പതിമൂന്നും കോട്ടയം പുഷ്പനാഥും…
September 15, 2021
ഹൊറർ ഫിക്ഷന്റെ ചരിത്രം
October 1, 2021

അപസർപ്പക കഥകളുടെ തുടക്കവും കോട്ടയം പുഷ്പനാഥും

ഒരു ഡിറ്റക്ടീവ് ഒരു അന്വേഷകനാണ്, സാധാരണയായി ഒരു നിയമ നിർവ്വഹണ സഭയിലെ അംഗവുമാണ്. 

സാക്ഷികളോടും വിവരദാതാക്കളോടും സംവദിച്ചോ, ഭൗതിക തെളിവുകൾ ശേഖരിച്ചോ, ഡാറ്റാബേസുകളിൽ രേഖകൾ തിരഞ്ഞോ അവർ പലപ്പോഴും കുറ്റകൃത്യങ്ങൾ പരിഹരിക്കാനുള്ള വിവരങ്ങൾ ശേഖരിക്കുന്നു. ഇത് അവരെ കുറ്റവാളികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും കോടതി മുഖേന ശിക്ഷ നടപ്പിലാക്കാനും പ്രാപ്തരാക്കുന്നു. അന്വേഷിക്കപ്പെടുന്ന കുറ്റം ഒട്ടു മിക്കപ്പോഴും മോഷണം, അക്രമം, കവർച്ച, കൊലപാതകം എന്നിവയായിരിക്കും. 

കൃത്യം സംഭവിച്ചുകഴിഞ്ഞതോടെ കഥ ആരംഭിക്കുന്നു. പക്ഷേ കുറ്റകൃത്യം ചെയ്തതാരെന്ന കാര്യവും സാഹചര്യങ്ങളും അജ്ഞാതമായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിറ്റക്റ്റീവ് അഥവാ കുറ്റാന്വേഷകൻ രംഗപ്രവേശം ചെയ്യുന്നത്. വിദൂരമായ തെളിവുകൾപോലും അയാൾ ശേഖരിക്കുന്നു. അതിവിദഗ്ദ്ധമായ നിരീക്ഷണപാടവത്തോടെ, കുറ്റകൃത്യത്തെ സംബന്ധിക്കുന്ന പലതും അയാൾ ഊഹിച്ചെടുക്കുന്നു. അങ്ങനെ, ഇരുളിലാണ്ടുപോയ പല സംഭവങ്ങളും അനുക്രമമായി അയാൾ വെളിച്ചത്തുകൊണ്ടുവരുന്നു. ഇത്തരത്തിലാണ് അപസർപ്പകകഥകളിലെ ഇതിവൃത്തം നീങ്ങുന്നത്. ഇത്തരം കഥകൾ വായനക്കാരിൽ അസാധാരണമായ ഉദ്വേഗം സൃഷ്ടിക്കും. അടുത്തതെന്ത്? എന്നറിയാനുള്ള വെമ്പലും ഉത്കണ്ഠയും അവരിൽ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കും. സാധാരണക്കാരായ വായനക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള കഥാവിഭാഗം ഇതാണ് എന്നുതന്നെ പറയാം.

1800 കളിൽ വ്യാവസായിക വിപ്ലവത്തിന്റെ കാലഘട്ടത്തിനുമുമ്പ്, മിക്ക ആളുകളും ചെറിയ പട്ടണങ്ങളിൽ താമസിക്കുകയും അടുത്തടുത്തായി ജോലി ചെയ്യുകയും ചെയ്തു, അതിനാൽ സമ്പർക്കം പുലർത്തിയിരുന്ന മിക്കവാറും ആളുകളെ അറിയാമായിരുന്നു. എന്നാൽ വ്യാവസായിക ജോലികളുടെ വർദ്ധനയോടെ, കൂടുതൽ ആളുകൾ നഗരങ്ങളിലേക്ക് മാറാൻ തുടങ്ങി, ഇത് പ്രതിദിനം കൂടുതൽ അപരിചിതരെ സൃഷ്ട്ടിച്ചു, ഇതോടെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നതും കുറ്റകൃത്യങ്ങളുടെ നിരക്കും വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ പോലീസ് സേന സ്ഥാപിതമായത്. അതോടൊപ്പം തന്നെ ഡിറ്റക്ടീവ് വിഭാഗങ്ങളും തുടക്കം കുറിച്ചു.

ഇലിയഡ്, ഒഡീസി എന്നീ യവനേതിഹാസങ്ങളിലും ഇത്തരം കഥാഖ്യാനങ്ങൾ കാണാനുണ്ട്. മധ്യകാലയുഗങ്ങളിൽ ബൊക്കാച്ചിയോ, ചോസർ തുടങ്ങിയവരുടെ കഥകളിലും അവിടവിടെയായി അപസർപ്പകകഥാസ്വഭാവം തെളിഞ്ഞുനിൽക്കുന്നു. ആധുനികമായ അപസർപ്പകകഥയുടെ ആദ്യത്തെ ഉദാഹരണമായി വോൾട്ടയറുടെ സാദിഗ് എന്ന കഥയിലെ ഒരധ്യായത്തെ ചില സാഹിത്യ ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. 

 ആംഗലേയ സാഹിത്യത്തിൽ അപസർപ്പകകഥകളുടെ തുടക്കം കുറിക്കുന്നത് വിൽക്കീ കോളിൻസ് രചിച്ച “The moon stone” എന്ന കഥയിലൂടെയാണ്. ഇതിലെ നായകനായ സർജന്റ് കഫ് ഒരു നല്ല ഡിറ്റക്റ്റീവിന്റെ പല സ്വഭാവങ്ങളും പ്രദർശിപ്പിക്കുന്നു. 1842-ൽ ഇംഗ്ലണ്ടിലെ വിഖ്യാതമായ സ്കോട്ട്‌ലൻഡ് യാർഡ് എന്ന കുറ്റാന്വേഷണസംഘം സ്ഥാപിക്കപ്പെട്ടു. അതോടെ, കുറ്റാന്വേഷണത്തെക്കുറിച്ച് ആളുകൾക്ക് പലതും അറിയാനുള്ള അവസരമുണ്ടായി. ധാരാളം അപസർപ്പകകഥകൾ അക്കാലത്ത് വായനക്കാർക്കിടയിൽ പ്രചരിച്ചു. ചാൾസ് ഡിക്കൻസ്പോലും തന്റെ അന്ത്യകാലത്ത് ഒരു അപസർപ്പകകഥ രചിക്കുന്നതിൽ ഏർപ്പെടുകയുണ്ടായി. അത് പകുതിയാക്കിയപ്പോൾ മരണം അദ്ദേഹത്തെ അപഹരിച്ചെങ്കിലും അപൂർണമായ അവസ്ഥയിൽ തന്നെ 1870-ൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു. എഡ്വിൻ ഡ്രൂഡിനെ സംബന്ധിക്കുന്ന രഹസ്യം (The Mystery of Edwin Drood) എന്നാണ് ആ കഥയുടെ പേര്.

അപസർപ്പകകഥാവിഭാഗത്തിലെ ഏറ്റവും വിഖ്യാതനും വിദഗ്ദ്ധനുമായ എഴുത്തുകാരൻ ആർതർ കോനൻ ഡോയ്ൽ (Arthur Conan Doyle) ആണ്. വൈദ്യവൃത്തിയിലേർപ്പെട്ടുകൊണ്ടാണ് അദ്ദേഹം ജീവിതം ആരംഭിച്ചത്. ചികിത്സയ്ക്കു വേണ്ടത്ര രോഗികളെ ലഭിക്കാതെവന്നതുമൂലം അദ്ദേഹം കഥാരചനയിലേക്ക് തിരിഞ്ഞു. ആദ്യകാലകഥകളൊന്നും ആരെയും കാര്യമായി ആകർഷിച്ചില്ല. 1891-ൽ രചിച്ച ബൊഹിമിയയിലെ അപവാദം (A Scandal in Bohemia) എന്ന കഥയാണ് പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്. തുടർന്ന് അദ്ദേഹം തന്റെ അനശ്വരകഥാപാത്രമായ ഷെർലക്ക് ഹോംസ് എന്ന ഡിറ്റക്റ്റീവിനെ അവതരിപ്പിച്ചു. ഷെർലക്ക് ഹോംസിന്റെ വീരകൃത്യങ്ങൾ, ഷെർലക്ക് ഹോംസിന്റെ ഓർമക്കുറിപ്പുകൾ എന്നിങ്ങനെയുള്ള കഥകളിലൂടെ ആ കഥാപാത്രത്തെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചുവെന്ന് തെളിയിക്കുന്ന ഒരു സംഭവം അന്നുണ്ടായി. ഒരു കഥയിൽ ഷെർലക്ക് ഹോംസ് മരിക്കുന്നതായി ചിത്രീകരിച്ചുകൊണ്ട് ആർതർ കോനൻ ഡോയ്ൽ തന്റെ കഥാപരമ്പരയ്ക്ക് വിരാമമിട്ടു; പക്ഷേ, വായനക്കാർ വിട്ടില്ല. അവരുടെ സംഘടിതവും തീവ്രവുമായ നിവേദനങ്ങൾക്ക് വഴങ്ങി, ആ കഥാനായകനെ പുനർജീവിപ്പിക്കാൻ അദ്ദേഹം നിർബന്ധിതനായി. 1902-ൽ പ്രസിദ്ധം ചെയ്ത ബാസ്കർ വില്സിലെ നായ് എന്ന അപസർപ്പകകഥയിലാണ് കോനൻ ഡോയ്ൽ തന്റെ കലാപരമായ കഴിവ് ഏറ്റവും ഭംഗിയായി വെളിപ്പെടുത്തിയിട്ടുള്ളത്.

മലയാളകഥാനോവൽ പ്രസ്ഥാനങ്ങളിൽ ആരംഭകാലത്തു തന്നെ അപസർപ്പക കഥകളും സ്ഥാനം പിടിച്ചു. മലയാളത്തിലെ കഥാകാരന്മാരുടെ ആദ്യതലമുറയ്ക്കു മാർഗദർശകമായിരുന്നത് എഡ്ഗർ അലൻപോയും, സർ ആർതർ കോനൻ ഡോയലും നഥാനിയേൽ ഹാത്തോണുമൊക്കെയായിരുന്നു. കടംകൊണ്ട ആശയങ്ങളെ കഴിയുന്നത്ര മലയാളീകരിച്ച് അവതരിപ്പിക്കാനാണ് ഈ തുടക്കക്കാരെല്ലാം ശ്രമിച്ചത്. വേങ്ങയിൽ കുഞ്ഞുരാമൻ നായനാർ, ഒടുവിൽ കുഞ്ഞുകൃഷ്ണ മേനോൻ, എം.ആർ.കെ.സി., അമ്പാടി നാരായണപ്പൊതുവാൾ തുടങ്ങിയവർ രചിച്ച കഥകളിൽ ഏറ്റവും പ്രചാരം നേടിയതു് അപസർപ്പക കഥകളായിരുന്നു.

അതിവിരുതനായ ഒരു കള്ളന്റെ ജീവിതകഥയെ ആധാരമാക്കി വേങ്ങയിൽ കുഞ്ഞുരാമൻ നായനാർ 1065-ൽ പ്രസിദ്ധീകരിച്ച വാസനാവികൃതി എന്ന കഥയാണ് മലയാള ഭാഷയിൽ അറിയപ്പെട്ടിടത്തോളം ആദ്യം ഉണ്ടായ അപസർപ്പക കഥ. സർ ആർതർ കോനൻ ഡോയ്ലിന്റെ ഷെർലക് ഹോംസ് കഥകളിൽനിന്നാണ് നായനാർ തന്റെ പുതിയ കഥയ്ക്കുള്ള ആശയവും രചനാരീതിയും സ്വീകരിച്ചത്. വാസനാവികൃതിയെ പിന്തുടർന്ന് മേനോക്കിയെ കൊന്നതാര് എന്നൊരപസർപ്പകഥകൂടി നായനാർ രചിച്ചു. അപസർപ്പക കഥകൾക്കു സാഹിത്യരംഗത്തു പിന്നീടുണ്ടായിട്ടുള്ള അയിത്തം ആദ്യകാല രചയിതാക്കളെ ഒട്ടുംതന്നെ ബാധിച്ചിരുന്നില്ല.

അപ്പൻ തമ്പുരാൻ 1905ൽ പ്രസിദ്ധീകരിച്ച ഭാസ്കരമേനോൻ ആണു് മലയാളഭാഷയിൽ ആദ്യം പുറത്തുവന്ന അപസർപ്പക നോവൽ. ഭീതിയും ആകാംക്ഷയും ഇളക്കിവിടുന്ന ഭീകര സംഭവങ്ങൾ ആവോളം ഇടകലർത്തി ഒ.എം. ചെറിയാൻ രചിച്ച കാലന്റെ കൊലയറ (1928) മലയാളത്തിൽ ആദ്യകാലത്തുണ്ടായ അപസർപ്പകകഥകളിൽ ഏറ്റവും പ്രചാരം നേടിയ കൃതിയായി മാറി. കാരാട്ട് അച്യുതമേനോൻ രചിച്ചതും മലയാളത്തനിമ ഏറെ തുടിച്ചു നില്ക്കുന്നതുമായ വിരുതൻ ശങ്കു വളരെയേറെ പ്രചാരം നേടിയ കൃതിയാണ്.

അപസർപ്പക കഥകൾക്കുണ്ടായ അത്ഭുതാവഹമായ ജനപ്രീതി മലയാളത്തിൽ പിന്നീട് അവയുടെ പ്രവാഹം തന്നെയുണ്ടാക്കി. ഇംഗ്ലീഷിൽനിന്നും ബംഗാളിയിൽ നിന്നുമുള്ള വിവർത്തനങ്ങളുമെല്ലാം രൂപം മാറ്റിയുള്ള പരിവർത്തനങ്ങളുമായിരുന്നു. മലയാളിയുടെ സംസ്കാരമോ അവന്റെ ജീവിത സംഘട്ടനങ്ങളോ അവയിൽ ഒട്ടും തന്നെ പ്രതിഫലിച്ചിരുന്നതുമില്ല. സാഹസികതയിലും ഉദ്വേഗത്തിലും പരിണാമഗുപ്തിയിലും കണ്ണുവച്ച് വായനക്കാരുടെ കൌതുകത്തെ ആവോളം തൃപ്തിപ്പെടുത്താൻ പോന്ന വിധത്തിൽ രചിക്കപ്പെട്ടവയായിരുന്നു ഇവയെല്ലാം. 

കോട്ടയം പുഷ്പനാഥും അപസർപ്പക നോവലുകളും

ആധുനിക മലയാള അപസർപ്പക സാഹിത്യചരിത്രത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത പേരാണ് കോട്ടയം പുഷ്പനാഥ്. ധാരാളം അപസർപ്പക നോവലുകൾ കൊണ്ട് അദ്ദേഹം മലയാളി മനസുകളെ കീഴടക്കി. മലയാളികൾക്ക് മനസ്സിൽ ഡിറ്റക്റ്റീവ് നോവലുകൾ പരിചയപ്പെടുത്തിയവരിൽ ശ്രീ കോട്ടയം പുഷ്പനാഥിന്റെ പങ്കു വലുതാണ്.

പ്രണയ നോവലുകളും, സാഹിത്യ ക്യതികളും, ഓട്ടോബയോഗ്രഫിയുമൊക്കെ ചൂടുപിടിച്ചു നടന്നിരുന്ന കാലത്താണ് ത്രില്ലറുകളുടെയും ഹൊറർ സീരീസുകളുടെയും ഡിക്ടറ്റീവ് ഫിക്ഷന്റെയും മാന്ത്രികലോകത്തേക്ക് വായനക്കാരനെ എത്തിച്ചത്. ഈ പ്രേത്യേകത തന്നെയാണ് കോട്ടയം പുഷ്പനാഥ് എന്ന

എഴുത്തുകാരനെ മറ്റു എഴുത്തുകാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

‘ഡിറ്റക്റ്റർ’ എന്ന മാഗസീനിൽ കഥകൾ എഴുതിയായിരുന്നു അദ്ദേഹത്തിൻ്റെ തുടക്കം. പിന്നീട് 1968-ൽ മലയാളത്തിലെ എക്കാലത്തെയും സയൻ്റിഫിക് ത്രില്ലറായ ‘ചുവന്ന മനുഷ്യൻ’ എന്ന നോവലിന് ജീവൻ നൽകിക്കൊണ്ട് കോട്ടയം പുഷ്പനാഥ് എഴുത്തിൻ്റെ ലോകത്തേക്ക് പുതിയ ചുവട് വച്ചു. ചുവന്ന മനുഷ്യൻ എന്ന നോവലിനു ശേഷം ‘ഫറവോൻ്റെ മരണമുറി’ എന്ന രണ്ടാമത്തെ നോവലും അദ്ദേഹം രചിച്ചു. ഈ നോവലുകളിലൂടെ മലയാളികൾക്ക് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരനോടൊപ്പം ഡിറ്റക്ടീവ് മാർക്സിൻ, പുഷ്പരാജ് എന്നി കഥാപാത്രങ്ങളും പ്രിയപ്പെട്ടതായി.

 പുഷ്പനാഥിന്റെ ഭാവനയിൽ വിരിഞ്ഞ മുന്നൂറ്റന്പതോളം നോവലുകളാണ് വായനക്കാരുടെ ഹൃദയതാളത്തിന് വേഗത കൂട്ടിയത്. മനുഷ്യ മനസിനെ ലഹരിയിലാഴ്ത്തുന്ന വികാരമാണ് ആകാംഷ.  ഒരു എഴുത്തുകാരനെന്ന നിലയിൽ തുടക്കം മുതൽ ഒടുക്കം വരെ ആകാംഷ എന്ന ഘടകം നിലനിർത്തുകയെന്ന ധർമം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എൺപതുകളുടെ കാലഘട്ടത്തിൽ മറ്റു എഴുത്തുകാരിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ രചന ഒരു തരത്തിൽ എഴുത്തിന്റെ വിപ്ലവം തീർക്കുകയായിരുന്നു. ചുവന്ന മനുഷ്യൻ, ബ്രഹ്മരക്ഷസ്, ഡ്രാക്കുള തുടങ്ങി നോവലുകളുടെ പേരുകൾ പോലും വായനക്കാരനിൽ ഭയത്തിന്റെ ഇരുണ്ട തിരശീല ജനിപ്പിക്കുന്നു. ഒരു തലമുറയെ വായനയിലേക്ക് പിച്ചവെച്ചു നടത്തിയതിൽ ഇദ്ദേഹത്തിൻ്റെ പങ്ക് ചെറുതല്ല. ഇന്നത്തെ പ്രായമേറിയ പല വായനക്കാരുടെയും കൗമാരവും യൗവ്വനവും അക്ഷരലോകത്തേക്ക് കൊണ്ട് നിർത്തിയ എഴുത്തുകാരനാണ് കോട്ടയം പുഷ്പനാഥ്.

Leave a Reply

Your email address will not be published. Required fields are marked *

0