പുഷ്പനാഥ് രചനകളിലെ കഥാപാത്ര വർണന
September 2, 2021
പതിമൂന്നും കോട്ടയം പുഷ്പനാഥും…
September 15, 2021

പുഷ്പനാഥ് രചനകളിലെ പ്രധാന നോവലുകൾ

ആധുനിക മലയാള അപസർപ്പക സാഹിത്യചരിത്രത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത പേരാണ് കോട്ടയം പുഷ്പനാഥ്. ധാരാളം അപസർപ്പക നോവലുകൾ കൊണ്ട് അദ്ദേഹം മലയാളി മനസുകളെ കീഴടക്കി. മലയാളികൾക്ക് മുന്നിൽ ഡിറ്റക്റ്റീവ് നോവലുകൾ പരിചയപ്പെടുത്തിയത് ശ്രീ കോട്ടയം പുഷ്പനാഥിന്റെ തൂലികയാണ്.ഡിറ്റക്റ്റർ എന്ന മാഗസീനിൽ കഥകൾ എഴുതിയായിരുന്നു അദ്ദേഹത്തിൻ്റെ തുടക്കം. പിന്നീട് 1968-ൽ മലയാളത്തിലെ എക്കാലത്തെയും സയൻ്റിഫിക് ത്രില്ലറായ ‘ചുവന്ന മനുഷ്യൻ’ എന്ന നോവലിന് ജീവൻ നൽകിക്കൊണ്ട് കോട്ടയം പുഷ്പനാഥ് എഴുത്തിൻ്റെ ലോകത്തേക്ക് പുതിയ ചുവട് വച്ചു. ചുവന്ന മനുഷ്യൻ വിജയിച്ചതോടെ ‘ഫറവോൻ്റെ മരണമുറി’ എന്ന രണ്ടാമത്തെ നോവലും അദ്ദേഹം രചിച്ചു. ഈ നോവലുകളിലൂടെ മലയാളികൾക്ക് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരനോടൊപ്പം ഡിറ്റക്ടീവ് മാർക്സിൻ, പുഷ്പരാജ് എന്നി കഥാപാത്രങ്ങളും പ്രിയപ്പെട്ടതായി. 

 

പ്രധാന നോവലുകൾ

 

     ചുവന്ന മനുഷ്യൻ

1968-ലാണ് മനോരാജ്യം വാരികയ്ക്കായി ‘ചുവന്ന മനുഷ്യൻ’ എന്ന നോവലിന് പുഷ്പനാഥ് ജീവൻ നൽകുന്നത്. അതുവരെ വാരികകൾ സ്വീകരിച്ചിരുന്ന വഴിയിൽ നിന്നും വ്യതിചലിച്ച് അപസർപ്പക എഴുത്തിൻ്റെ കവാടം ജനങ്ങൾക്ക് പരിചയപ്പെടുത്തുകയായിരുന്നു കോട്ടയം പുഷ്പനാഥ് എന്ന വ്യക്തിയിലൂടെ മനോരാജ്യം. ജനങ്ങൾ ഇത് സ്വീകരിക്കുകയും നോവലിന് അതിഗംഭീരമായി സർക്കുലേഷൻ ഉയരുകയും ചെയ്തു. ചുവന്ന മനുഷ്യനിലൂടെയാണ് പുഷ്പനാഥിനെ ജനങ്ങളറിയാൻ തുടങ്ങിയത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ രസിച്ചു വായിച്ച നോവലാണ് ചുവന്ന മനുഷ്യൻ. ചുവന്ന മനുഷ്യൻ്റെ ഓരോ താളിലും ജനങ്ങളെ ത്രസ്സിപ്പിക്കുന്ന വാചകങ്ങളാണുള്ളത്.  

 

   ഡ്രാക്കുളയുടെ മകൾ

1973- ലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുഷ്പനാഥിന്റെ ഏറ്റവും ദൈർഘ്യമേറിയ നോവലാണ് ഡ്രാക്കുളയുടെ മകൾ. ക്രിസ്റ്റ്യൻ ലിറ്ററേച്ചർ സൊസൈറ്റിയാണ് ആദ്യമായി ഈ നോവൽ പ്രസിദ്ധീകരിക്കുന്നത്. പിന്നീട് 1978- ൽ റോയൽ ബുക്ക്സ് ഇതിൻ്റെ പ്രസിദ്ധീകരണം ഏറ്റെടുത്തു. മാർക്സിൻ സീരിസിൽ ഉൾപ്പെടുന്ന കഥയാണ് ഡ്രാക്കുളയുടെ മകൾ. അമേരിക്കയെ പശ്ചാത്തലമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇത് കൂടാതെ ഡ്രാക്കുളയെ കേന്ദ്ര കഥാപാത്രമാക്കി ധാരാളം നോവലുകൾ അദ്ദേഹം രചിച്ചു. ഡ്രാക്കുള ഏഷ്യയിൽ, ഡ്രാക്കുളയുടെ അങ്കി, ഡ്രാക്കുളയൂടെ നിഴൽ എന്നിവ ഇതിൽ ചിലതാണ്.  

 

   ഫറവോൻ്റെ മരണമൊഴി

ഈജിപ്റ്റിലെ പൗരാണിക അവശേഷിപ്പുകളെ കോർത്തിണക്കിയാണ് ഈ നോവൽ മുന്നോട്ട് പോകുന്നത്. ഒരു യാത്രികൻ്റെ അനുഭവമായാണ് പുഷ്പനാഥ് ഇത് ആവിഷ്കരിച്ചിരിക്കുന്നത്. ചുവന്ന മനുഷ്യന് ശേഷം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സയൻ്റിഫിക് ത്രില്ലർ നോവലാണ് ‘ഫറവോൻ്റെ മരണമൊഴി’. ഷേക്സ്പിയറിൻ്റെ ഹാംലറ്റ് എന്ന നാടകമാണ് ഈ നോവലെഴുതാൻ അദ്ദേഹത്തിന് പ്രചോദനമായത്. 

 

   ഹിറ്റ്ലറുടെ തലയോട്

പേരിൽ തന്നെ ചോരയുടെ ഗന്ധം ആവിഷ്ക്കരിച്ച നോവലാണ് ഹിറ്റ്ലറുടെ തലയോട്. ഹിറ്റ്ലറുടെ മരണത്തിനുശേഷം ശാസ്ത്രഞ്ജന്മാർ ഏറ്റവുമധികം പരീക്ഷണം നടത്തിയത് അദ്ദേഹത്തിൻ്റെ തലയോടിൽ ആയിരുന്നു. ഈ കോൺസ്പിറൻസിയുമായി ബന്ധപ്പെട്ട രചനയാണ് ഹിറ്റ്ലറുടെ തലയോട് എന്ന നോവൽ. യാഥാർഥ്യവുമായി ബന്ധപ്പെട്ട് നിൽക്കുന്ന നോവലായത് കൊണ്ട് പ്രേക്ഷക ശ്രദ്ധ ഒരുപാട് നേടിയ നോവലാണിത്. ഓരോ വരിയിലും ആകാംക്ഷ നിറയ്ക്കുന്ന രീതിയിലാണ് പുഷ്പനാഥ് ഈ നോവലിന് രൂപം നൽകിയത്. 

 

   ഡെത്ത് സർക്കിൾ

1978- ൽ വിദ്യാർത്ഥിമിത്രം ബുക്ക് ഹൗസാണ് ഇത് പുസ്തകമാണ് പ്രസിദ്ധീകരിച്ചത്. ഡിറ്റക്റ്റീവ് പുഷ്പരാജിൻ്റെ ചടുലമായ കേസന്വേഷണമാണ് ഇതിൽ നിറഞ്ഞു നിന്നിരുന്നത്. ലക്ഷണമൊത്ത ഒരു അപസർപ്പക നോവൽ തന്നെയായിരുന്നു ‘ഡെത്ത് സർക്കിൾ’. വിദേശത്ത് ജോലി നൽകാമെന്ന വ്യാചേന വഞ്ചിക്കപ്പെടുന്ന യുവതികളുടെ കഥയാണ് ഈ നോവൽ കൈകാര്യം ചെയ്യുന്നത്. 

  ഡെവിൾസ് ബംഗ്ലാവ്

2007 മാർച്ചിലാണ് ‘ഡെവിൾസ് ബംഗ്ലാവ്’ പിറവിയെടുക്കുന്നത്. മംഗളം വാരികയുടെ മറ്റൊരു ജനപ്രിയ വാരികയിൽ വന്ന തുടർനോവലാണിത്. ഒരു ഹൊറർ നോവലായ ഡെവിൾസ് ബംഗ്ലാവ് ജോൺ സക്കറിയ എന്ന പേരിലാണ് അദ്ദേഹം എഴുതിയത്. പിന്നീട് പല വാരികയിലും ചെറുകഥകൾ എഴുതിയിരുന്നെങ്കിലും തുടർനോവലുകൾ 2007- ഓടെ അദ്ദേഹം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

0