അക്ഷരങ്ങളിലൂടെയുള്ള വിദേശയാത്ര
June 5, 2021
എഴുത്തുക്കാരനിലേക്കുള്ള ആദ്യ ചുവടുകൾ
June 5, 2021

കോട്ടയം പുഷ്പനാഥ് എഴുത്തുകളുടെ പ്രത്യേകത

ഒരുപാട് പേരെ വായിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത അപസർപ്പക സാഹിത്യത്തിലെ അമരക്കാരനാണ് കോട്ടയം പുഷ്പനാഥ്. ആരെയും ആകർഷിക്കുന്ന തരത്തിലുള്ള ഭാഷാശൈലിയാണ് അദ്ദേഹം കൈക്കൊണ്ടത്. ഒരു കാലഘട്ടത്തെ വായനക്കാരെ ഭീതിയുടെ വഴിയിലൂടെ സഞ്ചരിപ്പിച്ചതിന് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന് ചെറുതല്ലാത്ത പങ്കുണ്ട്.

ഉള്ളിൽ നിറഞ്ഞൊഴുകുന്ന കഥാസന്ദർഭങ്ങളും ഭാവന കൊണ്ട് നൃത്തം ചെയ്യുന്ന മനസ്സുമുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് എഴുത്തിനെ പ്രണയത്തോടു ഉപമിക്കുന്നതാണ് ഏറ്റവുമുചിതം. അങ്ങനെയെങ്കിൽ എഴുത്തിനെ അത്യധികം പ്രണയിച്ചൊരു വ്യക്തിയായി കോട്ടയം പുഷ്പനാഥ് എന്ന രചയിതാവിനെ കരുതാം. ഒരു കാലത്ത് വായനക്കാരെ ഹരം കൊള്ളിച്ച എഴുത്തുകാരൻ തന്നെയാണ് അദ്ദേഹം. എൺപത് കാലഘട്ടങ്ങളിലെ വാരികകൾ പലതും കോട്ടയം പുഷ്പനാഥ് നോവലുകളുടെ പേരിൽ അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ എഴുത്തിലേക്കുള്ള അരങ്ങേറ്റം തന്നെ സാഹിത്യലോകത്ത് വിപ്ലവം സൃഷ്ടിച്ചാണ്. ഇന്ന് അദ്ദേഹത്തിൻ്റെ പേര് കേൾക്കുമ്പോൾ തന്നെ കിടിലം കൊള്ളിക്കുന്ന പല കഥകളും കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സിലേക്ക് ഓടിയെത്തുന്നു. പുഷ്പനാഥ് കഥകളുടെ സുവർണകാലം ആരംഭിച്ചത് എൺപതുകളിലാണ്.

നോവലിലുടനീളം സസ്പെൻസ് നിലനിർത്തുന്ന സ്വഭാവമാണ് അദ്ദേഹത്തിൻ്റെ എഴുത്തിനുള്ളത്. ഒരു ഡിറ്റക്റ്റീവ് നോവലിന് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയതാണ് അദ്ദേഹത്തിൻ്റെ നോവൽ. സ്ഥല വിവരണവും കഥാപാത്ര വിവരമരണമൊക്കെ വളരെ ശ്രദ്ധാപൂർവം അദ്ദേഹം നോവലിൽ ആവിഷ്കരിക്കും. ഒരു സ്ഥലത്തെ കുറിച്ചോ വ്യക്തിയെ കുറിച്ചോ കൃത്യമായ രൂപം പുഷ്പനാഥ് എഴുത്തുകൾ പകർന്ന് തരുന്നു. കൂടാതെ വളരെ ലളിതമായ എഴുത്താണ് അദ്ദേഹത്തിൻ്റെത്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് നോവലിൻ്റെ ഘടന.

ഡിറ്റക്‌റ്റർ എന്ന മാഗസീനിൽ കഥ എഴുതി കൊണ്ടായിരുന്നു കോട്ടയം പുഷ്പനാഥ് തൻ്റെ എഴുത്ത് ജീവിതത്തിന് തുടക്കം കുറിച്ചത്. വാരികകൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്ന കാലം.
പുസ്തകരൂപത്തിൽ പുഷ്പനാഥ് കഥകൾ ഇറങ്ങുന്നതിന് മുൻപ് തന്നെ വാരികയിലൂടെ ആ എഴുത്തിനെ വായനക്കാരൻ അറിഞ്ഞു തുടങ്ങിയിരുന്നു. വാരികയ്ക്ക് വളരെയധികം സ്വാധീനം ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. ഒരു കലാകാരന് ഉയർന്നുവരാൻ ഏറ്റവും നല്ല മാർഗം കൂടിയാണ് വാരികയിലെ എഴുത്ത്. പുസ്തകത്തേക്കാൾ സാധാരണ ജനങ്ങളെ ആകർഷിക്കുന്ന മാധ്യമം വാരികയായിരുന്നു.

1968 ലാണ് കോട്ടയം പുഷ്പനാഥിന്റെ ആദ്യ നോവൽ “ചുവന്ന മനുഷ്യൻ” മനോരാജ്യം വാരികയിൽ അച്ചടിച്ച് വരുന്നത്. ഒരു പരീക്ഷണമെന്ന രീതിയിൽ കുറ്റാന്വേഷണ നോവലുകൾ വാരികയിൽ സ്ഥാനം പിടിച്ചത് ഇങ്ങനെയാണ്. പതിവ് നോവലുകളിൽ നിന്നും വ്യത്യാസപ്പെട്ട കുറ്റാന്വേഷണ കഥകൾ ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്ന പേടി തുടക്കത്തിൽ മാത്രമാണ് ഉണ്ടായിരുന്നത്. അത് പ്രേക്ഷകർ സ്വീകരിച്ചു. വാരികയിൽ കോട്ടയം പുഷ്പനാഥ് എന്ന പേരിനു പ്രാധാന്യം വന്നു. അതോടെ വാരികയുടെ സർക്കുലേഷൻ കൂടുകയും, മനോരാജ്യം അടുത്ത നോവലിനുള്ള അഡ്വാൻസും അദ്ദേഹത്തിന് നൽകി. പിന്നീട് മനോരമ, മംഗളം, തുടങ്ങി പതിനൊന്നോളം വാരികയിൽ ഒരേ സമയം അദ്ദേഹത്തിന്റെ നോവലുകൾ പരമ്പരയായി പ്രസിദ്ധീകരിച്ചു. പുഷ്പനാഥ് എഴുത്തുകളുടെ വസന്തകാലം ആയിരുന്നു അത്. സാഹിത്യലോകത്തെ സാഹസികതയെന്ന് പലരും വിശേഷിപ്പിക്കാവുന്ന തരത്തിലുള്ളതായിരുന്നു പുഷ്പനാഥിന്റെ വരവ്.

ഇത്രത്തോളം നോവലുകൾ എഴുതുമ്പോഴും അടുത്ത അധ്യായത്തെ സംബന്ധിച്ച യാതൊരു രൂപരേഖയും അദ്ദേഹം മുൻകൂട്ടി മനസ്സിൽ വയ്കാറില്ല. അധ്യായത്തിന്റെ അവസാന ഭാഗം ഡയറിയിൽ കുറിച്ചിട്ട് അവിടെ നിന്നുമാണ് പുതിയ ഭാഗം ജനിക്കുന്നത്. ഇതിനോടൊപ്പം തന്റെ അദ്ധ്യാപന ജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടു പോയിരുന്നു. ആയതിനാൽ അധ്യായം പൂർത്തീകരിച്ചു നൽകാം എന്നു പറഞ്ഞതിന്റെ തലേ രാത്രിയാവും മിക്കവാറും എഴുത്തിനായി തിരഞ്ഞെടുക്കുക.
ഒരു മുറിയിൽ തന്നെ മൂന്നും നാലും പേരെയിരുത്തി ഒരേ സമയം വാരികയ്ക്കു വേണ്ടി എഴുതുന്ന രീതിയും അദ്ദേഹത്തിനുണ്ടായിരുന്നു. വാരികയിൽ നിന്നുമുള്ള പ്രതിനിധികൾ ഓരോ ആഴ്ചയിലെയും അധ്യായം വാങ്ങുവാനായി വീടിന് പുറത്ത് കാത്തുനിൽക്കുക പതിവായിരുന്നു. എത്രയൊക്കെ എഴുതാനുണ്ടെങ്കിലും ഓരോ വാരികയിലേക്കുമാവശ്യമായ രചനകൾ കൃത്യ സമയത്ത് തന്നെ അദ്ദേഹം എത്തിച്ചു കൊടുത്തിരുന്നു.

വളരെ വ്യക്തവും വിശദവുമായ എഴുത്താണ് അദ്ദേഹം സ്വീകരിച്ച് വന്നിരുന്നത്. നോവലിൻ്റെ ആദ്യം മുതൽ അവസാനം വരെയുള്ള വിവരണങ്ങൾ യാതൊരു സംശയങ്ങളും ഇല്ലാതെ നോവൽ അവസാനിപ്പിക്കാൻ വായനക്കാരനെ സഹായിക്കുന്നു. സാഹചര്യ തെളിവുകൾ കൊണ്ട് കേസ് അന്വേഷിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിൻ്റെ നോവലുകളിൽ കണ്ട് വരുന്നത്. ഈ രീതി വായനക്കാരൻ്റെയും ബുദ്ധി ഉണർത്തുകയും ചിന്തകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ അവസാനം വരെയും ആകാംഷയും സസ്പെൻസും നിലനിർത്തുന്നു. അപ്രതീക്ഷിത സാഹചര്യങ്ങളും സംഭവങ്ങളുമാണ് നോവലുകളുടെ മറ്റൊരു വഴിത്തിരിവ്. ഇത് ജനങ്ങളെ നോവലിലേക്ക് പിടിച്ചിരുത്തുന്നു.

വളരെ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നിർത്തിയാണ് പല അധ്യായങ്ങളും അവസാനിക്കുന്നത്. ഇതോടെ അടുത്ത ലക്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് വായനക്കാരനിൽ ഉണ്ടാക്കുന്നു. അടുത്ത ഭാഗം എന്താണെന്നറിയാനുള്ള ആകാഷയിൽ കഥയുടെ ബാക്കി ഭാഗം അന്വേഷിച്ച് വായനക്കാർ അദ്ദേഹത്തെ അന്വേഷിച്ചുവരുന്ന സാഹചര്യങ്ങളും പതിവായിരുന്നു. ഇത് അദ്ദേഹത്തിൻ്റെ നോവലിന് പ്രേക്ഷകർക്കിടയിലുള്ള സ്വാധീനം കാണിച്ച് തരുന്നു. ഒരു കാലത്ത് മലയാള വാരികകൾ ഭരിച്ചിരുന്നത് കുറ്റാന്വേഷണ നോവലുകൾ തന്നെയാണ്. അതിൽ കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന് ചെറുതല്ലാത്തൊരു പങ്കുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

0