ഹൊറർ ഫിക്ഷന്റെ ചരിത്രം
October 1, 2021
ഭൂമിയിലെ മനുഷ്യാവശിഷ്ട്ടങ്ങൾ ശാസ്ത്രീയമായി എങ്ങനെ തിരിച്ചറിയാം
October 4, 2021

മന്ത്രവാദത്തിന്റെ സ്വാധീനം സാഹിത്യത്തിൽ

ദുരാചാരത്തിനും സ്വാർത്ഥപരമായ ഉദ്ദേശ്യങ്ങൾക്കുമായി അമാനുഷിക ശക്തികൾ അല്ലെങ്കിൽ മന്ത്രങ്ങൾ  ഉപയോഗിക്കുന്നതിനെ പരമ്പരാഗതമായി ‘മന്ത്രവാദം’ (ബ്ലാക്ക് മാജിക്) എന്ന് പരാമർശിക്കുന്നു. അതിപുരാതനവും ഗോത്രീയവും രഹസ്യവും വ്യക്തമായ നിർവ്വചനവും നൽകാൻ കഴിയാത്ത ഒരു ക്രിയയാണ് മന്ത്രവാദം. മന്ത്രവാദം അടിസ്ഥാനപരമായി ഒരു ഗോത്രാചാരമാണ്‌. 

ഇത് ഉൽഭവിച്ചത് പ്രാകൃതദിശയിലായതുകൊണ്ടാണ് ഇന്നും അതിന്റെ സ്ഥാനഭാവം പ്രാകൃതമായിതന്നെയിരിക്കുന്നത്. ഐശ്വര്യത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നതും മതപരമായിട്ടും മന്ത്രവാദം നടത്താറുണ്ടെങ്കിലും അവയെ പൊതുവേ ദുർമന്ത്രവാദമായി കണക്കാക്കാറില്ല. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ മന്ത്രവാദം നടത്തിയിരുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളിലും മന്ത്രവാദം ഉണ്ടായിരുന്നു. അറബി മാന്ത്രികം, ചൈനീസ് മന്ത്രികം തുടങ്ങിയവ ഒക്കെ ഇതിന്‌ ഉദാഹരണമാണ്. ആംഗലേയത്തിൽ “ബ്ലാക്ക് മാജിക്‌ (Black Magic)” എന്ന വാക്ക് ദുർമന്ത്രവാദത്തെ കുറിക്കാൻ ഉപയോഗിക്കുന്നതാണ്.

മാന്ത്രിക വിദ്യയേ തിന്മക്കായി ഉപയോഗിക്കുന്നതാണ് ദുർമന്ത്രവാദം. ഒടി, മുഷ്ടി, മുറിവ്, മാരണം, സ്തംഭനം, വശ്യം, മോഹനം, ആകർഷണം, തുടങ്ങിയ പല മന്ത്രവാദ ക്രിയകൾ, പല സമുദായങ്ങളിൽപെട്ട മാന്ത്രികർ ആഭിചാര ക്രിയകൾക്ക്‌ വേണ്ടിയും വ്യക്തികളുടെ പ്രത്യേക കാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയും ചെയ്യുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. അറബി മാന്ത്രികം, ചൈനീസ് മാന്ത്രികം തുടങ്ങിയവ ഒക്കെ ഇതിന്‌ ഉദാഹരണമാണ്. 

നാലാമത്തെ വേദമായ അഥർവ്വവേദത്തിലാണ് മന്ത്രവാദത്തെ പറ്റി പരാമർശിക്കുന്നത്. ഇരുപത് കാണ്ഡങ്ങളും നൂറ്റിയെട്ട് അനുപാദങ്ങളും എഴുനൂറ്റിമുപ്പത്തൊന്ന് സൂക്തങ്ങളുമുള്ള അഥർവ വേദത്തിൽ ആയിരത്തിയിരുനൂറിൽപ്പരം മന്ത്രങ്ങളെപ്പറ്റിയും കൃത്തികബലി, ഖർഗരാവണബലി മുതലായ ഒട്ടനവധി ആഭിചാരകർമ്മങ്ങളെപ്പറ്റിയും സ്തംഭനം, ഉച്ചാടനം, വശീകരണം, മുതലായ നിരവധി ക്രിയകളെപ്പറ്റിയും പ്രതിപാദിക്കുന്നു. കൌശികസൂത്രമാണ് മറ്റൊരു പ്രധാനപ്പെട്ടകൃതി.

പുരാണേതിഹാസങ്ങളിലും മന്ത്രവാദത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. കാശിരാജാവായ പൗണ്ഡ്രക വാസുദേവൻ ദ്വാരകയിലേക്ക് കൃത്തികയെ അയച്ചതായും അയോധ്യയിലെ മറ്റൊരു രാജാവാ‍യിരുന്ന അംബരീഷന്റെ നേർക്ക് ദുർവ്വാസാവു മഹർഷി കൃത്തികയെ വിട്ടതായും സുദർശനചക്രം ഉപയോഗിച്ച് അംബരീഷൻ അതിനെ തടഞ്ഞതായും പുരാണങ്ങളിൽ കാണുന്നു.

“യജകന്തസാത്വികാ: ദേവാൽ

യക്ഷ രക്ഷാംസി രാജസാ;

പ്രേതാൻ ഭൂതഗണാംശ് ചാന്യേ

യജകന്ത താമസാ:ജനാ.”

                         (ഭഗവത് ഗീത)

 

പിൽക്കാലങ്ങളിൽ  സാഹിത്യത്തിൻറെ ഏടുകളിൽ ലോകമെമ്പാടുമുള്ള അനേകം ഭാഷാസാഹിത്യങ്ങളിൽ മന്ത്രവാദം എന്ന വിഷയം പ്രതിപാദിച്ചുവന്നു  കൂടാതെ ഈ വിഷയത്തെ മുൻനിർത്തി സാഹിത്യകാരന്മാരുടെ തൂലികയിൽ  അനേകം  രചനകളും പിറന്നു. പിന്നീട് മലയാള സാഹിത്യചരിത്രത്തിലും മന്ത്രവാദം എന്ന വിഷയത്തിന്റെ സ്വാധീനം കാണാൻ സാധിക്കും.

മന്ത്രവാദം എന്ന വിഷയം മലയാള സാഹിത്യത്തിൽ  അനേകം രചനകളിലൂടെ പല രചയിതാക്കൾ പരിചയപ്പെടുത്തിയെങ്കിലും മലയാളികൾക്ക് മന്ത്രവാദം എന്ന വിഷയത്തെ തന്റെ കൃതികളിലൂടെ പരിചയപ്പെടുത്തിയവരിൽ പ്രധാനിയാണ് ശ്രീ കോട്ടയം പുഷ്പനാഥ്. മലയാള സാഹിത്യത്തിന്റെ ഏടുകളിൽ ഒട്ടേറെ മാന്ത്രിക നോവലുകൾ കോട്ടയം പുഷ്പനാഥ് സംഭാവന ചെയ്തിട്ടുണ്ട്.

മനോരമ വരാന്ത്യപതിപ്പിലൂടെ അനേകരുടെ മുക്തികണ്ഡം പ്രശംസക്ക് പാത്രിഭൂതമായ ശ്രീ കോട്ടയം പുഷ്പനാഥിന്റെ “ചുവന്ന അങ്കി” എന്ന വളരെ പ്രസിദ്ധമായ കൃതിക്ക് ശേഷം അദ്ദേഹം മാന്ത്രിക നോവലുകളിലേക്ക് കാലാനുസൃതമായി ചുവടുമാറ്റുകയായിരുന്നു. ഏതാണ്ട് തൊണ്ണൂറുകളിൽ തുടങ്ങി രണ്ടായിരുത്തിപത്തുവരെ തുടർച്ചയായി അദ്ദേഹത്തിന്റെ മാന്ത്രിക വിരലുകൾ ഇത്തരം കഥകൾക്കായി ചലിച്ചുകൊണ്ടിരുന്നു.

ഒരു കാലത്ത് അപസർപ്പക നോവലുകളും പിന്നീട് ഹൊറർ കഥകളും എഴുതിയിരുന്ന അദ്ദേഹം മാന്ത്രിക കഥകളിലേക്ക് അന്നത്തെ തരംഗത്തിനൊത്തു മാറുകയായിരുന്നു. ‘നാലാം വളവിലെ നാഗസുന്ദരി’, ‘ദേവദൂതിക’, ‘അപ്സരസ്സ്’, ‘യക്ഷിമന’, ‘യക്ഷികാവ്’, ‘നാഗച്ചിലിങ്ക’, ‘യക്ഷിയമ്പലം’, ‘സൂര്യസംഹാരം’, ‘എഴുന്നള്ളത്ത്’, ‘പടകാളിമുറ്റം’, ‘രുദ്രതാണ്ഡവം’, ‘ബ്രഹ്മരഷസ്സ്’, ‘ദേവയക്ഷി’, ‘മേഘഗർജ്ജനം’, ‘സൂര്യരഥം’, ‘നാലുകെട്ട്’, ‘മന്ത്രമോഹിനി’, ‘താണ്ഡവം’ തുടങ്ങി ഏകദേശം അമ്പതിലേറെ മാന്ത്രിക നോവലുകൾ ഈ കാലയളവിൽ മറ്റു നോവലുകളോടൊപ്പംതന്നെ എഴുതി.

അദ്ദേഹത്തിന്റെ മാന്ത്രിക നോവലുകൾ ഭാരതത്തിലെ വിവിധ ഭാഷകളിൽ കൂടുതലായി തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഗുജറാത്തി, ബംഗാളി ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു. തമിഴിൽ ശ്രീ പുഷ്പനാഥ്‌ അറിയപ്പെട്ടിരുന്നത് ഒരു അപസർപ്പക സാഹിത്യകാരൻ എന്നതിലുപരി മാന്ത്രിക കഥാകൃത്ത് എന്ന നിലയിൽ ആണ്. ഏറ്റവും കൂടുതൽ മാന്ത്രിക കൃതികൾ തമിഴ് ഭാഷയിൽ ആണ് വിവർത്തനം ചെയ്യപ്പെട്ടിരുന്നത്. ഇപ്പോഴും അത് തുടരുന്നു.

ചില മാന്ത്രികർ ആഭിചാര ക്രിയകൾക്ക്‌ വേണ്ടിയും, മറ്റു വ്യക്തികളുടെ മനസ്സ് നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനും, മറ്റുള്ളവർക്കു വേണ്ടി പ്രതിഫലം കൈപ്പറ്റി ഇത്തരം ക്രിയകൾ ചെയ്യുന്നു എന്നതാണ് പൊതുവെയുള്ള ധാരണ. ഇതിനായി ഉപാസന മൂർത്തികളെ പ്രസാദിപ്പിക്കാനായി പൂജാ കർമ്മങ്ങളും ബലികർമ്മങ്ങളും ഇഷ്ട്ട ഭോജനവും ആഗ്രഹനിർവൃതിയും നൽകി പോരുന്നു. ദുർമന്ത്രവാദികൾ ആഭിചാര ക്രിയയിലൂടെ സ്വയവും മറ്റുള്ളവർക്കുവേണ്ടിയും ചെയ്തുകൂട്ടുന്ന ദോഷ ഫലങ്ങളെ ഇല്ലാതാക്കി അവരുടെ മൂർത്തികളെ തളയ്ക്കുന്ന പോരാട്ടത്തിന്റെ കഥയാണ് കോട്ടയം പുഷ്പനാഥിന്റെ രുദ്രതാണ്ഡവത്തിൽ സംജാതമായിരിക്കുന്നത്. ഇതിൽ ഭാഗവാക്കാകുന്ന കഥാപാത്രങ്ങളുടെ നാൾവഴിയും സ്വയംഭൂവായി പക തീർക്കുന്ന പ്രതികാര ദുർഗ്ഗകളും രക്തദാഹികളായ യക്ഷികളും, പ്രേതാന്മാക്കളുടെയും മഹാമാന്ത്രികരുടെയും മറ്റൊരു വാമ്പയർ സാഹിത്യത്തിന്റെ ഭയാനകതയിലേയ്ക്ക് ശ്രീ കോട്ടയം പുഷ്പനാഥ്‌ വായനക്കാരെ എത്തിക്കുന്നു.

പാരമ്പര്യ വിശ്വാസത്തിന്റെ ചുവടുപിടിച്ച് പൂജാതി കർമ്മാതികളുടെ അവിശ്വസനീയമായ ഫലപ്രാപ്തിയെ നന്മക്കും തിന്മക്കും ഉപയോഗിക്കുന്ന കർമ്മികളുടെ പോരാട്ടമാണ് അദ്ദേഹത്തിന്റെ മാന്ത്രിക പരിവേഷമുള്ള നോവലുകളുടെ കാതൽ. ഇവിടെ യക്ഷികളും ചാമുണ്ഡിയും ഉപാസന മൂർത്തികളും മഹാ മാന്ത്രികരും പ്രേതാന്മക്കളും നിറഞ്ഞ പേടിപ്പെടുത്തുന്ന അത്ഭുത ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. ഇതിഹാസ കഥകൾ പോലെ വായനസുഖം പകരുന്ന അഖ്യായികകഥകളുടെ നിറക്കൂട്ട് ശ്രീ കോട്ടയം പുഷ്പനാഥിന്റെ ഭാവനാന്മക ചിന്തകളിൽ ഭദ്രമാണ്.

ഭയം എന്ന വികാരത്തെ ആകാംഷയുടെ ഛായക്കൂട്ടിൽ ചാലിച്ച് മലയാളികളുടെ മനസ്സിൽ ഭീതിപരത്തിയ അതുല്ല്യ പ്രതിഭയാണ് ശ്രീ കോട്ടയം പുഷ്പനാഥ്‌.

ഡിറ്റക്റ്റീവ് മാർക്സിൻ സീരിസിനും, പുഷ്പരാജ് സീരീസിനും, ഹൊറർ, ഡ്രാക്കുള സീരിസിനും ശേഷം മാന്ത്രികം സീരിസിലൂടെ പകൽപോലും കടന്നുചെല്ലാൻ മടിക്കുന്ന മന്ത്രോച്ചാരണം മുഴങ്ങുന്ന പുരാതന മനകളിലേക്കും സർപ്പകാവുകളിലേക്കും യക്ഷികാവുകളിലേക്കും മഹാമാന്ത്രികരുടെ കർമ്മപഥത്തിലൂടെ നമ്മെ ശ്രീ കോട്ടയം പുഷ്പനാഥ്‌ തന്റെ അവതരണ ശൈലിയിൽ കൊണ്ടെത്തിക്കുകയാണ്.

അക്ഷരങ്ങൾ വാക്കുകളും, വാക്കുകൾ വാചകങ്ങളുമാകുമ്പോൾ വായനയുടെ അനസ്യൂതമായ പ്രയാണത്തിന് തടസമില്ലാതെ, വാക്പ്രയോഗത്തിലൂടെ വായനക്കാരെ അവസാനംവരെ പിടിച്ചിരുത്തുന്ന ഭാഷാപാടവം മാന്ത്രിക നോവൽ എന്നപോലെ അദ്ദേഹത്തിന്റെ മറ്റു കൃതികളിലും കാണാനാകും.

Leave a Reply

Your email address will not be published. Required fields are marked *

0