സങ്കൽപ്പങ്ങളെ അടിമുടി മാറ്റി മറിക്കുകയായിരുന്നു അദ്ദേഹം.

കോളേജ് വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാരെ വരെ രസിപ്പിക്കുന്ന തരത്തിൽ വ്യത്യസ്തമായൊരു രചനാ ശൈലി ആ എഴുത്തിൻ്റെ പ്രത്യേകതയായിരുന്നു. വിദേശത്തെ കേസുകളന്വേഷിക്കാൻ ഡിറ്റക്റ്റീവ് മാർക്സിൻ, ഇന്ത്യയിലെ കേസുകൾക്ക് തുമ്പുണ്ടാക്കാൻ പുഷ്പരാജ് എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് മിക്ക കൃതികളും രചിച്ചിട്ടുള്ളത്. ചുവന്ന മനുഷ്യനിൽ തുടങ്ങി മുന്നൂറ്റമ്പതിലധികം നോവലുകൾക്കാണ് അദ്ദേഹം തൂലിക ചലിപ്പിച്ചത്. തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം നോവലുകൾ തർജ്ജിമ ചെയ്തിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ റീ പ്രിന്റുകൾ ഇന്നും ഇറങ്ങുന്നു. വായനക്കാർക്കിടയിലെ സ്വാധീനം തന്നെയാണ് ഇതിന് കാരണമായത്.
ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ നോവലുകൾ ചലച്ചിത്രമായും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. കുറ്റാന്വേഷണ നോവലുകൾക്ക് പുറമേ മാന്ത്രിക നോവലുകളിലേക്കും അദ്ദേഹത്തിൻ്റെ എഴുത്ത് വ്യതിചലിച്ചിട്ടുണ്ട്. അതോടെ യക്ഷികളും മന്ത്രവാദികളും വായനക്കാരൻ്റെ രാത്രികളെ കീഴടക്കി.

അപസർപ്പക എഴുത്തിന് വേണ്ട എല്ലാ ചേരുവകളും ചേർത്തായിരുന്നു അദ്ദേഹം നോവൽ എഴുതിയിരുന്നത്. ആദ്യ എഴുത്തിൽ തന്നെ പരിചയസമ്പന്നായ ഒരു എഴുത്തുകാരൻ്റെ മട്ടിലായിരുന്നു പുഷ്പനാഥിന്റെ രചന. ദൃശ്യമാധ്യമങ്ങൾ അധികം ചുവടു പിടിച്ചിട്ടില്ലാത്ത ആ കാലത്ത് ജനങ്ങൾ ആശ്രയിച്ചിരുന്നത് വാരികകൾ തന്നെയാണ്. അതിൽ മികച്ചതാവാൻ കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന് സാധിച്ചു. എഴുപതിൻ്റെയും എൺപതിൻ്റെയും കാലഘട്ടത്തിലെ പ്രിയപ്പെട്ട എഴുത്തുകാരനാണ് അദ്ദേഹം. അത്തരത്തിൽ പ്രിയപെട്ടതാവാൻ തക്കവണ്ണം മാന്ത്രികത ആ എഴുത്തിനുണ്ടായിരുന്നു. ആകാംഷയുടെ മുൾമുന തീർത്ത് ഓരോ അധ്യായം അവസാനിപ്പിക്കുമ്പോഴും അടുത്ത അധ്യായത്തിനായി വായനക്കാരനിൽ ഉണ്ടാക്കുന്ന വ്യഗ്രത നോവലിൻ്റെ വിജയം തന്നെയാണ്.

എല്ലാവർക്കും സാധിക്കുന്ന നേട്ടമല്ല ആദ്യ കൃതിയിലൂടെ തന്നെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുക എന്നുള്ളത് . പുഷ്പനാഥ് കുട്ടിക്കാലം മുതലുള്ള വായനയും എഴുത്തിനോടുള്ള ആത്മാർഥതയുമാണ് അത്തരത്തിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
വർഷങ്ങൾ പലതും പിന്നിട്ടിട്ടും കോട്ടയം പുഷ്പനാഥ് നോവലുകൾക്ക് ഇന്നും ആരാധകർക്ക് കുറവില്ല. ചുവന്ന മനുഷ്യനും ഡ്രാക്കുളയും ബ്രഹ്മരക്ഷസ്സും തേടി വായനക്കാരൻ്റെ കൈകൾ ഇന്നും ലൈബ്രറി ഷെൽഫുകളിലേക്ക് നീങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *

0