അക്ഷരങ്ങളിലെ യക്ഷികൾ സിനിമയിൽ വന്നതിങ്ങനെ..!!
June 5, 2021

ചുവന്ന മനുഷ്യൻ – സാഹിത്യ ലോകത്തെ വിപ്ലവ സൃഷ്ടി

1968- ലാണ് മലയാളത്തിലെ ആദ്യ സയൻ്റിഫിക് ത്രില്ലർ നോവൽ എന്ന ലേബൽ ചുമന്നുകൊണ്ട് ചുവന്ന മനുഷ്യൻ പുറത്തിറങ്ങുന്നത്. ആദ്യ അധ്യായം മുതൽ വായനക്കാരനെ പിടിച്ചിരുത്തുന്ന സ്വഭാവമായിരുന്നു നോവലിൻ്റേത്. മനോരാജ്യം വാരികയിലൂടെ ഒരു തരത്തിൽ എഴുത്തിൻ്റെ പുതിയൊരു വിപ്ലവം തീർക്കുകയായിരുന്നു ശ്രീ കോട്ടയം പുഷ്പനാഥ്. ഒരു പുഷ്പനാഥ് ആരാധകനായി മാറുവാൻ ജനങ്ങൾക്ക് ഇത് തന്നെ ധാരാളമായിരുന്നു.
കുട്ടികളടക്കം എല്ലാവരും ഒരുപോലെ രസിച്ചാണ് ചുവന്ന മനുഷ്യൻ വായിച്ചത്. ഓരോ അധ്യായവും നൽകുന്ന ഉദ്വേഗവും ആകാംഷയും തന്നെയാണ് നോവൽ വായിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. പുഷ്പനാഥ് ജനങ്ങൾക്കിടയിൽ ജനപ്രീയനായതിന് പിന്നിൽ ചുവന്ന മനുഷ്യന് വലിയൊരു പങ്കുണ്ട്. അടുത്ത ലക്കത്തിനായി തീർത്തും അക്ഷമരായാണ് വായനക്കാർ കാത്തിരുന്നത്. അടുത്ത അധ്യായം എന്താണെന്നറിയാനുള്ള ആവേശത്തിൽ പലരും അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് അന്വേഷിക്കുകയും പതിവായിരുന്നു. അത്തരത്തിൽ സസ്പെൻസ് നിലനിർത്തുന്ന അവസാനമാണ് ഓരോ അധ്യായത്തിലും അദ്ദേഹം നൽകിയിരുന്നത്. വായനയുടെ ലഹരി തലയ്ക്ക് പിടിച്ച നിലയിലാണ് മനോരാജ്യത്തിൻ്റെ അന്നത്തെ വായനക്കാർ.

“പ്രേതത്തിൽ വിശ്വാസമുണ്ടോ..??
ന്യൂയോർക്ക് ടൈംസ് വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഡോക്ടർ ജോൺസൺ മാർക്സിനോട് ചോദിച്ചു.”
– ചുവന്ന മനുഷ്യൻ

വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചോദ്യം ഒരു നിമിഷത്തേക്ക് വായനക്കാരനെയൊന്ന് നടുക്കും. ഉള്ളിലെ രക്തയോട്ടത്തിന് വേഗത ജനിപ്പിക്കും. ശ്വാസത്തിൻ്റെ കട്ടി കൂട്ടി നിശബ്ദത പടർത്തും. ഇതാണ് പുഷ്പനാഥ് രചനകളിലെ സവിശേഷത. വായനക്കാരനും നോവലിലെ ഒരു ഭാഗമാണെന്ന് തോന്നിക്കുന്ന രീതിയിലാണ് അദ്ദേഹത്തിൻ്റെ എഴുത്ത്. കഥയുടെ ആദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്താൻ ശക്തി അതിനുണ്ടായിരുന്നു.
കൂടാതെ, ടിക്കറ്റ് ഇല്ലാതെ അക്ഷങ്ങളിലൂടെ വായനക്കാരനെ ഫ്രാൻസിലേക്കും പാരീസിലേക്കും കൂട്ടികൊണ്ട് പോകുന്നു. അങ്ങനെ ഡിറ്റക്ടീവ് മാർക്സിൻ എന്ന നോവലിലെ കഥാപാത്രം മലയാളികളുടെ മനസ്സിൽ ഇടം നേടുന്നു.

“നീണ്ടുനിവർന്ന ശരീരവും ബലിഷ്ഠമായ കൈകളും തീക്ഷ്‍ണങ്ങളായ കണ്ണുകളും ഉയർന്ന നാസികയുംകൊണ്ട് ആരുടേയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാളായിരുന്നു അപരിചിതൻ. വേഷവിധാനങ്ങൾ ശ്രദ്ധിച്ചാൽ ഒരു ദൂരയാത്ര കഴിഞ്ഞ മട്ടുണ്ട്. ഒരു സ്യൂട്ട്കേസ് ഒഴികെ വിശേഷവിധിയായി കയ്യിലൊന്നും ഇല്ലായിരുന്നു.”

എത്ര ഉദ്വെഗവും ജിജ്ഞാസയുണർത്തുന്നതുമാണ് ആ വിവരണങ്ങൾ..!!
മലയാള സാഹിത്യത്തിൽ വ്യത്യസ്തമായ ആശയത്തിലൂടെ ഡിറ്റക്ടീവ് നോവലുകൾക്ക് രൂപം നൽകി മൂന്നു തലമുറയെ വായനയ്ക്ക് അടിമയാക്കിയാണ് കോട്ടയം പുഷ്പനാഥ് ചരിത്രം സൃഷ്ടിച്ചത്.

ഫ്രാൻസിലെ മധ്യ പ്രദേശത്തുള്ള ശവക്കല്ലറയിൽ നിന്നും സ്ഥിരമായി മൃതദേഹങ്ങൾ കാണാതാവുന്നതിനെപ്പറ്റിയുള്ള വാർത്തകൾ വരാറുണ്ടായിരുന്നു. തുടർന്ന് ചുവന്ന മനുഷ്യൻ എന്ന ഭീകരനെ തേടി മാർക്സിൻ യാത്ര തുടരുന്നു. പിന്നീട് ചുവന്ന മനുഷ്യനെന്ന ഭീകരനെ കണ്ടുപിടിക്കാനുള്ള മാർക്സിൻ്റെ ശ്രമമാണ് നോവലിലുടനീളം കാണുന്നത്. ഇതാണ് ചുവന്ന മനുഷ്യൻ എന്ന നോവലിൻ്റെ രത്നചുരുക്കം. ഓരോ വാചകത്തിലും വായനക്കാരെ ആകാംക്ഷയുടെ സൂചിമുനയിൽ നിർത്തുന്ന തരത്തിലായിരുന്നു ചുവന്ന മനുഷ്യൻ എഴുതിയിരുന്നത്. വായനക്കാർ നോവലിലേക്ക് കണ്ണുനട്ട് രസം പിടിച്ച് വായിച്ചു. വായനാ ലോകത്തേക്ക് ഒരു മാറ്റം സൃഷ്ടിച്ചുകൊണ്ട് തന്നെയായിരുന്നു ചുവന്ന മനുഷ്യൻ്റെ കടന്നുവരവ്. വായനക്കാരനെ തൃപ്തിപ്പെടുത്താനും ആസ്വാദനത്തിൻ്റെ മുൾമുനയിൽ എത്തിക്കാനും രസിപ്പിക്കാനും ഒരു ഡിറ്റക്ടീവ് നോവലിന് സാധിക്കുമെന്ന് അന്നത്തെ വാരികയുടെ എഡിറ്റർക്ക് ഇതിലൂടെയാണ് മനസ്സിലായത്.
അൻപത് വർഷങ്ങൾക്ക് ശേഷം ചുവന്ന മനുഷ്യൻ പുനപ്രസിദ്ധീകരിച്ചപ്പോഴും അറുപതുകളിൽ ലഭിച്ച അതേ സ്വീകരണമാണ് വായനക്കാരിൽ നിന്നുമുണ്ടായത്. ഇന്നും കോട്ടയം പുഷ്പനാഥ് രചനകളുടെ ആരാധകരിൽ യാതൊരു കുറവും വന്നിട്ടില്ലെന്നതിന് ഉത്തമ തെളിവാണിത്.

Leave a Reply

Your email address will not be published. Required fields are marked *

0