കമ്പ്യൂട്ടർ ഗേൾ – കോട്ടയം പുഷ്പനാഥ്
December 8, 2021
ചുവന്ന നീരാളി – കോട്ടയം പുഷ്പനാഥ്‌
December 15, 2021

ലേഡീസ് ഹോസ്റ്റലിലെ മരണം – കോട്ടയം പുഷ്പനാഥ്

കഥാപാത്രങ്ങൾ

ഡിറ്റക്റ്റീവ് പുഷ്പരാജ്

വത്സമ്മ വർഗ്ഗീസ്

ആലിസ്

മേരിയമ്മ ഏബ്രഹാം

ഫ്രാൻസിസ്

സാവിത്രി

മാത്യു

എമിലി

രഘു

ജയൻ

തങ്കമ്മ

ഗോപി

 

കോട്ടയം പുഷ്പനാഥിന്റെ കൃതികളിൽ കുറ്റാന്വേഷണ നോവലുകളിൽ പ്രധാനിയാണ് ‘ലേഡീസ് ഹോസ്റ്റലിലെ മരണം’ എന്ന നോവൽ.  ലേഡീസ് ഹോസ്റ്റലിൽ ഉണ്ടായ അസാധാരണ മരണത്തെ തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ഇതിവൃത്തം.

പുഷ്പരാജ് മറ്റ് കേസുകളുടെ അന്വേഷണങ്ങൾക്കായി സ്ഥിരം വസിക്കുന്ന ഹോട്ടൽ റൂമിൽ താമസിക്കുകയായിരുന്നു. അവിടെ ഉള്ള ഹോട്ടൽ ജീവനക്കാർ പുഷ്പരാജ് മെഡിക്കൽ റെപ്രസന്റേറ്റീവ് ആണെന്നാണ് ധരിച്ചിരിക്കുന്നത്. ശേഷം ചീഫ് പുഷ്പരാജിനെ രാത്രിയിൽ വിളിക്കുകയും ഒരിടം വരെ പോകണം എന്ന് ആവിശ്യപെടുകയും ചെയ്യുന്നു. ഇതിനെതുടർന്ന് പുഷ്പരാജ് കാറിൽ ചീഫിന്റെ അടുക്കലേക്കു പോകുന്നതാണ് നോവലിന്റ ആദ്യഭാഗത്തു കാണാൻ സാധിക്കുന്നത്. ശേഷം ചീഫിന്റെ അടുക്കൽ ചെന്ന പുഷ്പരാജിനെയും കൂട്ടി ലേഡീസ് ഹോസ്റ്റലിലേക്ക് പോകുന്നു. എന്തിനാണ് ലേഡീസ് ഹോസ്റ്റൽ പോകുന്നതെന്ന് പുഷ്പരാജ് ചോദിച്ചപ്പോ അവിടെ ഒരു മരണം നടന്നു എന്ന് പറഞ്ഞു.

കാർ പ്രധാന പാതവിട്ടു വലതുവശത്തേക്കു തിരിഞ്ഞു. അടുത്തുള്ള കോളേജിന്റെ മതിൽക്കെട്ടിനുള്ളിൽ കൂറ്റൻ കെട്ടിടങ്ങൾ നിലാവിൽ നിഴലും വെളിച്ചവും പകർന്നുനിന്നു. ഒരു കിലോമീറ്റർ കൂടി കഴിഞ്ഞാൽ ഹോസ്റ്റലിൽ എത്തുവാൻ കഴിയും.

അഞ്ഞൂറിലധികം പേർക്കു താമസിക്കുവാൻ സൗകര്യമുള്ള ഹോസ്റ്റലിൽ കോളേജ് കുമാരികളും അപൂർവ്വമായി ഗവണ്മെന്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥകളും താമസിക്കുന്നു. നല്ല ഭക്ഷണവും സുരക്ഷിതമായ വാസസൗകര്യവുമുള്ളതുകൊണ്ട് മുറികൾക്ക് എപ്പോഴും തിരക്കായിരിക്കും. അടുത്തുള്ള പല ഹോസ്റ്റൽ മുറികളും കാലിയായിക്കിടക്കുമ്പോൾ അവിടെ പുതുതായി വരുന്നവർക്കു സ്ഥലം ഒരിക്കലും കിട്ടാറില്ല. അതുകൊണ്ട് ആ ഹോസ്റ്റലിൽ ഒരു മുറി കിട്ടുവാൻ ഉന്നതന്മാരുടെ കത്തുകൾ ആവശ്യമായി വന്നിരുന്നു.

കാർ ഹോസ്റ്റലിന്റെ വാതിൽക്കലെത്തി.എല്ലാ മുറിയിലും ലൈറ്റുകൾ തെളിഞ്ഞിരുന്നു. അതിൽ താമസിച്ചിരുന്ന യുവതികൾ പരിഭ്രാന്തരായി വാതിൽക്കൽ നിന്നിരുന്നു. ഗെയ്റ്റിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു. കാർ അകത്തുകടന്നു. പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാർ അവിടെ സന്നിഹിതരായിരുന്നു. മൃതശരീരം കിടന്നിരുന്ന മുറിയുടെ വാതിൽക്കൽ ആളുകൾ കൂടി നിൽക്കാതിരിക്കുവാൻ ശ്രദ്ധിച്ചിരുന്നതുകൊണ്ടു ചീഫിനും ഡിറ്റക്ടീവ് പുഷ്പരാജിനും മുറിക്കുള്ളിൽ കയറുവാൻ ബുദ്ധിമുട്ടേണ്ടിവന്നില്ല. സ്ഥലം സർക്കിൾ ഇൻസ്പെക്ടർ അദ്ദേഹത്തെ സ്വീകരിച്ചു. അവർ സുഹൃത്തുക്കളായിരുന്നു.

“എങ്ങനെയാണ് സംഭവം?” ചീഫ് തിരക്കി.

“വളരെ യാദൃശ്ചികമായിട്ടാണു സംഭവം നടന്ന വിവരം അറിയാൻ ഇടയായത്. ഈ മുറിയിൽ താമസിച്ചിരുന്ന യുവതിയും അടുത്ത മുറിയിൽ താമസിച്ചിരുന്ന യുവതിയും സുഹൃത്തുക്കളാണ്. ആ നിൽക്കുന്നതാണ് അവർ. അവരെ ഇങ്ങോട്ടു വിളിക്കാം. അവരിൽനിന്ന് അറിയുന്നതല്ലേ കൂടുതൽ നല്ലത്… സിസ്റ്റർ ഇങ്ങോട്ടൊന്നുവരൂ…” സർക്കിൾ ഇൻസ്പെക്ടർ വിളിച്ചു. ആ സ്ത്രീ ആകെ പരിഭ്രമിച്ചിരുന്നു.

“എന്താണുണ്ടായത്…? പറയൂ. ഇവർകൂടി ഒന്നു കേൾക്കട്ടെ…വിഷമിക്കേണ്ട… ധൈര്യമായിരിക്കു…” ഇൻസ്പെക്ടർ അവരെ സമാധാനിപ്പിച്ചു.

“ഈ മുറിയിൽ താമസിക്കുന്ന ആലീസും ഞാനും കൂട്ടുകാരാണ്. രണ്ടു ദിവസമായി ഞാൻ സ്ഥലത്തിലായിരുന്നു. ക്രിസ്മസ് ലീവു (പമാണിച്ചു നാട്ടിൽ പോയിരുന്നു. ഇവിടെ വന്നിട്ടു രണ്ടു മണിക്കൂറിൽ അധികമായില്ല. ട്രെയിൻ ലേറ്റായതുകൊണ്ടാണു താമസിച്ചത്. വന്നയുടനെ ഞാൻ ക്രിസ്മസിനു വീട്ടിൽ ഉണ്ടാക്കിയ പലഹാരവുമായി ആലീസിനെ വിളിക്കുവാൻ വാതിൽക്കലെത്തി. ഒന്നുരണ്ടുതവണ വാതിലിൽ മുട്ടി…”

“ഇല്ലായിരുന്നു. പക്ഷേ വാതിൽ പുറത്തുനിന്നും താഴിട്ടിരുന്നില്ല. അതുകൊണ്ട് ഉറങ്ങുകയായിരിക്കുമെന്നു കരുതി ഞാൻ വാതിൽ ഒന്നു കടി ശക്തിയായി മുട്ടി. വാതിൽപാളി അകത്തേക്കു നീങ്ങി. വാതിൽ തുറന്നുകിടക്കുകയാണെന്ന് അറിഞ്ഞപ്പോൾ ഞാൻ തള്ളിത്തുറന്ന് അകത്തു കടന്നു. ഒന്നുരണ്ടു തവണ വിളിച്ചു. അതിനുശേഷം ലൈറ്റ് ഓൺ ചെയ്തു. കട്ടിലിൽ ആലീസാണു കമഴ്ന്നു കിടക്കുന്നതെന്നു തോന്നി ഞാൻ അടുത്തു ചെന്നു. തോളിൽ തട്ടിവിളിച്ചു. അനക്കമില്ല. ഞാൻ തിരിച്ചിട്ടു. ഞാൻ ഞെട്ടി നിലവിളിച്ചുപായി. എന്റെ കൈയിലിരുന്ന പലഹാരപ്പൊതി താഴെ വീണു. ഞാൻ ഓടി പുറത്തുവന്നു ബഹളംകൂട്ടി.” അവർ ഒരു കഥപോലെ പറഞ്ഞു.

“നിങ്ങൾ വീട്ടിൽ പോകുമ്പോൾ ആലീസ് ഇവിടെ ഉണ്ടായിരുന്നുവോ?” പുഷ്പരാജ് തിരക്കി.

“ഉണ്ടായിരുന്നു. ആലീസ് ആണ് എന്നെ ട്രെയിൻ കയറ്റി വിട്ടത്.”

“ഈ മരിച്ചുകിടക്കുന്ന സ്ത്രീ?”

“ഇത് ആലീസ് അല്ല.”

മരിച്ചുപോയ സ്ത്രീയെ അറിയുമോ എന്ന് പുഷ്പരാജ് അന്വേഷിച്ചു. ഇല്ല എന്ന് വത്സമ്മ വർഗ്ഗീസ് എന്ന് പേരുള്ള ആ സ്ത്രീ മറുപടി പറഞ്ഞു. മരിച്ച സ്ത്രീക്ക് ആലിസുമായി ബന്ധം ഉണ്ടോ എന്ന ചോദ്യത്തിനും അറിയില്ല എന്ന മറുപടിയാണ് കിട്ടിയത്.

മൃതദേഹത്തിന്റെ തെളിവെടുപ്പുകൾ നടത്തിയതിനു ശേഷം പുഷ്പരാജ് പുറത്തു വന്നു.

രാത്രിയിൽ തന്നെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ പുഷ്പരാജ് ആവശ്യപ്പെട്ടു. ശേഷം ഇൻക്വസ്റ്റ് തയ്യാറാക്കാൻ മേട്രന്റെ മുറിയിലേക്ക് പോയി. മേരിയമ്മ ഏബ്രഹാം എന്നാണ് മേട്രന്റെ പേര്. വേണ്ട വിവരങ്ങളെല്ലാം പുഷ്പരാജ് അവരോടായി ചോദിച്ചു മനസ്സിലാക്കി.

അവർ സംസാരിച്ചുകൊണ്ടു നിന്നപ്പോൾ ഒരു കാർ പടിക്കലെത്തി.

“മുതലാളി വരുന്നു.” ഗെയ്റ്റിനപ്പുറത്തുനിന്ന് ആരോ വിളിച്ചു പറയുന്ന ശബ്ദം കേട്ടു.

റോഡിൽ ചേർത്തു നിർത്തിയശേഷം മിസ്റ്റർ ഫ്രാൻസിസ് അകത്തേക്കുകടന്നുവന്നു. വരാന്തയിൽ കത്തിനിന്നിരുന്ന ട്യൂബുലൈറ്റിന്റെ വെളിച്ചത്തിൽ അദ്ദേഹം ചീഫിനെ കണ്ടു.

“ഞാൻ ഇവിടെയില്ലായിരുന്നു. ബോംബെയിൽ നിന്ന് ഇപ്പോൾ വന്നതേയുള്ളൂ. വീട്ടിൽ വന്നപ്പോൾ വിവരം അറിഞ്ഞു.” ഫ്രാൻസിസ് പറഞ്ഞു.

ഫ്രാൻസിസിനു നഗരത്തിലും അതുപോലെ കോളജുകളോടു ചേർന്നുമായി പത്തിലധികം ഹോസ്റ്റലുകളുണ്ട്. അദ്ദേഹത്തിന്റെ പ്രധാന ബിസ്സിനസ് അതാണെന്നുതന്നെ പറയാം. മാസത്തിൽ നല്ലൊരു തുക ആ ഇനത്തിൽ അദ്ദേഹത്തിനു ലഭിക്കുമെങ്കിലും ഫ്രാൻസിസ് അതു പൊതുജനത്തിന് ഉപകാരപ്രദമായ ഒരു ബിസ്സിനസ്സായി മാത്രം കണക്കാക്കിയിരുന്നു. മറ്റു ഹോസ്റ്റലുകളെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ താമസസൗകര്യം കൂടുതലും അതോടൊപ്പം ചെലവു കുറവുമായിരുന്നു. അതിൽ കൂടുതലും ലേഡീസ് ഹോസ്റ്റലുകൾ ആയിരുന്നു.

“വരൂ. നമുക്ക് അകത്തിരുന്നു സംസാരിക്കാം.” ചീഫിന് ഫ്രാൻസിസിനെ മുമ്പുതന്നെ പരിചയമുണ്ടായിരുന്നു. അവർ ഓഫീസ് മുറിയിൽ ഇരുന്നു. ഫ്രാൻസിസിനോട് ഹോസ്റ്റലിലേക്കുറിച്ചുള്ള ബാഹ്യമായ വിവരങ്ങൾ എല്ലാം പുഷ്പരാജ് ചോദിച്ചു മനസിലാക്കി.

മരണമടഞ്ഞ യുവതി ഈ ഹോസ്റ്റലിലെ താമസക്കാരിയല്ല. അതേ സമയം അവിടെ ആ മുറിയിൽ താമസിക്കുന്ന ആലീസ് എന്ന പെൺകുട്ടിയെ കാണാനും ഇല്ല. ഇതായിരുന്നു എല്ലാരേയും അലട്ടുന്ന ചിന്ത. പുഷ്പരാജ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം കഴിയാതെ ആ അപരിചിത ആരെന്നു വ്യകതമാക്കാൻ കഴിയില്ലായിരുന്നു.

അവിടെ താമസിച്ചിരുന്ന മറ്റു വിദ്യാർത്ഥികളിൽ ചിലരെയും പുഷ്പരാജ് ചോദ്യം ചെയ്തു.

ശേഷം അന്വേഷണങ്ങളുടെ ഘട്ടം ആരംഭിച്ചു. മൃതദേഹത്തിൽ നിന്നും ഒരു കത്ത് കണ്ടെത്തുകയുണ്ടായി. സ്വയം ആത്മഹത്യാ ചെയ്തേയാണെന്നു വരുത്തി തീർക്കാൻ കൊലയാളി ചെയ്തതാണെന്ന് പുഷ്പരാജിന് വ്യക്തമായി.

പോസ്റ്റുമോർട്ടം റിപ്പോർട്ട് എപ്പോൾ ലഭിക്കും?” പുഷ്പരാജ് മാത്യുവിനോടു ചോദിച്ചു.

“ഡോക്ടർ ഓഫ് ഫോറൻസിക് മെഡിസിൻ മിസ്റ്റർ ജയനാണ്. കഴിവതും വേഗം റിപ്പോർട്ട് കൊടുത്തയക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. പോസ്റ്റുമോർട്ടം നാളെ രാവിലെ നടത്തും. മൃതശരീരം ഐസിൽ സൂക്ഷിച്ചിട്ടുണ്ട്.

ശേഷം പുഷ്പരാജ് ഹോട്ടൽ മുറിയിലേക്ക് വരുകയും വിശ്രമത്തിനായി കിടക്കുകയും ചെയ്യുന്നു. അപ്പോഴും മനസ്സിൽ നടന്ന സംഭവങ്ങൾ അലയടിച്ചുകൊണ്ടിരുന്നു. ഉറങ്ങാനായി കണ്ണുകളടച്ചപ്പോൾ ഒരു സ്ത്രീയുടെ ശബ്ദം കേട്ട് പുഷ്പരാജ് അടുത്തുള്ള മുറിയിലെ വാതിലിൽ മുട്ടി വാതിൽ തുറക്കാതെ വന്നപ്പോൾ അത് തുറന്ന് അകത്തേക്ക് പ്രവേശിച്ചു. ഭയചകിതയായി ഒരു സ്ത്രീയെ കണ്ടുമുട്ടുകയും ശേഷം അവരെ ഉപദ്രവിക്കാൻ വന്നവരെ ബലം പ്രയോഗിച്ചു അകറ്റുകയും ചെയ്യുന്നു. ശേഷം ആ സ്ത്രീയോട് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.

അവൾ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. പേര് എമിലി എന്നും പറഞ്ഞു. അവൾ തുറന്നു പറഞ്ഞ കാര്യങ്ങളിൽ ഫ്രാൻസിസ് എന്ന വ്യക്തിയുടെ പരാമർശം ഉണ്ടായിരുന്നു. എമിലിയെ ഡോക്ടർ ആക്കാമെന്നു പറഞ്ഞു കപട നാട്യം നടിച്ചിട്ട് ഇപ്പോൾ എമിലി ഒരു ബാർ ഡാൻസർ ആണെന്നും ഇത്തരത്തിൽ പല പെൺകുട്ടികളെയും ചതിയിൽ പെടുത്തുന്നുണ്ടെന്നുമുള്ള സത്യം അവൾ വെളിപ്പെടുത്തി.

എമിലി പറഞ്ഞതിനെക്കുറിച്ചു നേരിലൊരന്വേഷണം നടത്തണം എന്നിട്ടേ കാര്യങ്ങൾക്കു ഒരു തിരശീല വീഴു എന്ന് പുഷ്പരാജ്  മനസ്സിൽ ഉറപ്പിച്ചു. ശേഷം എമിലി പറഞ്ഞ വസ്തുതകൾ മുൻനിർത്തി അന്വേഷണം ആരംഭിച്ചു.

രഘു എന്ന ഹോട്ടൽബോയി പുഷ്പരാജിനോടു വളരെ സ്വാതന്ത്യത്തോടെ പെരുമാറുന്ന ഒരു ചെറുപ്പക്കാരനായിരുന്നു. പുഷ്പരാജ് ഒരു കുറ്റാന്വേഷകൻ ആണെന്ന് അവൻ അറിഞ്ഞിരുന്നു. കോളജിന്റെ പടി കടക്കാൻ യോഗമുണ്ടായിരുന്ന അവൻ മലയാളത്തിലെ പ്രശസ്ത കുറ്റാന്വേഷണ നോവലുകൾ വായിച്ചിട്ടുണ്ട്. അവനെ ആ നോവലുകൾ വളരെയധികം സ്വാധീനിച്ചിട്ടുമുണ്ട്. പലപ്പോഴും ഹോട്ടലുകളിൽ എന്തെങ്കിലും അനാശാസ്യ പ്രവർത്തനങ്ങൾ നടന്നാൽ അവൻ വളരെ രഹസ്യമായി പോലീസ് അധികാരികളെ അറിയിക്കാറുണ്ട്. ഒരിക്കൽ നാലുവർഷങ്ങൾക്കു മുമ്പു നടന്ന ഒരു കള്ളക്കടത്തു സംഘത്ത പിടികൂടുവാൻ അവൻ പുഷ്പരാജിനെ സഹായിച്ചിട്ടുണ്ട്. അന്നുമുതലാണ് അവർ തമ്മിൽ പരിചയപ്പെട്ടത്. രഘു തത്സമയ വിവരങ്ങൾ നൽകി പുഷ്പരാജിനെ സഹായിച്ചിരുന്നു.

ഇതിനിടയിൽ മൃതദേഹം കാണ്മാനില്ല എന്ന വിവരവുമായി ഡോക്ടർ ജയൻ വിളിച്ചു. ഇതിനെതുടർന്ന് ഹോസ്പിറ്റൽ ജോലിക്കാരായ തങ്കമ്മയെയും ഗോപിയെയും ചോദ്യം ചെയ്തു. മൃതദേഹം രാത്രിയിൽ വന്നു കടത്തിക്കൊണ്ട് പോയതായി തെളിവെടിപ്പിലൂടെ മനസ്സിലാക്കി.

ശേഷം അന്വേഷണങ്ങൾ പുനഃരാരംഭിച്ചു. കാണാതായ ആലിസിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ പുഷ്പരാജ് ഹോസ്റ്റലിൽ വന്നു മേട്രന്റെ സഹായത്തോടെ ഫയലുകൾ പരിശോധിച്ചു. ആലിസ് നൽകിയിരുന്ന മേൽവിലാസവും ജോലിചെയ്തിരുന്നു എന്ന് പറഞ്ഞിരുന്ന കമ്പനയും കളവാണെന്ന് അതോടെ തെളിഞ്ഞു.

ശേഷം എമിലിയുമായി കണ്ടുമുട്ടുകയും ഒരു അജ്ഞാത കേന്ദ്രത്തിൽ അന്വേഷണങ്ങൾക്കായി പോകുകയും ചെയ്യുന്നു. അവിടെ നടക്കുന്നതെല്ലാം കപട നാടകമാണെന്നു മനസ്സിലാക്കിയ പുഷ്പരാജ് അവിടെ വച്ചു ആലിസിനെ കണ്ടെത്തുകയും സത്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു.

ഈ സമയം സംശയാസ്പദമായി ഒരാളെ കണ്ടതായി രഘു പുഷ്പരാജിന് വിവരം നൽകുകയും അയാളെ വീക്ഷിക്കാൻ രഘുവിന് നിർദ്ദേശം നല്കുകയും ചെയ്യുന്നു. അജ്ഞാത കേന്ദ്രത്തിൽ നിന്ന് കണ്ടെടുത്ത ആളെ പുഷ്പരാജ് ചോദ്യം ചെയ്യുകയും രഘു സംശയാസ്പദമായി കണ്ടെത്തിയ ആളെ ഫോട്ടോയിലുടെ തിരിച്ചറിയുകയും ചെയ്യുന്നു. അയാളുടെ തലമുടി ഒരു പ്രത്യേക രീതിയിലുള്ളതാണ്. തടിച്ച ഫ്രെയിമുള്ള കണ്ണട. വലതു കവിളിലെ മറുക് ഇതൊക്കെ അയാളുടെ നിഗൂഢതയെ വിളിച്ചറിയിക്കുന്നുണ്ട്. അയാൾക്കു ചില വിദേശ ഏജന്റുമാരുമായി ബന്ധമുണ്ട്. അയാൾ പുറത്തേക്കു ധാരാളം പെൺകുട്ടികളെ ജോലിക്കായി അയയ്ക്കുന്നുണ്ട്. മുൻപറഞ്ഞ ലേഡീസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പല യുവതികളും ഇപ്രകാരം പുറംരാജ്യങ്ങളിലേക്കു പോയിട്ടുണ്ട്. കൂടുതലും ഗൾഫ് രാജ്യങ്ങളിലേക്കാണ്. കോളേജ് വിദ്യാഭ്യാസത്തിനായി ഹോസ്റ്റലിൽ വന്നിട്ടുള്ള പല സ്ത്രീകളും ഇങ്ങനെ പോയിട്ടുണ്ട്.

നിഗൂഢതകളുടെ ചുരുലഴിച്ചുകൊണ്ട് പുഷ്പരാജ് കേസിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഫ്രാൻസിസ് എന്ന ഹോസ്റ്റൽ മുതലാളിയെ കാണാൻ ആണ് പോകുന്നത്. എമിലിയെയും കൂടെ കൂടുന്നു ആ യാത്രയിൽ ശേഷം അപ്പോൾതന്നെ അവർ ഫ്രാൻസിസിന്റെ  വീട്ടിലേക്കു യാത്രയായി. ഫ്രാൻസിസ് അവരെ പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു. ബോംബെയിലേക്ക് യാത്ര തിരിക്കാനായി ഒരുങ്ങി നിൽക്കുന്ന ഫ്രാൻസിസ് ഇവരെ വരവേൽക്കുകയും സംസാരിക്കുകയും ചെയ്യുന്നു. ഇതേ സമയം പുഷ്പരാജ് സംശയാസ്പദമായി കണ്ടെത്തിയ ആളുടെ ഫോട്ടോ ഫ്രാൻസിസിനെ കാണിക്കുകയും അത് ആരാണെന്നു അന്വേഷിക്കുകയും ചെയ്യുന്നു. അറിയില്ല എന്ന മറുപടിയുമായി ഫ്രാൻസിസ് പോകാൻ തിരക്ക് കൂട്ടി. എമിലിയെ പുഷ്പരാജിന്റെ ഭാര്യയായിയാണ് ഫ്രാൻസിസിനെ പരിചയപ്പെടുത്തിയത്.

പുഷ്പരാജിന്റെ നീക്കങ്ങൾ എന്തെന്ന് അറിയാതെ എമിലി ആശ്ചര്യപ്പെട്ടു നിന്നു. ശേഷം പുഷ്പരാജ് ഹോസ്റ്റലിലേക്ക് പോയി. ആൾതാമസം ഇല്ലായിരുന്നു അവിടെ കാരണം മരണം നടന്നതിനാൽ താമസിച്ചിരുന്ന ആളുകൾ മറ്റു താമസയിടങ്ങളിലേക്കു പോയി. ഹോസ്റ്റൽ പൂട്ടി കിടക്കുകയാണ്. ഈ സന്ദർഭത്തിലാണ് പുഷ്പരാജ് അവിടേക്കു പോകാൻ തയ്യാറെടുത്തത്.

രാത്രി പതിനൊന്ന് അമ്പത്. നഗരം ഉറങ്ങുവാൻ തയ്യാറെടുത്തു. മരണം നടന്ന ലേഡീസ് ഹോസ്റ്റലിന്റെ പരിസരത്തുള്ള സ്ഥാപനങ്ങൾ എല്ലാംതന്നെ അടച്ചു കഴിഞ്ഞിരുന്നു. ആ പ്രദേശം മുഴുവൻ ഇരുളിൽ ആണ്ടിരുന്നു. എല്ലാം നിശബ്ദം. ലേഡീസ് ഹോസ്റ്റലിന്റെ മതിൽക്കെട്ടിനുള്ളിൽ വളർന്നുനിന്നിരുന്ന വൃക്ഷങ്ങൾ ചലിക്കാതെ നിന്നു.

ഡിറ്റക്ടീവ് പുഷ്പരാജ് ഹോസ്റ്റലിന്റെ കിഴക്കുവശത്തുള്ള മതിൽക്കെട്ടിൽനിന്നും പുറത്തേക്കു ചാഞ്ഞുകിടന്നിരുന്ന വൃക്ഷക്കൊമ്പുവഴി അകത്തുകടന്നു സാവധാനം അദ്ദേഹം ഹോസ്റ്റലിന്റെ വരാന്തയിൽ എത്തി. തന്റെ കാൽപ്പെരുമാറ്റം കേൾക്കാതിരിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഗോവണിപ്പടി ചവിട്ടി അദ്ദേഹം മുകളിൽ എത്തി. മുകളിലത്തെ നിലയിലുള്ള ഇടനാഴിയിൽകൂടി അദ്ദേഹം നടന്നു. ഒരു മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ വാതിൽപ്പാളിയുടെ ഇടയിൽ കൂടി പുറത്തേക്കു വെളിച്ചം നേരിയ തോതിൽ പ്രവഹിക്കുന്നതു കണ്ടു. വാതിൽക്കലെത്തി അദ്ദേഹം അകത്തേക്കു നോക്കി.

നാലുപേർ അകത്തിരുന്ന് സംസാരിക്കുന്നുണ്ട്.

അതിൽ ഉയരം കൂടിയ ആൾ പിന്തിരിഞ്ഞിരിക്കുകയാണ്. പുഷ്പരാജ് വാതിലിൽ തട്ടി.

പെട്ടെന്ന് നാലുപേരും എണീറ്റു.

അതിൽ ഒരാൾ വാതിൽക്കലേക്കു വന്നു.

വാതിൽ തുറന്നു.

“നിങ്ങളെ ഞാൻ അറസ്റ്റ് ചെയ്തിരിക്കുന്നു. ആരും നിൽക്കുന്ന നില്പിൽനിന്ന് ചുവടനക്കരുത്. അനക്കിയാൽ ആരും പിന്നീട് നടക്കുകയില്ല.”

“നിങ്ങൾ ആര്?” അതിൽ മദ്ധ്യവയസ്കനായ ആൾ ചോദിച്ചു.

“എന്നെ ഫ്രാൻസിസിനു മനസ്സിലായില്ലേ?” പുഷ്പരാജ് തലയിൽ ഘടിപ്പിച്ചിരുന്ന വിഗ്ഗ് മാറ്റി.

“ഡിറ്റക്ടീവ് പുഷ്പരാജ്!” മദ്ധ്യവയസ്കന്റെ അധരം ചലിച്ചു.

“താങ്കൾ അവരെ ബന്ധിക്കൂ.” പിന്നിൽനിന്നു എമിലിയുടെ ശബ്ദം പുഷ്പരാജ് കേട്ടു. അവൾ തോക്കും കൈയിലേന്തി നിൽക്കുന്നു.

പുഷ്പരാജ് മുറിക്കുള്ളിൽ കയറി. നാലുപേരും അദ്ദേഹത്തിനു കീഴടങ്ങി. അഞ്ചുമിനിട്ടിനുള്ളിൽ അദ്ദേഹം ഏർപ്പാടു ചെയ്തതനുസരിച്ചു പോലീസ് സ്ഥലത്തെത്തി.

“ഫ്രാൻസിസ് ആണ് ഇതിന്റെ പിന്നിലെന്നു താങ്കൾക്കെങ്ങനെ മനസ്സിലായി?” രണ്ടു ദിവസം കഴിഞ്ഞ് ചീഫ് പുഷ്പരാജിനോടു ചോദിച്ചു.

“ഫ്രാൻസിസിനെ ഞാൻ ആദ്യംതന്നെ നോട്ടമിട്ടതാണ്. അവിടെ മരണം നടന്ന ദിവസം ഫ്രാൻസിസ് സ്ഥലത്തുതന്നെ ഉണ്ടായിരുന്നു. ബോംബെയിൽ നിന്നു വന്നുവെന്നു പറഞ്ഞത് കളവായിരുന്നു. അപ്പോൾ മുതൽ ഫ്രാൻസിസ് എന്റെ നോട്ടപ്പുള്ളിയായിരുന്നു. ആ സ്ഥാപനം യഥാർത്ഥത്തിൽ ഒരു പെൺവാണിഭകേന്ദ്രമായിരുന്നു. അവിടെ താമസിച്ചിരുന്ന പല യുവതികളും വിദേശത്തേക്കു പോയിട്ടുണ്ട്. അവരെയൊക്കെ വൻതുകയ്ക്ക് കൈമാറ്റം ചെയ്യുകയാണു ചെയ്തത്. മരണമടഞ്ഞ യുവതി ബോംബെയിൽനിന്നും ചാടിപ്പോന്നതാണ്. അവളെ വധിച്ചില്ലെങ്കിൽ കള്ളി വെളിച്ചതാകുമെന്ന് മുതലാളിക്കറിയാമായിരുന്നു.”

“ഹോസ്റ്റലിൽവച്ചു വധിക്കുവാനുള്ള കാരണമെന്താണ്?” ചീഫ് തിരക്കി.

“മരണമടഞ്ഞശേഷം രഹസ്യമായി അവിടെ നിന്നു നീക്കുവാനാണു പ്ലാനിട്ടത്. പക്ഷേ കൂടെ താമസിച്ചിരുന്ന വത്സമ്മയാണ് കുഴപ്പം ഉണ്ടാക്കിയത്. അവരാണ് വിവരം പുറത്തറിയിച്ചത്. ആ ഹോസ്റ്റലിൽ ഇതിനു മുമ്പും മരണം നടന്നിട്ടുണ്ട്. അതൊക്കെ നടത്തിയത് വാച്ചർ ആയിരുന്നു. വാച്ചറിൽ നിന്നും രഹസ്യം പുറത്തു പോകാതിരിക്കുവാൻ വേണ്ടിയാണ് അയാളെ കൊലപ്പെടുത്തിയത്. വാച്ചർ മരണമടഞ്ഞ വിവരം ഫോൺ ചെയ്തത് ആലീസ് ആയിരുന്നു. യുവതിയുടെ മരണത്തിന് പ്രസക്തി നഷ്ടപ്പെടുത്തുവാനും കുറ്റം വാച്ചറിൽ ചുമത്തുവാനും ആയിരുന്നു അവർ പ്ലാൻ ചെയ്തത്. ഫ്രാൻസിസ് ബോംബെയിൽ നടത്തുന്ന ഹോസ്റ്റലിൽനിന്നും യുവതികൾ കാണാതായിട്ടുണ്ട്. മൃതശരീരം ആശുപ്രതിയിൽനിന്ന് നീക്കം ചെയ്ത പോലീസിനെ കബളിപ്പിക്കാനാണ് ഫ്രാൻസിസ് ശ്രമിച്ചത്. അതു ബംഗ്ലാവിൽനിന്നും നാം കണ്ടെടുത്തില്ലേ? മോർച്ചറിയുടെ വാതിലിൽ പറ്റിപ്പിടിച്ചിരുന്ന ഫ്രാൻസിസിന്റെ വിഗ്ഗിൽനിന്നും പൊഴിഞ്ഞ തലമുടി അയാൾക്കെതിരെയുള്ള ഒരു തെളിവാണ്. രാത്രികാലങ്ങളിൽ ഫ്രാൻസിസ് വിഗ്ഗ് ഉപയോഗിച്ചു വേഷം മാറിയാണ് നടന്നിരുന്നത്. ആലീസ് മാപ്പുസാക്ഷിയാകാമെന്ന് സമ്മതിച്ചിട്ടുണ്ടല്ലോ. അവൾ നമുക്കു ലഭിച്ച ഒന്നാമത്തെ സാക്ഷിയാണ്. എന്നാൽ മേട്രന് അവിടെയുള്ള യാതൊരു രഹസ്യങ്ങളും അറിഞ്ഞുകൂടായിരുന്നു.”

അങ്ങനെ പ്രമാദമായ ആ കേസിനു തിരശ്ശീല വീണു.

 

‘ലേഡീസ് ഹോസ്റ്റലിലെ മരണം’ എന്ന നോവൽ വായിക്കാനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക

www.amazon.in/ലേഡീസ്-ഹോസ്റ്റലിലെ-Malayalam-Kottayam-Pushpanath-ebook/dp/B093L4N2HQ

Leave a Reply

Your email address will not be published. Required fields are marked *

0