പുഷ്പനാഥ് രചനകളിലെ പ്രധാന നോവലുകൾ
September 2, 2021
അപസർപ്പക കഥകളുടെ തുടക്കവും കോട്ടയം പുഷ്പനാഥും
September 30, 2021

പതിമൂന്നും കോട്ടയം പുഷ്പനാഥും…

“എനി റൂം വേക്കന്റ് ഹിയർ ?” (Any room vacant here) ആഗതൻ ചോദിച്ചു.
താക്കോൽ തൂക്കിയിടാറുള്ള ബോർഡിലേക്ക് തിരിഞ്ഞുനോക്കിയശേഷം അയാൾ ബുക്കുനീക്കിവെച്ചു.
പോക്കറ്റിൽനിന്നും ബോൾപെൻ വലിച്ചെടുത്ത് ആഗതൻ ആ ബുക്കിൽ മേൽവിലാസമെഴുതി.
കൈയ്യിൽ കിട്ടിയ താക്കോൽ വളയത്തിൽ തൂങ്ങികിടന്ന മത്സ്യത്തിന്റെ അകൃതിയിലേക്ക് അയാൾ നോക്കി.
“റൂം നമ്പർ 13.”
“ഈ മുറിക്കൂടാതെ വേറൊന്നുമില്ലേ?” ആഗതൻ ചോദിച്ചു.
പതിമൂന്ന് എന്ന നമ്പർ ഒരശുഭസൂചനയായി അയാൾക്കുതോന്നി. സാധാരണ വിദേശരാജ്യങ്ങളിൽ പതിമൂന്ന് എന്ന നമ്പർ അപകടത്തിന്റെ ലക്ഷണമായി കണക്കാക്കിയിരുന്നു. ഹോട്ടലിലെ മുറികളിലോ മംഗളകർമ്മങ്ങൾക്കോ ആ തിയതിയോ നമ്പറോ ആരും ഉപയോഗിച്ചിരുന്നില്ല.
അയാൾ കിടക്കയിൽ നോക്കിയശേഷം സൂട്ട്കേയ്സ്‌ തുറന്നു വസ്ത്രം മാറി.
“റൂം നമ്പർ 13” അയാൾ പിറുപിറുത്തു
കണ്ണാടിയിൽ നോക്കി മുഖത്തുള്ള താടിമീശയിൽ ഒന്നു തടവിയ ശേഷം വളരെ ശ്രദ്ധയോടെ കൈകൾ ചെവിയുടെ മുകളിൽ തടവി താഴോട്ട്നീക്കി. സിക്കുതാടി കവിളിൽനിന്നും അടർന്നു. തലയിലെ നീണ്ടമുടിയും അയാളഴിച്ചു.
“ഓവർബ്രിഡ്ജ്” എന്ന കുറ്റാന്വേഷണ കഥയിലെ നായകനായ ഡിറ്റക്റ്റീവ് പുഷ്പരാജിന്റെ മുഖം കണ്ണാടിയിൽ തെളിഞ്ഞു.
– (ഹോട്ടൽ സൈക്കോ, കോട്ടയം പുഷ്പനാഥ് )
************************************

 

ശ്രീ കോട്ടയം പുഷ്പനാഥിന്റെ കൈയ്യെഴുത്തു പ്രതികളിൽ ഒന്നുംതന്നെ പതിമൂന്ന് എന്ന അദ്ധ്യായം ഉണ്ടായിരുന്നില്ല. പകരം അതിനു 12A എന്നാണ് കുറിച്ചിരുന്നത്. വിവിധ പ്രസാധകരുടെ പുസ്തകങ്ങളിൽ ഇത് പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും കോട്ടയം പുഷ്പനാഥ്‌ പബ്ലിക്കേഷൻസ് ഈ രീതി അനുവർത്തിക്കാൻ സൂഷ്മത കാണിക്കുകയായിരുന്നു. പതിമൂന്നിനോടുള്ള അദ്ദേഹത്തിന്റെ സമീപനരീതി ചുവന്ന മനുഷ്യൻ എന്ന ആദ്യനോവൽ മുതൽക്കേ ആരംഭിച്ചിരുന്നു, ഈ സമീപനം പശ്ചാത്യരീതികളോട് യോജിക്കുന്ന തരത്തിലുള്ളതായിരുന്നു. പ്രത്യേകിച്ച് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ 13 എന്ന സംഖ്യ അശുഭ ലക്ഷണമായി പൊതുവെ കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ ഇന്ത്യൻ പശ്ചാത്തലത്തിലുള്ള നോവലുകളിലും പതിമൂന്നാം നമ്പറിലുള്ള മുറികൾ പരാമർശിക്കപ്പെടുന്നുണ്ട്. കാരണം മറഞ്ഞിരിക്കുന്ന ദുരൂഹശക്തികൾക്കെതിരായ പോരാട്ടം എപ്പോഴും കഠിനമായ ദുരനുഭവമാണ്, ഇരകൾക്കും അന്വേഷകർക്കും. 13 എന്ന സംഖ്യ നിർഭാഗ്യത്തിന്റെ പര്യായമായാണ് അറിയപ്പെടുന്നത്. ഒരു അത്താഴവിരുന്നിൽ 13 അതിഥികൾ ഉണ്ടായിരിക്കുന്നത് നിർഭാഗ്യകരമായി കണക്കാക്കപ്പെടുന്നു, അമേരിക്കപോലുള്ള പല വിദേശ രാജ്യങ്ങളിൽ ബഹുനിലകെട്ടിടങ്ങളുടെയും ഹോസ്പിറ്റലുകളുടെയും 13 -ാം നില ഉപയോഗിക്കാറില്ല, ഈ നമ്പർ കലണ്ടറിൽ അടയാളപ്പെടുത്തിയ ദിവസം മിക്ക ആളുകളും വിവാഹം കഴിക്കുകയോ വീട് വാങ്ങുകയോ ചെയ്യാറില്ല.
ഗവേഷകരുടെ അന്വേഷണത്തിൽ അമേരിക്കൻ ജനസംഖ്യയിൽ പത്തുശതമാനം ആളുകൾ പതിമൂന്ന് എന്ന സംഖ്യയെ ഭയത്തോടെയാണ് വീക്ഷിക്കുന്നത്, പ്രത്യേകിച്ച് ഈ ദിവസം വെള്ളിയാഴ്ച്ച കൂടിയാകുമ്പോൾ. നിർഭാഗ്യവശാൽ ഒരു കലണ്ടർ വർഷത്തിൽ എല്ലായ്പ്പോഴും ഒരു വെള്ളിയാഴ്ച 13 -ാം തീയതിയാണ്.
ഇപ്പോൾ ഇന്ത്യയിലും 13 -ാം നിലയിലുള്ള ഫ്ലാറ്റ് വാങ്ങുന്നത് പലരും ഒഴിവാക്കുന്നു. അതിനാൽ റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർ പ്രസ്തുത നമ്പർ ആ നിലയ്ക്ക് നൽകാറില്ല. എയർപോർട്ട് ഗേറ്റുകൾക്കും പൊതുവെ എലിവേറ്ററുകൾക്കും ഇത് ബാധകമായിരിക്കുന്നു. എന്തായാലും 13 എന്ന സംഖ്യയുമായി ബന്ധപ്പെട്ട അനേകം ആകസ്മികത ലോകചരിത്രത്തിൽ സംഭവ്യമായിട്ടുണ്ട്. ഒരു പക്ഷെ ഇത് നൂറ്റാണ്ടുകൾകൊണ്ട് ദുർബലപ്പെടുത്തുന്ന സംഭവപരമ്പരകൾകൊണ്ട് ഉരുതിരിഞ്ഞുവന്ന അനുഭവമാകാം.
എന്നിരുന്നാലും പതിമൂന്ന് ഒരു ഭാഗ്യനമ്പറായി കരുതുന്ന ജനതയുമുണ്ട് എന്നത് വൈരുധ്യമായി തോന്നാം. ലോകത്തിന്റെ എല്ലാ സ്ഥലങ്ങളിലും 13 അഭാഗ്യമല്ല. ഉദാഹരണത്തിന് ഹിന്ദുമതത്തിൽ, ഹിന്ദു മാസത്തിലെ പതിമൂന്നാം ദിവസമായ ത്രയോദശിയിൽ ശിവനെയും പാർവ്വതിയെയും ആരാധിക്കാൻ ആളുകൾ ഉപവസിക്കാറുണ്ട്. അതുപോലെ ബുദ്ധമതത്തിലെ ഷിംഗോൺ വിഭാഗത്തിൽ 13 ബുദ്ധന്മാരുണ്ട്, ദ ടിബറ്റൻ ബുക്ക് ഓഫ് ദി ഗ്രേറ്റ് ലിബറേഷനിൽ ഭാഗ്യകരമായ 13 അടയാളങ്ങളെക്കുറിച്ച് പരാമർശമുണ്ട്.
ഒരു പക്ഷെ പശ്ചാത്യർക്ക് ഈ ദിവസത്തിൽ അപകടങ്ങളും ദുർനിമിത്തങ്ങളും വരുന്നത് പതിമൂന്നിനോടുള്ള അമിതമായ ഭയവും ഉത്കണ്ഠയും കൊണ്ടാവാം. എന്നാൽ കുപ്രസിദ്ധരും കൊടും കുറ്റവാളികളുമായ തിയോഡോർ ബണ്ടി (Theodore Bundy), ചാൾസ് മാൻസൺ (Charles Manson), ആൽബർട്ട് ഡി സാൽവോ (Albert De Salvo), ജാക്ക് ദി റിപ്പർ (Jack the Ripper), ജെഫ്രി ഡാമർ (Jeffrey Dahmer), എന്നിവരുടെ പേരുകളിൽ പതിമൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങളാണുള്ളത് എന്നത് നമ്മളെ അത്ഭുതപ്പെടുത്തിയേക്കാം. അതുപോലെതന്നെ ലോകം കിഴടക്കാൻ ശ്രമിച്ച ഹിറ്റ്‌ലറുടെ യഥാർത്ഥ പേര് അഡോൾഫസ് ഹിറ്റ്ലർ (Adolfus Hitler) എന്നായിരുന്നു. അതിനും അക്ഷരങ്ങൾ 13.
ഇവയെല്ലാം മനുഷ്യമനസ്സിൽ വളരെ കൗതുകം ഉണർത്തുമെങ്കിലും ഇതിനെല്ലാം ഉപരി നമ്മളെ വിസ്മയിപ്പിക്കുന്ന മറ്റൊരു സംഭവം തന്റെ കൈയ്യെഴുത്തു പ്രതികളിൽ പതിമൂന്നിന് അശുഭ സൂചകമായി കണ്ട് മാറ്റിനിർത്തുകയും തന്റെ രചനകളിലെ കഥാഗതിയിൽ ഇത് പലപ്പോഴും പ്രതിഫലിപ്പിച്ച ശ്രീ പുഷ്പനാഥ്‌ അടക്കം ചെയ്യപ്പെട്ടത് 13 -ാം നമ്പർ കല്ലറയിലാണ്.
(തുടരും…)
| Sabu Thomas Nellikalayil |

Leave a Reply

Your email address will not be published. Required fields are marked *

0