പുഷ്പനാഥ് കോമിക്‌സ്
November 22, 2021
അപ്സരസ്സ് – കോട്ടയം പുഷ്പനാഥ്
November 25, 2021

കോട്ടയം പുഷ്പനാഥ്; ദേശത്തോടൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരൻ

സാഹിത്യം എന്നത് വളരെ വിശാലമായ ഒരു പദമാണ്, അത് വിവിധ ലിഖിത കൃതികളെ ഉൾക്കൊള്ളുന്നു. ഇവയിൽ ആയിരം പേജുള്ള നോവൽ മുതൽ രണ്ടുവരി കവിത വരെ ഇതിൽ വരാം, ഓരോന്നും രചയിതാവിന്റെ മനസ്സിലേക്കുള്ള ഉൾക്കാഴ്ച പ്രകടിപ്പിക്കുകയും വായനക്കാരെ വ്യത്യസ്ത രീതികളിൽ ചലിപ്പിക്കുകയും ചെയ്യുന്നു. മിക്കവാറും, എല്ലാ സാഹിത്യങ്ങളിലും വായനക്കാരുമായി ബന്ധപ്പെടുന്നതിന് ചില ഘടകങ്ങൾ അടങ്ങിയിരിക്കണം. ഉദാഹരണത്തിന്, എല്ലാ സാഹിത്യത്തിനും കഥാപാത്രങ്ങളുണ്ട്. പ്ലോട്ടിനൊപ്പം സഞ്ചരിക്കുന്ന ആളുകളോ മറ്റ് അഭിനേതാക്കളോ ആണ് കഥാപാത്രങ്ങൾ. എല്ലാ കഥകൾക്കും ഉള്ള മറ്റൊരു ഘടകം ഒരു പ്ലോട്ട് അല്ലെങ്കിൽ സ്ഥലങ്ങളാണ്. കഥാപാത്രങ്ങൾക്ക്  ഒരു കഥയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് അതിന്റെ ക്രമീകരണമാണ്. കാലവും സ്ഥലവും സാമൂഹിക ചുറ്റുപാടും ഉൾപ്പെടുന്ന കഥ നടക്കുന്ന സന്ദർഭമാണ് പ്രധാന പശ്ചാത്തലം.

ഉദാഹരണത്തിന്, നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ ചിന്തിക്കുക. പ്രധാന കഥാപാത്രങ്ങൾ, അവരുടെ തീരുമാനങ്ങൾ, ആ തീരുമാനങ്ങളുടെ ഫലങ്ങൾ എന്നിവ സങ്കൽപ്പിക്കുക. നിങ്ങളെ ഞെട്ടിച്ച, നിങ്ങളെ കരയിപ്പിച്ച, നിങ്ങളെ ചിരിപ്പിച്ച ഭാഗങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇനി ഈ കഥ ചന്ദ്രനിൽ നടക്കുന്നതായി ചിന്തിക്കുക. ഇങ്ങനെയായാൽ ഇതിവൃത്തത്തിന് അർത്ഥമുണ്ടോ? കഥ നിങ്ങളെയും അതുപോലെ ബാധിക്കുന്നുണ്ടോ? സാധ്യതയില്ല!!. 

കഥ നടക്കുന്നത് എവിടെയാണ് എന്നതാണ് ക്രമീകരണത്തിന്റെ പ്രധാന ഭാഗം. ഈ സ്ഥലം കഥയെ മൊത്തത്തിൽ സ്വാധീനിക്കുന്നു. ഒരു കഥയ്ക്ക് ക്രമീകരണം വളരെ പ്രധാനമാണ്. അത് ഇതിവൃത്തത്തിലും കഥാപാത്രങ്ങളിലും വലിയ സ്വാധീനം ചെലുത്തും.

ഒരു കഥയുടെയോ ഒരു പ്രത്യേക രംഗത്തിന്റെയോ അന്തരീക്ഷം അല്ലെങ്കിൽ മാനസികാവസ്ഥ സ്ഥാപിക്കാനും ഒരു സ്ഥല വിവരണത്തിനു കഴിയും.

കാട്ടിൽ അലഞ്ഞുനടക്കുന്ന നഷ്ടപ്പെട്ട കുട്ടിയെക്കുറിച്ച് ചിന്തിക്കുക. ഉയരമുള്ള മരങ്ങൾ സൂര്യനെ തടയുന്നു, മൃഗങ്ങൾ ദൂരെ നിന്ന് ഭയാനകമായ ശബ്ദങ്ങൾ ഉണ്ടാക്കുന്നു. അത്തരം ക്രമീകരങ്ങൾ  ഭയാനകവും അസ്വസ്ഥവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ക്രമീകരണത്തെക്കുറിച്ചുള്ള വിവരണങ്ങൾ, നഷ്ടപ്പെട്ട കുട്ടിക്ക് അനുഭവിക്കേണ്ടിവരുന്ന പരിഭ്രാന്തിയുടെ ബോധം വായനക്കാരനെ പ്രേരിപ്പിക്കുന്നു, അങ്ങനെ സസ്പെൻസ് നിറഞ്ഞ മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഈ മാനസികാവസ്ഥ സ്ഥാപിക്കുന്ന ക്രമീകരണം ഒരു കഥയിലെ കഥാപാത്രങ്ങളുമായി വായനക്കാരനെ ബന്ധപ്പെടാൻ അനുവദിക്കുന്നു.

ഓരോ വ്യക്തിയെയും അയാൾ ജീവിക്കുന്ന ചുറ്റുപാടുകളും സാമൂഹ്യവ്യവസ്ഥയും പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്നുണ്ട്. താൻ കണ്ടും അനുഭവിച്ചും വളർന്ന ചുറ്റുപാടുകളുടെ നിറവും മണവും ചോരാതെ അത് വിവിധങ്ങളായ ആവിഷ്കാര പ്രകടിത രൂപങ്ങളായി വിനിമയം ചെയ്യാനുള്ള കഴിവാണ് അയാളെ എഴുത്തുകാരനോ കലാകാരനോ ആക്കിത്തീർക്കുന്നത്. അങ്ങനെ വരുമ്പോൾ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ദേശം ഒരിക്കലും എണ്ണ വറ്റാത്ത വിളക്കാണ് എന്നു പറയാം.

ലോക സാഹിത്യത്തിലെ നിരവധി എഴുത്തുകാരെ ദേശത്തിന്റെ എഴുത്തുകാരായി നമുക്ക് തിരിച്ചറിയാൻ കഴിയും. അവർ കാലാകാലങ്ങളിലായി എഴുതിവെച്ചത് വെറും വായനാവിഭവം മാത്രമായി പരിമിതപ്പെട്ടു പോവാത്തത് അതുകൊണ്ട് കൂടിയാണ്. വെറും കഥകളും നോവലുകളും മാത്രമല്ല അവർ എഴുതി വെച്ചത്. അതാതു കാലഘട്ടത്തിലെ ദേശ ജീവിതത്തിന്റെ ചരിത്ര പുസ്തകങ്ങളായിക്കൂടി നമുക്ക് അത്തരം കൃതികളെ വായിക്കാനാവും.

മലയാള സാഹിത്യത്തിലും മറ്റു ഇതര സാഹിത്യങ്ങളിലും ദേശങ്ങളുടെ വർണ്ണനകൾ പലയിടങ്ങളിലായി കാണാൻ സാധിക്കും. വാക്കുകൾക്കൊണ്ട് ദേശങ്ങളെയും കാലങ്ങളെയും വിവരിക്കുക എന്നത് എടുത്തുപറയേണ്ട കഴിവാണ്.

70കളിലും 80കളിലും അക്ഷരങ്ങളിലൂടെ അന്യ നാടുകളിലേക്ക് കൊണ്ടുപോവുക എന്നത് ശ്രമകരമായ കാര്യമാണ്. കാരണം നൂതന സാങ്കേതിക വിദ്യകളോ ഉപകരണങ്ങളോ കൃത്യമായുള്ള ദൃശ്യ മാധ്യമങ്ങളോ വികസിച്ചു വന്നിരുന്ന കാലത്തിനു മുൻപേ ഈ വിവരണങ്ങൾ നല്കാൻ ആഴമായ പഠനങ്ങളോ ഇല്ലാതെ സാധ്യമല്ല.

ഈ കാലയളവിൽ തന്നെ വിവരണാത്മകമായ രചനകളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടം നേടിയ എഴുത്തുകാരനാണ് കോട്ടയം പുഷ്പനാഥ്. വിദേശത്തെയും സ്വദേശത്തെയും ഇതിവൃത്തങ്ങളാക്കി മുന്നൂറിലധികം കൃതികൾക്ക് തൂലിക ചലിപ്പിച്ച അദ്ദേഹം തന്റെ രചനകളിൽ കഥാപാത്ര വിവരണവും സ്ഥല വിവരണവും വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ഓരോ കൃതികളും പരിശോധിക്കുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കും.

മലയാള സാഹിത്യത്തിലെ ‘അപസർപ്പക സാഹിത്യത്തിന്റെ അമരക്കാരൻ’ എന്ന് വിശേഷിപ്പിക്കുന്ന കോട്ടയം പുഷ്പനാഥ് തന്റെ രചനകളിൽ എല്ലാംതന്നെആരെയും ആകർഷിക്കുന്ന തരത്തിലുള്ള ഭാഷാശൈലിയാണ് കൈക്കൊണ്ടത്.

ഉള്ളിൽ നിറഞ്ഞൊഴുകുന്ന കഥാസന്ദർഭങ്ങളും ഭാവന കൊണ്ട് നൃത്തം ചെയ്യുന്ന മനസ്സുമുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് എഴുത്തിനെ പ്രണയത്തോടു ഉപമിക്കുന്നതാണ് ഏറ്റവുമുചിതം. അങ്ങനെയെങ്കിൽ എഴുത്തിനെ അത്യധികം പ്രണയിച്ചൊരു വ്യക്തിയായി കോട്ടയം പുഷ്പനാഥ് എന്ന രചയിതാവിനെ കരുതാം. ഒരു കാലത്ത് വായനക്കാരെ ഹരം കൊള്ളിച്ച എഴുത്തുകാരൻ തന്നെയാണ് അദ്ദേഹം. എൺപതുകളിലെ വാരികകൾ പലതും കോട്ടയം പുഷ്പനാഥ് നോവലുകളുടെ പേരിൽ അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ എഴുത്തിലേക്കുള്ള അരങ്ങേറ്റം തന്നെ സാഹിത്യലോകത്ത് വിപ്ലവം സൃഷ്ടിച്ചാണ്. ഇന്ന് അദ്ദേഹത്തിൻ്റെ പേര് കേൾക്കുമ്പോൾ തന്നെ കിടിലം കൊള്ളിക്കുന്ന പല കഥകളും കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സിലേക്ക് ഓടിയെത്തുന്നു.

നോവലിലുടനീളം സസ്പെൻസ് നിലനിർത്തുന്ന സ്വഭാവമാണ് അദ്ദേഹത്തിൻ്റെ എഴുത്തിനുള്ളത്. ഒരു ഡിറ്റക്റ്റീവ് നോവലിന് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയതാണ് അദ്ദേഹത്തിൻ്റെ നോവൽ. സ്ഥല വിവരണവും കഥാപാത്ര വിവരമരണമൊക്കെ വളരെ ശ്രദ്ധാപൂർവം അദ്ദേഹം നോവലിൽ ആവിഷ്കരിക്കും. ഒരു സ്ഥലത്തെ കുറിച്ചോ വ്യക്തിയെ കുറിച്ചോ കൃത്യമായ രൂപം പുഷ്പനാഥ് എഴുത്തുകൾ പകർന്ന് തരുന്നു. കൂടാതെ വളരെ ലളിതമായ എഴുത്താണ് അദ്ദേഹത്തിൻ്റെത്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് നോവലിൻ്റെ ഘടന.

വിദേശസ്ഥലങ്ങളെ കേന്ദ്രീകരിച്ചുള്ള സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിൽ സ്ഥിരമായി കാണപ്പെടുന്നവയാണ്. വായനക്കാരനെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു ഭാഗമാണ് അദ്ദേഹത്തിൻ്റെ വിദേശ രാജ്യത്തെ കുറിച്ചുള്ള വർണ്ണനകൾ. ഒരു സാധാരണ മനുഷ്യനെ വിദേശത്ത് എത്തിക്കുന്ന തരത്തിലാണ് അദ്ദേഹം  അത്തരം രചനകൾ വിവരിക്കുന്നത്. ഒരു പക്ഷേ കോട്ടയം പുഷ്പനാഥ് കൃതികളുടെ എക്കാലത്തെയും വായനക്കാർക്ക് ഇവ സുപരിചിതമാണ്. വായനക്കാരനെ മറ്റൊരു മായിക ലോകത്ത് എത്തിക്കുകയാണ് എഴുത്തുകാരൻ. എന്നാൽ വായനക്കാരെയൊക്കെയും അത്ഭുതപ്പെടുത്തുന്നത് വിദേശ രാജ്യങ്ങളുടെ മനോഹര ഭംഗി എഴുത്തിലൂടെ ആവിഷ്കരിക്കുന്ന നോവലിസ്റ്റ് ഇവിടെയൊന്നും സന്ദർശിച്ചിട്ടില്ല എന്ന വാസ്തവമാണ്. പിന്നെ എങ്ങനെയാണ് ഒരാൾ ഇത്ര ഭംഗിയായി അവയൊക്കെ വിവരിക്കുന്നത്. അതും ഗൂഗിൾ മാപ്പും വിക്കിപീഡിയയും ഒന്നും നിലവിൽ ഇല്ലാതിരുന്ന കാലത്ത്. 

ചെറുപ്പം മുതലേ തന്നെ വായനാശീലമുള്ള വ്യക്തിയായിരുന്നു കോട്ടയം പുഷ്പനാഥ്. ചെറുപ്പത്തിൽ അമ്മ കൊടുത്തിരുന്ന പുസ്തകങ്ങളാണ് വായനാശീലത്തിനു ഏറെയും ആക്കം കൂടിയിരുന്നത്. എന്ത് പുസ്തകം കിട്ടിയാലും ആർത്തിയോടെ വായിക്കുന്ന ശീലത്തിനുടമകൂടിയായിരുന്നു. കിട്ടുന്ന പുസ്തകങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ചരിത്ര പുസ്തങ്ങങ്ങളാണ്. അതുതന്നെയാണ് ചരിത്ര വിഷയത്തിലുള്ള അറിവിന്റെ ആഴം കൂട്ടിയത്. അവിടം കൊണ്ട് മാത്രം തീരുന്നതായിരുന്നില്ല ചരിത്ര വിഷയത്തോടുള്ള ഇഷ്ടം. വായനയിൽ മാത്രമല്ല പഠനത്തിലും ചരിത്രം തന്നെയാണ് പുഷ്പനാഥ് തിരഞ്ഞെടുത്തത്. അവിടെ നിന്നാണ് ഒരു ചരിത്ര അധ്യാപകനിലേക്കുള്ള യാത്ര ആരംഭിക്കുന്നതും. അധ്യാപന ജീവിതവും കുട്ടിക്കാലത്തെ പുസ്തക വായനയും യാത്ര വിവരണങ്ങളെഴുതാൻ സഹായമായിട്ടുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ ഭാര്യ പറയുന്നത്.

ചരിത്ര പുസ്തകങ്ങളോടായിരുന്നു താല്പര്യം ഏറെയും. അതിൽ നിന്നും ധാരാളം അറിവുകൾ അദ്ദേഹം സ്വായക്തമാക്കിയിരുന്നു. പിന്നീട് തൻ്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ പ്രിയപ്പെട്ട അധ്യാപകനായ ഐപ് സാറും അദ്ദേഹത്തിൻ്റെ എഴുത്ത് ജീവിതത്തെ ഒരുപാട് സ്വാധീനിച്ചു. കണക്ക് പഠിപ്പിച്ചിരുന്ന ഐപ് സാർ പഠിപ്പിക്കുന്നതിന് മുൻപ് തന്നെ എല്ലാ ദിവസവും കുട്ടികൾക്ക് കഥ പറഞ്ഞ് കൊടുക്കുമായിരുന്നു, ഷെർലക്ക് ഹോംസ് കഥകളാണ് കൂടുതലും എന്നദ്ദേഹം പല അഭിമുഖങ്ങളിലായി പറഞ്ഞിട്ടുണ്ട്. കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാവുന്ന തരത്തിൽ വളരെയധികം വിവരിച്ചാണ് അദ്ദേഹം കഥകൾ അവതരിപ്പിച്ചിരുന്നത്. അത് പോലെ വായനക്കാർക്കും മനസ്സിലാകണം എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം തൻ്റെ രചനകളെയും സമീപിച്ചിരുന്നത്. വായനക്കാരന് ഓരോ ഭാഗം വായിക്കുമ്പോഴും യാതൊരു സംശയവുമുണ്ടാകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ആയതിനാൽ വ്യക്തമായ പഠനത്തിന് ശേഷം മാത്രമേ സ്ഥല വിവരണം എഴുതാറുണ്ടായിരുന്നുള്ളു.

അക്ഷരാർത്ഥത്തിൽ എഴുത്തിലൂടെ അദ്ദേഹം മറ്റൊരു രാജ്യത്തേക്ക് വായനക്കാരനെ കൂട്ടികൊണ്ട് പോകുന്നു എന്ന് തന്നെ പറയാം.

ഒരു മനോഹര ദൃശ്യം അനുഭവിക്കാതെ എങ്ങനെയാണ് അത്യധികം ഗംഭീരമായി അതിന്റെ ദൃശ്യ ഭംഗി മറ്റുള്ളവരിലേക്കെത്തിക്കാൻ സാധിക്കുക..??

ഓസ്ട്രേലിയ, ലണ്ടൻ, അമേരിക്ക, തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലൂടെ കോട്ടയം പുഷ്പനാഥിൻ്റെ തൂലിക വായനക്കാരനെ എത്തിച്ചിട്ടുണ്ട്. അതൊക്കെ തന്നെയും നോവലിന്റെ ജീവൻ ഉണർത്തുന്നവയും കഥയെ കാമ്പുള്ളതാക്കുകയും ചെയ്യുന്നവയാണ്. കൃത്യമായുള്ള വായനയും ചരിത്രത്തിലുള്ള ഗ്രാഹ്യവുമാണ് ഇത്ര ഭംഗിയായി ലണ്ടനെയും ഫ്രാൻസിനെയുമൊക്കെ വിവരിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. തെറ്റ് വരുത്താതെ കൃത്യമായ വിവരണം നൽകണമെന്ന് നിർബന്ധമുള്ള ആളായിരുന്നു ശ്രീ കോട്ടയം പുഷ്പനാഥ്. വളരെ സൂക്ഷ്മതയോടെയാണ് ഈ വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ഓരോ എഴുത്തുകളും അത്രകണ്ട് വായനക്കാരന് വിശ്വാസയോഗ്യമായിരുന്നു. 

വളരെ മികച്ചൊരു വായനക്കാരനാണ് പുഷ്പനാഥ്. പുഷ്പനാഥ് എന്ന വായനക്കാരനിൽ നിന്നാണ് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരനിലേക്ക് അദ്ദേഹം തൻ്റെ ജീവിതത്തെ മാറ്റി മറിച്ചത്. പുരാണം, ക്ലാസിക്ക്സ്, ബൈബിൾ, ഗ്രീക്ക് പുരാണം, എസ്.കെ പൊറ്റക്കാടിൻ്റെ യാത്രാ വിവരണങ്ങൾ, അഗതാ ക്രിസ്റ്റി, ബ്രാം സ്റ്റോക്കർ എന്നീ പ്രമുഖ എഴുത്തുകാരുടെ നോവലുകൾ തുടങ്ങി എല്ലാ മേഖലയിലും തൻ്റെ വായനാശീലം അദ്ദേഹം ഉയർത്തിയിരുന്നു. വായന കൂടാതെ ഇംഗ്ലീഷ് സിനിമകൾ കാണാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ജെയിംസ് ബോണ്ട് സിനിമകളോടായിരുന്നു കൂടുതലും  ഇഷ്ടം. ഈ സിനിമകൾ അദ്ദേഹത്തിൽ ആവേശവും ജിജ്ഞാസയും നിറച്ചിരുന്നു. കോട്ടയത്തെ തീയേറ്ററിൽ വരുന്ന എല്ലാ ഇംഗ്ലീഷ് സിനിമകളും കാണാൻ പുഷ്പനാഥ് സമയം കണ്ടെത്തുമായിരുന്നു. ഒരു പക്ഷേ ഇതൊക്കെ തന്നെയാവാം ഒരു അപസർപ്പക എഴുത്തുകാരനിലേക്ക് നയിച്ചതും.

ചരിത്രവും യാത്രയുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം തൻ്റെ ഇഷ്ടങ്ങൾ കുട്ടിക്കാലത്ത്തന്നെ മനസിലാക്കിയിരുന്നു. വിദേശ രാജ്യങ്ങളെ ആസ്പദമാക്കിയുള്ള കഥകൾ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഒരു എഴുത്തുകാരൻ ആയപ്പോഴും ലണ്ടനും അമേരിക്കയും ഫ്രാൻസുമൊക്കെയാണ് പുഷ്പനാഥ് കഥകളിൽ നിറഞ്ഞു നിന്നിരുന്നത്. ഇതിനായി അദ്ദേഹം ധാരാളം വായിക്കുകയും ചെയ്യും. ഒരു തരത്തിൽ പറഞ്ഞാൽ വൃത്തിയായി ഹോം വർക്ക് ചെയ്തായിരുന്നു.

രാജ്യങ്ങളെ സംബന്ധിച്ച എഴുത്തുകൾ. വിവരണങ്ങൾ സത്യമാവണം എന്ന ചിന്തയായിരുന്നു പുഷ്പനാഥിന്. ശരിക്കും വിദേശ രാജ്യങ്ങൾ സന്ദർശിച്ച ഒരാളെ പോലെയാണ് അദ്ദേഹം വിവരണങ്ങൾ നടത്തിയിരുന്നത്. ഇതൊക്കെ ഒരാളുടെ പഠനത്തിൻ്റെ ഫലമായി എഴുതിയതാണെന്ന് വിശ്വസിക്കുക ബുദ്ധിമുട്ടായിരുന്നു വിക്കിപീഡിയയും ഗൂഗിൾ മാപ്പും ഒന്നും ഇല്ലാതിരുന്ന കാലത്താണ് അദ്ദേഹം ഇത്ര മികവുറ്റ എഴുത്തിന് ചുക്കാൻ പിടിച്ചത്. ഗ്ലോബ് നോക്കി വഴിയും പുഴയുമെല്ലാം കണ്ടെത്തി എഴുതിയിരുന്ന അദ്ദേഹത്തിൻ്റെ കഴിവും ബുദ്ധി കൂർമതയും അഭിനന്ദനം അർഹിക്കുന്നതാണ്. എഴുത്തിനോട് അത്രകണ്ട് ആത്മാർഥത പുലർത്തിയിരുന്ന ആളാണ് പുഷ്പനാഥ്.

വളരെ വ്യക്തവും വിശദവുമായ എഴുത്താണ് അദ്ദേഹം സ്വീകരിച്ച് വന്നിരുന്നത്. നോവലിൻ്റെ ആദ്യം മുതൽ അവസാനം വരെയുള്ള വിവരണങ്ങൾ യാതൊരു സംശയങ്ങളും ഇല്ലാതെ നോവൽ അവസാനിപ്പിക്കാൻ വായനക്കാരനെ സഹായിക്കുന്നു. സാഹചര്യ തെളിവുകൾ കൊണ്ട് കേസ് അന്വേഷിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിൻ്റെ നോവലുകളിൽ കണ്ട് വരുന്നത്. ഈ രീതി വായനക്കാരൻ്റെ ബുദ്ധി ഉണർത്തുകയും ചിന്തകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ അവസാനം വരെയും ആകാംഷയും സസ്പെൻസും നിലനിർത്തുന്നു. അപ്രതീക്ഷിത സാഹചര്യങ്ങളും സംഭവങ്ങളുമാണ് നോവലുകളുടെ മറ്റൊരു വഴിത്തിരിവ്. ഇത് ജനങ്ങളെ നോവലിലേക്ക് പിടിച്ചിരുത്തുന്നു.

 

എത്രയൊക്കെ വായിച്ചും പഠിച്ചും ലഭിച്ച അറിവാണെന്ന് പറഞ്ഞാലും ആ ഭാവന അഭിനന്ദനത്തിനതീതമാണ്. 

Leave a Reply

Your email address will not be published. Required fields are marked *

0