അപസർപ്പക കഥകളുടെ തുടക്കവും കോട്ടയം പുഷ്പനാഥും
September 30, 2021
മന്ത്രവാദത്തിന്റെ സ്വാധീനം സാഹിത്യത്തിൽ
October 2, 2021

ഹൊറർ ഫിക്ഷന്റെ ചരിത്രം

ഭയം എന്ന വികാരത്തെ ജനിപ്പിക്കുന്ന ഏതൊരു ഇതിവൃത്തവും ഭീകര (Horror) കഥകളുടെ ഇനത്തിൽപ്പെടുന്നവയാണ്. മനുഷ്യനോളം തന്നെ പഴക്കമുണ്ടാകാം ഭീകര കഥകൾക്ക്, അത്തരം കഥകൾ പുരാതന ഉത്ഭവമുള്ളതും നാടോടി സാഹിത്യത്തിന്റെ ഭാഗവുമാണെന്ന്  സാഹിത്യത്തിൻറെ ഏടുകളിൽ പറയപ്പെടുന്നു.

ഭീകര കഥകളിൽ പ്രേതങ്ങൾ, മന്ത്രവാദികൾ അല്ലെങ്കിൽ വാമ്പയർമാർപോലുള്ള അമാനുഷിക ഘടകങ്ങളെ അവതരിപ്പിക്കുന്നു. അപ്രതീക്ഷിത മരണങ്ങൾ, അല്ലെങ്കിൽ സമൂഹത്തിലെ ആളുകൾക്കിടയിലുള്ള വിചിത്രമായ പെരുമാറ്റങ്ങൾ എന്നിവ വിശദീകരിക്കാൻ വിചിത്ര രൂപമുള്ള മൃഗങ്ങൾ അല്ലെങ്കിൽ ഭൂതങ്ങൾ പോലുള്ള സൃഷ്ടികൾ ഉപയോഗിച്ചു വന്നിരുന്നു.

പതിനേഴാം നൂറ്റാണ്ടിലെ കാല്പനിക കാലഘട്ടത്തിൽ ഗോഥിക് നോവലുകൾക്കൊപ്പം ഭീതിയുടെയും അമാനുഷികതയുടെയും സാഹിത്യസൃഷ്ടികൾ ഉടലെടുത്തുവന്നു. പാശ്ചാത്യ സാഹിത്യത്തിലെ ഗോഥിക് സാഹിത്യ പ്രസ്ഥാനത്തിൽ നിന്നാണ് ഒരു സാഹിത്യ വിഭാഗമെന്ന നിലയിൽ ഹൊറർ ശാഖ ആരംഭിച്ചത് എന്നു ചരിത്രകാരന്മാർ പറയപ്പെടുന്നു.

ബ്രിട്ടീഷ് എഴുത്തുകാരൻ Horace Walpole ന്റെ “The Castle of Otranto (1764) ” എന്ന കൃതിയിലൂടെയാണ് ഭീകര കഥകൾ എന്ന സാഹിത്യ വിഭാഗം ഉടലെടുത്തതെന്ന് പറയപ്പെടുന്നു. പിന്നീട് ഭീകര കഥകൾ നിയമാനുസൃതമായ ഒരു സാഹിത്യരൂപമായി സ്ഥാപിച്ചതായും പറയപ്പെടുന്നു.

ഭീകര സിനിമകളിലും കഥകളിലുമുള്ള രാക്ഷസ കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ നാടോടി വിശ്വാസങ്ങളിൽ നിന്നും മതപാരമ്പര്യങ്ങളിൽ നിന്നും ഉടലെടുത്തവയും, ലോകമെമ്പാടുമുള്ള സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നും വാമൊഴികളായി കൈമാറിയവയുമാണെന്ന് സാഹിത്യകാരന്മാർ അഭിപ്രായപ്പെടുന്നു.

ദുരാത്മാവ്, മരിച്ചുപോയവരുടെ ആത്മാക്കൾ എന്നിങ്ങനെ ആത്മാവിന്റെ വിവിധ ഭാവങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ അവ മനുഷ്യശരീരങ്ങളിൽ കയറിപ്പറ്റുമെന്ന് പ്രാചീനകാലം മുതലേ മനുഷ്യർ വിശ്വസിച്ചു പോന്നിരുന്നു.

ജീവനല്ലാതെ മനുഷ്യനിൽ കുടികൊള്ളുന്ന മറ്റൊരു പ്രതിഭാസമാണ് ആത്മാവെന്നും, ശരീരത്തിന്റെ ജൈവപ്രവർത്തനം നിലയ്ക്കുമ്പോൾ ആത്മാവ് ശരീരാതീതമായി നിലനിൽക്കുമെന്നും, ആത്മാവിന് മരണമില്ലായെന്നും വിശ്വസിക്കുന്നു. താരതമ്യേന ബലഹീനരായ മനുഷ്യരുടെമേൽ ദുരാത്മാക്കൾ ആധിപത്യം സ്ഥാപിക്കുകയും, ആവസിക്കുകയും ചെയ്യുമെന്നുള്ള വിശ്വാസം ഇന്നും ശക്തമാണ്. മനുഷ്യബുദ്ധിക്ക് വിശകലനം ചെയ്യാനാവാത്തതും, അസാധാരണവുമായ ചിലരുടെ അനുഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പിൽക്കാലങ്ങളിൽ  സാഹിത്യത്തിൻറെ ഏടുകളിൽ ലോകമെമ്പാടുമുള്ള അനേകം ഭാഷകളിൽ ഹൊറർ ശാഖയുടെ ആവിർഭാവം കാണാൻ കഴിഞ്ഞിരുന്നു.  സാഹിത്യകാരന്മാരുടെ തൂലികയിൽ അനേകം രചനകൾ ഹൊറർ ശാഖയിൽ പിറന്നു. പിന്നീട് മലയാള സാഹിത്യത്തിലും ഹൊറർ ശാഖയുടെ നാമ്പുകൾ പിറന്നു. 

മലയാള സാഹിത്യത്തിൽ ഹൊറർ വിഭാഗത്തിൽ അനേകം രചയിതാക്കൾ രചനകൾ പരിചയപ്പെടുത്തിയെങ്കിലും മലയാളികൾക്ക് ഹൊറർ ശാഖയെ പരിചയപ്പെടുത്തിയവരിൽ പ്രധാനിയാണ് ശ്രീ കോട്ടയം പുഷ്പനാഥ്. മലയാള സാഹിത്യത്തിന്റെ ഏടുകളിൽ ‘പിശാചിന്റെ കോട്ട’, ‘ടോർണാഡോ’, ‘ബംഗ്ലാവ് വിൽക്കാനുണ്ട്’, ‘ചുവന്ന അങ്കി’ തുടങ്ങി അമ്പതിലേറെ ഭീകര നോവലുകൾ കോട്ടയം പുഷ്പനാഥ് സംഭാവന ചെയ്തിട്ടുണ്ട്.

 

കേൾക്കുമ്പോൾ  തന്നെ പേടി ജനിപ്പിക്കുന്ന പേരാണ് ഡ്രാക്കുള. ‘ഡ്രാക്കുള ഏഷ്യയിൽ’, ‘ഡ്രാക്കുളയുടെ മകൾ’, ‘ഡ്രാക്കുള ഉണരുന്നു’ തുടങ്ങി ഡ്രാക്കുള എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു പരമ്പര തന്നെ കോട്ടയം പുഷ്പനാഥ് രചിച്ചിട്ടുണ്ട്. അദ്ദേഹത്തിലൂടെയാണ് മലയാളികൾ ഡ്രാക്കുളയെന്ന കഥാപാത്രത്തെ സ്വീകരിച്ചതും.

അയർലൻഡ്ക്കാരൻ ഏബ്രഹാം സ്റ്റോക്കറാണ് ഡ്രാക്കുളയുടെ സൃഷ്ടാവ്. 1897- ലാണ് റൊമാൻ്റിക് ഗോഥിക് നോവലായ ഡ്രാക്കുള എഴുതുന്നത്. ഡ്രാക്കുളയെന്ന സൃഷ്ടി പിറന്നതോടെ ലോകത്തിലെ ഏറ്റവും ഭയമേറിയ കഥാപാത്രമായി ഡ്രാക്കുള മാറി. ഇംഗ്ലണ്ടിലെ ഒരു വാംബയറാണ് ഡ്രാക്കുള. യഥാർത്ഥത്തിൽ ഡ്രാക്കുള വല്ലാക്കിയ ഭരിച്ച ഭരണാധികാരിയാണ്. ലണ്ടനിലെ ഒരു പഴയ മ്യൂസിയം സന്ദർശിച്ച വേളയിലാണ് ഡ്രാക്കുളയെപറ്റി ബ്രാം സ്റ്റോക്കർ അറിയുന്നത്. അവിടെ നിന്നുമാണ് ഡ്രാക്കുളയുടെ കഥ ജനിക്കുന്നത്. ഒരുപാട് ക്രൂരതകൾ ചെയ്ത ഡ്രാക്കുളയെ ഒരു അമാനുഷികനാക്കി മാറ്റിയാണ് നോവലിൽ അദ്ദേഹം ചിത്രീകരിച്ചത്. ഡ്രാക്കുളയുടെ കഥകൾ പിന്നീട് സിനിമയായി. ക്രിസ്റ്റഫർ ലി എന്ന പ്രമുഖ നടനാണ് ഡ്രാക്കുളയെ കൂടുതലായും അഭിനയിക്കാൻ അവസരം ലഭിച്ചത്. 

മലയാളികൾക്ക് ഡ്രാക്കുള പരിചിതമായത് പുഷ്പനാഥിൽ നിന്നുമാണ്.

ക്രിസ്റ്റഫർ ലീ അഭിനയിച്ച ‘ഡ്രാക്കുള’ എന്ന സിനിമ കണ്ടതിന് ശേഷമാണ് അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയെന്ന ആഗ്രഹം കോട്ടയം പുഷ്പനാഥിൽ ഉണ്ടായത്. ഒരാളെ സ്‌റ്റെനോഗ്രാഫറായി  നിയമിച്ചുകൊണ്ട് ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ എന്ന നോവൽ അദ്ദേഹം മലയാളത്തിൽ വിവർത്തനം ചെയ്ത് പറഞ്ഞു കൊടുത്തുകൊണ്ടായിരുന്നു തുടക്കം. റോയൽ ബുക്ക് ഡിപ്പോയ്ക്ക് വേണ്ടിയായിരുന്നു ഡ്രാക്കുള അദ്ദേഹം വിവർത്തനം ചെയ്തത്. കഥ എഴുതാൻ നിയമിച്ച വ്യക്തി ഇരുട്ടുന്നതിന് മുൻപ് വീട്ടിൽ പോകണമെന്ന ആശയം ഉന്നയിച്ചപ്പോഴാണ് ഭയത്തിൻ്റെ ഭീകരത നോവലിൽ എത്രത്തോളം ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയത്. വായനക്കാരനെ പിടിച്ചുലയ്ക്കാൻ തരത്തിലൊരു നോവലാണ് ഒരുങ്ങുന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു. കഥ എഴുതാനായി പ്രത്യേകം ഒരു വീട് പുഷ്പനാഥിന് ഉണ്ടായിരുന്നു. ഈ നോവലെഴുതുന്ന കാലയളവിൽ അദ്ദേഹം ഒറ്റയ്ക്ക് ആ വീട്ടിൽ താമസിച്ചുവെന്നത് അത്ഭുതകരമാണ്.

1931 മുതൽ ഇരുന്നൂറിലധികം ഡ്രാക്കുള സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതിൽ ഒട്ടുമിക്കതും പുഷ്പനാഥ് കണ്ടിട്ടുണ്ട്. ഇരുപത്തിരണ്ട് നോവലുകളാണ് ഡ്രാക്കുളയെ കഥാപാത്രമാക്കി പുഷ്പനാഥ് തൂലികയിൽ വിരിഞ്ഞത്. ഡ്രാക്കുള സീരീസുകൾ ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തെ ജനപ്രീതിയിൽ എത്തിച്ച നോവൽ പരമ്പരയാണ്. ഒരുപാട് റിസേർച്ചുകളും പഠനങ്ങളും ഈ നോവൽ രചിക്കാനായി അദ്ദേഹം നടത്തിരുന്നു. ഡ്രാക്കുള കോട്ട സ്ഥിതി ചെയ്യുന്ന കാർപാത്യൻ മലനിരകളും ട്രാൻസിൽവാനിയ താഴ്‌വരയെയുംക്കുറിച്ചും പഠനം നടത്തിയ ശേഷമാണ്  അദ്ദേഹം സ്ഥലത്തെകുറിച്ചുള്ള പരാമർശങ്ങൾ നോവലിലേക്ക് ആവിഷ്കരിച്ചത്. 

ഡ്രാക്കുളയെ ഇത്രകണ്ട് കേരള ജനങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയത് കോട്ടയം പുഷ്പനാഥ് തന്നെയാണ് എന്ന് നിസംശയം പറയാം. ഭീതിയുടെയും കാല്പനിക സൗന്ദര്യത്തിന്റെയും നേരനുഭവങ്ങളിലേക്ക് ഐതിഹാസികമായി കൂട്ടിക്കൊണ്ട് പോകുന്നവയാണ് അദ്ദേഹത്തിന്റെ ഓരോ രചനകളും.

ഇവകൂടാതെ ‘ചുവന്ന അങ്കി’, ‘ബ്രഹ്മരക്ഷസ്’ എന്നീ ഹൊറർ വിഭാഗത്തിൽപെട്ട അദ്ദേഹത്തിന്റെ നോവലുകൾ സിനിമയാക്കുകയും ചെയ്തു. എഴുപത് കാലഘട്ടത്തിലാണ് ഡയറക്ടർ പി.ചന്ദ്രകുമാർ ‘ചുവന്ന അങ്കി’ സംവിധാനം ചെയ്യുവാൻ താല്പര്യം പ്രകടിപ്പിക്കുന്നത്. 1990-ൽ ചന്ദ്രഗിരി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ കരോട്ടെ ‘ബ്രഹ്മരക്ഷസ്’ സിനിമയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

0